1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 29, 2023

സ്വന്തം ലേഖകൻ: തടസ്സങ്ങളും പ്രതിബന്ധങ്ങളും പിരിമുറുക്കമേറ്റിയ 17 ദിവസത്തെ തീവ്രമായ രക്ഷാപ്രവർത്തനങ്ങൾക്ക് വഴിത്തിരിവായത് റാറ്റ്‌ഹോൾ മൈനിങ്. ഓഗർ യന്ത്രത്തിന്റെ ബ്ലേഡുകൾ തുരങ്കത്തിൽ കുടുങ്ങിയതിനുപിന്നാലെ ലക്ഷ്യത്തിന് പത്തുമീറ്റർ അകലെ നവംബർ 25-ന് സമാന്തര ഡ്രില്ലിങ്‌ നിർത്തിവെച്ചു. ഇതോടെ സാഹചര്യത്തിൽ കുത്തനെയുള്ള തുരക്കലും യന്ത്രസഹായത്തോടെയല്ലാതെ കൈകൊണ്ടുള്ള തുരക്കലും മാത്രമായിരുന്നു പോംവഴികളെന്ന് അന്താരാഷ്ട്ര ടണലിങ്‌ വിദഗ്ധൻ അർനോൾഡ് ഡിക്‌സ് വ്യക്തമാക്കിയിരുന്നു.

ഓഗർ യന്ത്രം ഉപയോഗിച്ചുള്ള ഡ്രില്ലിങ്‌ അവസാനിച്ചപ്പോൾ ബാക്കിയുണ്ടായിരുന്ന പത്തുമുതൽ 12 മീറ്റർവരെ യന്ത്രങ്ങളുടെ സഹായമില്ലാതെ സമാന്തരമായി തുരക്കുകയെന്ന വെല്ലുവിളിയാണ് റാറ്റ്‌ഹോൾ മൈനേഴ്‌സ് ഏറ്റെടുത്തത്. മലയുടെ മുകളിൽനിന്ന് താഴേക്കുള്ള 82 മീറ്റർ ലംബമായി ഡ്രിൽ ചെയ്യുന്ന ദൗത്യം ആരംഭിച്ചതിനു പിന്നാലെയാണ് റാറ്റ് മൈനിങ്‌ ആരംഭിച്ചത്. തിങ്കളാഴ്ച തുടങ്ങിയ റാറ്റ്‌ഹോൾ മൈനിങ്‌ പ്രതീക്ഷിച്ചതിലും വേഗത്തിലാണ് ചൊവ്വാഴ്ച ഉച്ചയോടെ, ബാക്കിയുണ്ടായിരുന്ന പ്രതിബന്ധങ്ങൾ തുരന്നുനീക്കിയത്.

വെർട്ടിക്കൽ ഡ്രില്ലിങ്ങും ഇതോടൊപ്പം വേഗത്തിൽ പുരോഗമിച്ചിരുന്നു. ചൊവ്വാഴ്ച വൈകീട്ടോടെ വെർട്ടിക്കൽ ഡ്രില്ലിങ്‌ 45 മീറ്റർ പൂർത്തിയാക്കിയെന്ന് ഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിൽ ദേശീയ ദുരന്തനിവാരണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. തുരങ്കത്തിലെ രക്ഷാപ്രവർത്തനങ്ങളുടെ അന്തിമഘട്ടത്തിൽ പങ്കുചേർന്ന റാറ്റ്‌ഹോൾ മൈനിങ്‌ തൊഴിലാളികൾ രക്ഷാദൗത്യത്തിൽ പ്രധാന പങ്കുവഹിച്ചതായി ദേശീയ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ സയീദ് അത് ഹസ്‌നൈൻ പറഞ്ഞു.

അവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടന്നിരുന്ന ഇരുമ്പുപാളികൾ റെക്കോഡ്‌ വേഗത്തിലാണ് അവർ മുറിച്ചുനീക്കിയത്. പിന്നാലെ ഓഗർ മെഷീൻ ഉപയോഗിച്ച് ഉരുക്കുകുഴലുകൾ അകത്തേക്ക്‌ തള്ളിയാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ രക്ഷാപ്രവർത്തനം 55.3 മീറ്റർ പൂർത്തിയാക്കിയത്. തുരങ്കത്തിൽനിന്ന് ആശുപത്രിയിലേക്കുള്ള 35 കിലോമീറ്റർ ആംബുലൻസുകൾക്ക് സഞ്ചരിക്കാൻ ഉദ്യോഗസ്ഥർ നേരത്തേതന്നെ സജ്ജമാക്കിയിരുന്നു. 41 തൊഴിലാളികൾക്കും പ്രത്യേകം ആംബുലൻസുകളാണ് തുരങ്കമുഖത്ത് സജ്ജീകരിച്ചിരുന്നത്.

രണ്ടരയടി വ്യാസമുള്ള കുഴലുകളില്‍പ്പോലും നുഴഞ്ഞുകടന്ന് മണ്ണുതുരന്ന് അഞ്ചുമുതല്‍ 100 മീറ്റര്‍വരെ ആഴത്തിലുള്ള തുരങ്കങ്ങള്‍ നിര്‍മിക്കുന്നവരാണ് റാറ്റ്ഹോള്‍ മൈനേഴ്സ്. എലികള്‍ തുരക്കുന്ന രീതിയിലാണ് ദുര്‍ഘടംപിടിച്ച മേഖലകളില്‍ ഇവര്‍ തുരന്നിറങ്ങുന്നത്. അതുകൊണ്ടുതന്നെയാണ് റാറ്റ് ഹോള്‍ മൈനേഴ്‌സ് എന്ന് വിളിക്കുന്നത്. അത്യന്തം അപടകരമായ ഈ തുരക്കല്‍രീതി 2014-ല്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ നിരോധിച്ചെങ്കിലും പലപ്പോഴും രക്ഷാമാര്‍ഗം തുറക്കാന്‍ ഉത്തരേന്ത്യയില്‍ ഇവരുടെ പങ്ക് നിര്‍ണായകമാണ്.

സില്‍കാര തുരങ്കത്തിലെ തടസ്സങ്ങള്‍ നീക്കിയ റാറ്റ്ഹോള്‍ മൈനേഴ്സാണ് കഴിഞ്ഞ രണ്ടുദിവസമായി രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കിയത്. ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍നിന്നെത്തിയ പ്രസാദി ലോദി, രാകേഷ് രാജ്പുത്, ബാബു ദാമര്‍, ഭൂപേന്ദ്ര രാജ്പുത്, ജൈത്രാം രാജ്പുത്, സൂര്യ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഓഗര്‍ യന്ത്രം പണിമുടക്കിയതിനുശേഷമുള്ള പത്തുമീറ്റര്‍ യന്ത്രത്തിന്റെ സഹായമില്ലാതെ. കൈക്കരുത്തുകൊണ്ട് തുരന്നുനീക്കിയത് ഈ ആറംഗസംഘമാണ്.

കല്‍ക്കരിഖനനത്തിനും മറ്റ് വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ക്കുമാണ് റാറ്റ് ഹോള്‍ മൈനേഴ്‌സിനെ പതിവായി ഉപയോഗിക്കുന്നത്. 2014 മുതല്‍ നിരോധനമുണ്ടെങ്കിലും ഇപ്പോഴും അനധികൃതമായി കല്‍ക്കരിഖനികളില്‍ ഇവരെ നിയോഗിക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന്റെ അടിയന്തരസ്വഭാവം പരിഗണിച്ചാണ് ഇവരെ ദൗത്യത്തിന്റെ ഭാഗമായി വിന്യസിച്ചതെന്ന് ദേശീയ ദുരന്തനിവാരണസേനയിലെ ഉദ്യോഗസ്ഥര്‍ ഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.