1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 30, 2017

സ്വന്തം ലേഖകന്‍: ‘മദ്ധ്യ പൂര്‍വേഷ്യയില്‍ നിരവധി ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്’, മുസ്ലീം നിരോധനത്തെ ന്യായീകരിച്ച് ട്രംപ്. അതുകൊണ്ട് തന്നെ ഈ ഭയം ഇനിയും തുടരാന്‍ അനുവദിക്കാന്‍ കഴിയില്ല എന്നും ട്രംപ് പറഞ്ഞു. മുസ്‌ലിം വിരുദ്ധ നീക്കങ്ങളെ തുടര്‍ന്നുണ്ടായ വന്‍ പ്രതിഷേധക്കടലിനെ നേരിടുന്നതിനിടെയാണ് പുതിയ പ്രസ്താവനയുമായി ട്രംപ് എത്തിയത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

അതോടൊപ്പം ഏഴ് മുസ്ലിം രാജ്യങ്ങള്‍ക്കെതിരെ കഴിഞ്ഞദിവസം കൊണ്ടുവന്ന ഉത്തരവ് മുസ്ലിങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തലല്ലെന്നും ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഒപ്പുവെച്ച ഉത്തരവ് അന്താരാഷ്ട്ര തലത്തില്‍ വന്‍ വിവാദമാവുകയും ഇതിനെതിരെ വിവിധ രാജ്യങ്ങള്‍ പ്രതിഷേധം അറിയിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ട്രംപ് വിവാദ ഉത്തരവിനെ ന്യായീകരിച്ചത്.

അധികാരത്തിലെത്തി ഒരാഴ്ച്ചയ്ക്കുള്ളില്‍ എടുത്ത ഈ നടപടിക്കെതിരെ ന്യൂയോര്‍ക്ക് ഉള്‍പ്പടെ യുഎസിന്റെ വിവിധ ഭാഗങ്ങളിലെ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പലയിടങ്ങളിലും വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധക്കാര്‍ ട്രംപിനെതിരെയുള്ള മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമായി ഒത്തുകൂടി. അതിനിടെ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎസില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത് ജില്ലാ കോടതി താത്കാലികമായി സ്റ്റേ ചെയ്തു.

ട്രംപിന്റെ ഉത്തരവിനെ തുടര്‍ന്ന് ഇറാഖ്, യെമന്‍ എന്നിവിടങ്ങളില്‍ നിന്ന് കൃത്യമായ രേഖകളുമായി രാജ്യത്തെത്തിയവരെ വിമാനത്താവളങ്ങളില്‍ തടയാന്‍ ആരംഭിച്ചിരുന്നു. ഇതിനെതിരെ അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ നല്‍കിയ ഹര്‍ജിയില്‍ ബ്രൂക്ക്‌ലൈന്‍ കോടതി ജഡ്ജി ഡോണല്ലി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. കോടതി ഉത്തരവ് വന്നതിന് ശേഷവും ചില വിമാനത്താവളങ്ങളില്‍ അഭയാര്‍ത്ഥികളെ തടയുന്നതായും റിപ്പോര്‍ട്ടുണ്ട്.

മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയില്‍ പ്രവേശനം വിലക്കിയ ഡൊണള്‍ഡ് ട്രംപ് ഈ പട്ടികയില്‍ നിന്ന് തനിക്ക് വ്യവസായമുള്ള രാജ്യങ്ങളെ ഒഴിവാക്കി. തീവ്രവാദ ഭീഷണി രൂഷമായിട്ടും ട്രംപിന് പ്രത്യേക വ്യവസായിക താത്പര്യങ്ങളുള്ള രാജ്യങ്ങളെ പട്ടികയില്‍ നിന്ന് ബോധപുര്‍വം ഒഴിവാക്കിയതായാണ് ആരോപണം. ഈജിപത് ഉള്‍പ്പെടെയുള്ള രാജ്യങ്ങളെയാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. തീവ്രവാദ ഭീഷണി നിലനില്‍ക്കുന്ന തുര്‍ക്കിയില്‍ നിന്നുള്ളവര്‍ക്കും യാത്രാവിലക്കില്ല. തുര്‍ക്കി തലസ്ഥാനമായ ഇസ്താംബുളില്‍ ട്രംപിന് വ്യവസായ സംരംഭങ്ങളുണ്ട്.

ഇതിന് പിന്നില്‍ ട്രംപിന്റെ വ്യവസായ താല്‍പ്പര്യങ്ങളുണ്ടെന്നാണ് യു.എസ് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ട്രംപിന് ബിസിനസ് സംരംഭങ്ങളുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരെ യാത്രാ വിലക്കില്‍ നിന്ന് ഒഴിവാക്കിയത് ചുണ്ടിക്കാട്ടി ബരാക് ഒബാമയുടെ എത്തിക്‌സ് അഡ്‌വൈസറായിരുന്ന നോം ഈസന്‍ രംഗത്തെത്തിയിരുന്നു. ബിസിനസ് താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ട്രംപിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്നും ഇതിനെ കോടതിയില്‍ ചോദ്യം ചെയ്യുമെന്നും ഈസന്‍ ട്വീറ്റ് ചെയ്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.