1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 29, 2017

സ്വന്തം ലേഖകന്‍: മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെ വിലക്കാനുള്ള ട്രംപിന്റെ തീരുമാനം ഹൃദയഭേദകമെന്ന് നൊബേല്‍ ജേതാവ് മലാല യൂസഫ്‌സായി. ചില മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളെ തടയാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ തീരുമാനം ഹൃദയഭേദകമെന്ന് പാകിസ്താനി വിദ്യാര്‍ത്ഥി പ്രവര്‍ത്തകയും നൊബേല്‍ സമ്മാന ജേതാവുമായ മലാല യൂസഫ്‌സായി പ്രസ്താവിച്ചു. ലോകത്തെ ഏറ്റവും അശരണായവരെ അമേരിക്കന്‍ പ്രസിഡന്റ് കൈയ്യൊഴിയരുതെന്ന് പ്രസ്താവനയില്‍ മലാല ട്രംപിനോട് അഭ്യര്‍ത്ഥിച്ചു.

അക്രമത്തില്‍ നിന്നും യുദ്ധങ്ങളില്‍ നിന്നും രക്ഷനേടിയെത്തുന്നവര്‍ക്ക് നേരെ വാതില്‍ കൊട്ടിയടക്കാനുള്ള ട്രംപിന്റെ നടപടി എന്റെ ഹൃദയം തകര്‍ത്തു. അനിശ്ചിതത്വം നിലനില്‍ക്കുന്ന ഇത്തരം സാഹചര്യത്തില്‍ കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമെതിരെ പുറം തിരിഞ്ഞ് നില്‍ക്കരുതെന്ന് ട്രംപിനോട് അപേക്ഷിക്കുന്നെന്നും മലാല പ്രസ്താവനയില്‍ പറഞ്ഞു.

അഭയാര്‍ഥികളെയും കുടിയേറ്റക്കാരെയും മികച്ച രീതിയില്‍ സ്വീകരിച്ചിരുന്ന സംസ്‌കാരമാണ് അമേരിക്കയ്ക്കുള്ളത്. നിങ്ങളുടെ രാജ്യം പടുത്തുയര്‍ത്തുന്നതിന് സഹായിക്കാന്‍ അവര്‍ തയ്യാറാണ്. എത്ര കഠിനാധ്വാനം ചെയ്തിട്ടാണെങ്കിലും ജീവിക്കാനുള്ള ഒരവസരത്തിനായാണ് അവര്‍ എത്തുന്നതെന്നും മലാല പറഞ്ഞു.

ദേശീയ സുരക്ഷയ്ക്ക് ഭീക്ഷണിയാണെന്ന് കരുതുന്ന സിറിയ, ഇറാന്‍, ഇറാഖ്, ലിബിയ, യെമന്‍, സുഡാന്‍, സൊമാലിയ തുടങ്ങിയ മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം താത്കാലികമായി വിലക്കുന്നതിനുള്ള ഉത്തരവിലാണ് ട്രംപ് കഴിഞ്ഞ ദിവസം ഒപ്പുവെച്ചത്.

ഉത്തരവ് പ്രകാരം ഇറാഖ്, ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, സിറിയ, യെമന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ത്ഥികളെ അടുത്ത 120 ദിവസത്തേക്ക് യു.എസ് സ്വീകരിക്കില്ല. 30 ദിവസത്തേക്ക് ഈ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റ, കുടിയേറ്റേതര വിസാ അപേക്ഷകളിന്മേലുള്ള എല്ലാ ഇമിഗ്രേഷന്‍ നടപടികളും നിര്‍ത്തിവെക്കാനുമാണ് ഉത്തരവില്‍ പറയുന്നത്.

നേരത്തെ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ട്രംപിന്റെ തീരുമാനത്തില്‍ ആശങ്ക രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.