സ്വന്തം ലേഖകന്‍: ട്രംപിനെ അഭയാര്‍ഥി കുടുംബങ്ങളെ വേര്‍പിരിക്കല്‍ നയത്തിന്റെ ഇരകളായി ഭിന്നശേഷിക്കാരനായ ഇന്ത്യന്‍ ബാലനും അമ്മയും. ഇന്ത്യക്കാരായ ഇവര്‍ മെക്‌സിക്കോ വഴി അമേരിക്കയിലേയ്ക്ക് കുടിയേറാന്‍ ശ്രമിക്കുമ്പോഴാണ് പിടിക്കപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ വച്ച് പിടിക്കപ്പെട്ട ഇവരെ സെപ്പറേഷന്‍ പോളിസി പ്രകാരം സുരക്ഷാ ജീവനക്കാര്‍ വേര്‍പ്പെടുത്തുകയായിരുന്നു.
അഹമ്മദാബാദ് സ്വദേശിനിയായ 33കാരി ഭവന്‍ പട്ടേലാണ് പിടിക്കപ്പെട്ട ഇന്ത്യക്കാരി. മകനെ വിട്ടുകിട്ടുവാനായി അരിസോണ കോടതിയെ സമീപിച്ചിരിക്കുകയാണ് ഇവര്‍. ഇമിഗ്രേഷന്‍ കോടതിയില്‍ തീര്‍ത്തും ദയനീയമായാണ് ഭവന്‍ പട്ടേലിന്റെ ഇരുപ്പെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അഹമ്മദാബാദില്‍ രാഷ്ട്രീയ വേട്ടയാടലില്‍ നിന്നും രക്ഷതേടിയാണ് ഇവര്‍ ഗ്രീസ് വഴി മെക്‌സിക്കോയിലേക്കും അവിടെ നിന്നും യുഎസ് അതിര്‍ത്തിയും കടന്നതെന്നാണ് അറ്റോണി വാദിക്കുന്നത്.
സെപ്പറേഷന്‍ പോളിസിയില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ ബാലനും ഉള്‍പ്പെട്ട വിവരം പുറത്ത് വരുന്നത്. യുഎസ് അതിര്‍ത്തി അനധികൃതമായി കടക്കുന്ന കുടിയേറ്റക്കാര്‍ക്കെതിരെയാണ് ട്രംപ് ഭരണകൂടം ശക്തമായ നടപടി സ്വീകരിക്കുന്നത്. എന്നാല്‍ ഇതിന്റെ പേരില്‍ രക്ഷിതാക്കളെയും കുട്ടികളെയും വേര്‍പ്പെടുത്തുന്ന ട്രംപിന്റെ നയം വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
ഇതുമൂലം 2300 കുട്ടികളാണ് ഇത്തരത്തില്‍ കുടുംബത്തില്‍ നിന്നും വേര്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ട്രംപിന്റെ ഭാര്യയും മകളും അടക്കമുള്ള പ്രമുഖര്‍ പോളിസിക്കെതിരെ രംഗത്തെത്തിയിരുന്നു ഒടുവില്‍ മാതാപിതാക്കളില്‍ നിന്നും കുട്ടികളെ വേര്‍പ്പെടുത്തില്ലെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. എങ്കിലും മാതാപിതാക്കളില്‍ നിന്നും വേര്‍പ്പെടുത്തിയ കുട്ടികളെ ഇതു വരെ കൃത്യമായി തിരികെ എത്തിക്കാന്‍ നടപടികള്‍ ആയിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല