1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 5, 2020

സ്വന്തം ലേഖകൻ: അധികാരത്തിലേറിയ ശേഷമുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനത്തില്‍ ഒരു വ്യാപാര പാക്കേജിന് അന്തിമ തീരുമാനമായേക്കുമെന്ന് സൂചന. ഈ മാസം മൂന്നാമത്തെ ആഴ്ച നടക്കുന്ന സന്ദര്‍ശനത്തില്‍ മെഡിക്കല്‍ ഉപകരണങ്ങളുടെയും കാര്‍ഷിക ഉല്‍പ്പന്നങ്ങളെയും കേന്ദ്രീകരിച്ചുള്ള പാക്കേജ് പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

യുഎസ് വ്യാപാര പ്രതിനിധി റോബര്‍ട്ട് ലൈറ്റ്‌ഹൈസര്‍ അടുത്തയാഴ്ച നടത്തുന്ന ദില്ലി സന്ദര്‍ശനത്തിന് ശേഷമായിരിക്കും പാക്കേജിന് അന്തിമ രൂപം നല്‍കുക. സന്ദര്‍ശനത്തില്‍ വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍ ഉള്‍പ്പെടെയുള്ളവരുമായി അദ്ദേഹം ചര്‍ച്ച നടത്തും. ട്രംപും മോദിയും പങ്കെടുക്കുന്ന ഒരു പൊതു പരിപാടിയായാണ് സന്ദര്‍ശനത്തിന്റെ മറ്റൊരു പ്രത്യേകത. എന്നാല്‍ ദില്ലിക്ക് പുറമേ മറ്റേതെങ്കിലും സ്ഥലങ്ങള്‍ ട്രംപ് സന്ദര്‍ശിക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഫെബ്രുവരി 21നും ഫെബ്രുവരി 24നും ഇടയില്‍ ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വ്യാപാര പാക്കേജില്‍ കര്‍ഷകരുടെയോ ചില്ലറ വ്യാപാരികളുടെയോ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി ഒരു തരത്തിലുള്ള തീരുമാനവുമെടുക്കില്ലെന്ന് വിദഗ്ധര്‍ പറയുന്നു. ഫെബ്രുവരി ഒന്നാം തിയതി അവതരിപ്പിച്ച ബജറ്റിലും ഇതേ നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. കാര്‍ഷിക ഉല്‍പന്നങ്ങളായ പാലുല്‍പ്പന്നങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങളായ കാല്‍മുട്ട് ഇംപ്ലാന്റുകള്‍, സ്റ്റെന്റുകള്‍ എന്നിവയുള്‍പ്പെടെയുള്ളവ ഇന്ത്യന്‍ വിപണിയില്‍ നിന്നും ഇറക്കുമതി ചെയ്യാനാണ് അമേരിക്ക പദ്ധതിയിടുന്നത്. കയറ്റുമതി ചെയ്യുന്ന പ്രധാനപ്പെട്ട ഉല്‍പ്പന്നങ്ങള്‍ക്കുള്ള താരിഫ്, താരിഫ് ഇതര തടസ്സങ്ങള്‍ ഇന്ത്യം നീക്കം ചെയ്യണമെന്നും അമേരിക്ക ആവശ്യപ്പെടുന്നു.

അമേരിക്കയില്‍ നിന്ന് കൂടുതല്‍ എണ്ണയും വാതകവും വാങ്ങാന്‍ ഇന്ത്യ സന്നദ്ധമാണെന്നും ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നും ഇന്ത്യന്‍ ഉദ്യോഗസ്ഥരില്‍ ഒരാള്‍ പറഞ്ഞു. ട്രംപിന്റെ സന്ദര്‍ശന വേളയില്‍ ഇന്ത്യ ദീര്‍ഘകാല ദ്രവീകൃത പ്രകൃതിവാതക ഇടപാടുകള്‍ ചര്‍ച്ച ചെയ്യുമെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.