1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 31, 2019

സ്വന്തം ലേഖകൻ: സിറിയന്‍ അതിര്‍ത്തിയിലെ ഒളിത്താവളത്തില്‍ ഐ.എസ് തലവന്‍ അബൂബക്കര്‍ ബാഗ്ദാദിയെ കണ്ടെത്താന്‍ യു.എസ് കമാന്‍ഡോകളെ സഹായിച്ച നായയെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആദരിച്ചിരുന്നു. അമേരിക്കന്‍ ഹീറോ എന്ന അടിക്കുറിപ്പോടെ നായയെ മെഡല്‍ അണിയിക്കുന്ന ചിത്രം ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഈ ചിത്രം വ്യാജമാണെന്ന് തെളിയിക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.

വിയറ്റ്‌നാം യുദ്ധത്തില്‍ പത്ത് പേരുടെ ജീവന്‍ രക്ഷിച്ച ആര്‍മി തലവന്‍ ജെയിംസ് മക്‌ക്ലൊഖാനെ ട്രംപ് 2017ല്‍ മെഡല്‍ അണിയിച്ച് ആദരിച്ചിരുന്നു. ഈ ചിത്രത്തില്‍നിന്ന് ജെയിംസിനെ മാറ്റി, ബാഗ്ദാദി വേട്ടയിലെ നായയെ എഡിറ്റ് ചെയ്താണ് ട്രംപ് പുതിയ ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നതെന്ന് ദ വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ‘നിങ്ങളുടെ ധീരതയെ ഞങ്ങള്‍ ആദരിക്കുന്നു’ എന്ന് പറഞ്ഞായിരുന്നു അന്ന് ട്രംപ് ജെയിംസിനെ ആദരിച്ചത്.

വ്യാജ ചിത്രത്തിന് ‘അമേരിക്കന്‍ ഹീറോ’ എന്നാണ് ട്രംപ് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. ബാഗ്ദാദിയെ കണ്ടെത്താന്‍ യു.എസ് കമാന്‍ഡോകളെ സഹായിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് ഈ നായയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ബാഗ്ദാദിയെ കൊലപ്പെടുത്താനെത്തിയ യു.എസ് സൈന്യത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട പെന്റഗണും ട്രംപും നായയുടെ പേര് വെളിപ്പെടുത്താന്‍ തയ്യാറായില്ലെങ്കിലും ട്രംപിന്റെ ട്വീറ്റോടെ സോഷ്യല്‍മീഡിയയില്‍ താരമായിരിക്കുകയാണ് ഈ നായ.

അസോസിയേറ്റഡ് പ്രസ് ആണ് ട്രംപ് ജെയിംസിന് മെഡല്‍ അണിയിച്ച് നല്‍കുന്ന ചിത്രം പകര്‍ത്തിയിരിക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ ഉറവിടം വ്യക്തമാക്കാതെയും ആദ്യമുണ്ടായിരുന്നത് മറച്ചുവെച്ചുമാണ് ട്രംപ് നായയെ എഡിറ്റ് ചെയ്ത ട്വീറ്റ് ചെയ്തിരിക്കുന്നത്. ഫോട്ടോ വിവാദമായെങ്കില്‍ വാഷിങ്ടണ്‍ വക്താക്കള്‍ ഇതില്‍ പ്രതികരിച്ചിട്ടില്ല. ജെയിംസും ഇതുവരെ പ്രതികരണമൊന്നും രേഖപ്പെടുത്തിയിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.