1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 28, 2017

സ്വന്തം ലേഖകന്‍: ട്രംപിന്റെ വിസാ നയത്തിലെ മുസ്ലീം വിരുദ്ധത, ഓസ്‌കര്‍ പുരസ്‌കാര ചടങ്ങ് ബഹിഷ്‌ക്കരിക്കുന്നതായി പ്രശസ്ത ഇറാനിയന്‍ നടി. ട്രംപിന്റെ വിസാ നയത്തോടുള്ള പ്രതിഷേധ സൂചകമായി ഓസ്‌കാര്‍ പുരസ്‌കാര ചടങ്ങില്‍ താന്‍ പങ്കെടുക്കില്ലെന്ന് ഇറാനിയന്‍ നടി തരാനെ അലിദൂസ്തി പ്രഖ്യാപിച്ചു. ഓസ്‌കാറിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുള്ള ദ സെയില്‍സ്മാന്‍ എന്ന ഇറാനിയന്‍ ചിത്രത്തിലെ നായികയാണ് തരാനെ.

ഇറാനികള്‍ക്ക് വിസ അനുവദിക്കില്ലെന്ന ട്രംപിന്റെ നിലപാട് വംശീയ വിവേചനമാണെന്നും. സാംസ്‌കാരിക പരിപാടിയായാണെങ്കില്‍ കൂടി ഓസ്‌കാര്‍ പുരസ്‌കാര ചടങ്ങ് താന്‍ ബഹിഷ്‌ക്കരിക്കുകയാണെന്നും തരാനെ ട്വിറ്ററില്‍ കുറിച്ചു. അസ്‌കര്‍ ഫര്‍ഹാദി സംവിധാനം ചെയ്ത ദ സെയില്‍സ്മാന്‍ വിദേശ ഭാഷാ ചിത്രങ്ങളുടെ വിഭാഗത്തിലാണ് മത്സരത്തിനുള്ളത്. 2012ല്‍ അസ്‌കറിന്റെ ‘എ സെപറേഷന്‍’ എന്ന ചിത്രത്തിന് ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ചിരുന്നു.

മുസ്ലീം ഭൂരിപക്ഷമുള്ള രാജ്യങ്ങളിലുള്ളവര്‍ക്ക് അമേരിക്കയിലേക്ക് വിസ നല്‍കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തുമെന്നതാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. ഇറാന്‍, സിറിയ, സൊമാലിയ, ലിബിയ, സുഡാന്‍, യെമന്‍ എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് നിയന്ത്രണം ഏറ്റവും കൂടുതല്‍ ബാധമാകുന്നത്.

ഇത് സംബന്ധിച്ച് ഉത്തരവ് അടുത്ത ദിവസം തന്നെ ട്രംപ് ഒപ്പ് വയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. ഓസ്‌കാര്‍ പുരസ്‌കാരദാന ചടങ്ങുകള്‍ എല്ലാ വര്‍ഷങ്ങളിലും പ്രതിഷേധങ്ങള്‍ക്കു വേദിയാകാറുണ്ട്. കഴിഞ്ഞവര്‍ഷം ജാദ പിങ്കെറ്റ് സ്മിത്ത്, സ്‌പൈക്ക് ലീ തുടങ്ങിയവര്‍ ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.