
സ്വന്തം ലേഖകൻ: തുർക്കി പ്രസിഡന്റായി തയ്യിപ്പ് എർദോഗൻ സത്യപ്രതിജ്ഞ ചെയ്തു. രണ്ടു പതിറ്റാണ്ടായി പ്രധാനമന്ത്രിയായും പ്രസിഡന്റായും തുർക്കി ഭരിക്കുന്ന എർദോഗൻ കഴിഞ്ഞ മാസം 28നു നടന്ന തെരഞ്ഞെടുപ്പിൽ അധികാരം നിലനിർത്തുകയായിരുന്നു. തലതിരിഞ്ഞ നയങ്ങളിലൂടെ തകർന്ന സാന്പത്തികവ്യവസ്ഥയും അന്‍പതിനായിരത്തിലധികം പേർ മരിച്ച ഭൂകന്പവും എർദോഗന്റെ ജനപ്രീതിയിൽ കാര്യമായ ഇടിവുണ്ടാക്കിയിട്ടില്ലെന്നു തെളിയിക്കുന്നതായിരുന്നു തെരഞ്ഞെടുപ്പ്. അദ്ദേഹത്തിന്റെ എകെ പാർട്ടി പാർലമെന്റിലും ഭൂരിപക്ഷം നേടിയിട്ടുണ്ട്.
69 വയസുള്ള എർദോഗൻ തുർക്കിയിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരിക്കുന്ന നേതാവാണ്. 2003 മുതൽ 2014 വരെ രണ്ടുവട്ടം പ്രധാനമന്ത്രിയായിരുന്നു. 2014 മുതൽ ഇതു മൂന്നാം തവണയാണ് പ്രസിഡന്റാകുന്നത്. 1994 മുതൽ 1988 വരെ ഇസ്താംബുൾ മേയറുമായിരുന്നു.
സന്പദ്വ്യസ്ഥയുടെ പുനരുജ്ജീവനും ഫെബ്രുവരിയിലെ ഭൂകന്പത്തിൽ തകർന്ന പ്രദേശങ്ങളുടെ പുനർനിർമാണവുമാണ് ആഭ്യന്തരതലത്തിൽ എർദോഗനു മുന്നിലുള്ള വെല്ലുവിളി. തുർക്കിയിലെ പണപ്പെരുപ്പനിരക്ക് നാല്പതു ശതമാനത്തിനു മുകളിലാണ്. കോവിഡ് കാലത്ത് മറ്റു രാജ്യങ്ങൾ പലിശനിരക്ക് ഉയർത്തിയപ്പോൾ എർദോഗൻ നേർവിപരീതമായി നിരക്കു കുറച്ചതാണ് ഇതിനു കാരണമെന്നു പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല