1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 2, 2017

സ്വന്തം ലേഖകന്‍: ട്രംപിന്റെ മുസ്ലീം വിലക്ക്, എതിര്‍പ്പുമായി യുഎന്‍, ട്രംപ് യൂറോപ്പിന് ഭീഷണിയെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ്. ഏഴു മുസ്‌ലീം രാജ്യങ്ങള്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടിയെ എതിര്‍ത്ത് ഐക്യരാഷ്ട്രസഭ രംഗത്ത്. അമേരിക്കയുടെ നന്മക്കായുള്ള നടപടിയായി ഇതിനെ കണക്കാക്കാനാവില്ലെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

ആഫ്രിക്കന്‍ ഉച്ചകോടിക്കായി എത്യോപ്യയിലെത്തിയ ഗുട്ടെറസ് മാധ്യമങ്ങളെ അഭിസംബോധന ചെയ്യവെയാണ് നിലപാട് വ്യക്തമാക്കിയത്. അമേരിക്കയെന്നല്ല ഒരു രാജ്യവും ഇത്തരം തീരുമാനങ്ങള്‍ കൈക്കൊള്ളരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുടിയേറ്റ നിരോധനം സംബന്ധിച്ച അമേരിക്കന്‍ തീരുമാനം പുനപരിശോധിക്കണമെന്നും ഗുട്ടെറസ് അഭിപ്രായപ്പെട്ടു. ഇറാക്ക്, സിറിയ,സുഡാന്‍, ഇറാന്‍, ലിബിയ, സൊമാലിയ, യമന്‍ എന്നീ ഏഴു രാജ്യങ്ങള്‍ക്കാണ് ട്രംപ് വിലക്കേര്‍പ്പെടുത്തിയത്.

ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് പരസ്യ പ്രതികരണവുമായി ഐക്യരാഷ്ട്രസഭാ തലവന്‍ രംഗത്തെത്തിയത്. അതിനിടെ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യൂറോപ്പിന്റെ നിലനില്‍പ്പിന് ഭീഷണിയാണെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് പ്രസ്താവിച്ചു. യൂണിയനിലെ 27 അംഗരാജ്യങ്ങള്‍ക്ക് എഴുതിയ കത്തിലാണ് ട്രംപ് ഭരണകൂടത്തെ യൂറോപ്യന്‍ യൂണിയന് ഭീഷണിയായ വെല്ലുവിളികളുടെ പട്ടികയില്‍ ടസ്‌ക് പെടുത്തിയത്.

റഷ്യ, ചൈന, ഇസ്ലാം മൗലികവാദികള്‍ എന്നിവയാണ് പട്ടികയിലെ മറ്റു ഭീഷണികള്‍. ട്രംപ് ഭരണകൂടം കഴിഞ്ഞ 70 വര്‍ഷത്തെ അമേരിക്കയുടെ വിദേശനയത്തെ അപകടപ്പെടുത്തുമെന്നാണ് തോന്നുന്നതെന്ന് ടസ്‌ക് പറയുന്നു. വെല്ലുവിളികള്‍ക്ക് എതിരെ രാഷ്ട്രീയ ഐക്യമുണ്ടാക്കാന്‍ അദ്ദേഹം ആഹ്വാനംചെയ്തു. യൂറോപ്യന്‍ യൂണിയന്റെ ഭാവി തീരുമാനിക്കാന്‍ അംഗരാജ്യങ്ങളുടെ തലവന്മാര്‍ അടുത്തയാഴ്ച മാള്‍ട്ടയില്‍ യോഗം ചേരാനിരിക്കെയാണ് ടസ്‌കിന്റെ കത്ത്.

നാറ്റോ പഴകിപ്പോയെന്നും യൂറോപ്യന്‍ യൂണിയന്‍ ജര്‍മനിക്കു വേണ്ടിയുള്ളതാണെന്നും ട്രംപ് പറഞ്ഞത് നേരത്തെ വന്‍ വിവാദമായിരുന്നു. തെരേസാ മേയുടെ യുഎസ് സന്ദര്‍ശന വേളയില്‍ ട്രംപ് ബ്രെക്‌സിറ്റിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചതും യൂറോപ്യന്‍ യൂണിയന് കല്ലുകടിയായി. അതേസമയം മുസ്ലീങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്കിനെതിരെ അമേരിക്കക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തമാകുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.