1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 16, 2020

സ്വന്തം ലേഖകൻ: തീവ്ര ദേശീയതയിലൂടെ തുര്‍ക്കിയെ പരുവപ്പെടുത്താന്‍ എര്‍ദൊഗാന്‍ ശ്രമം നടത്തവെ സര്‍ക്കാര്‍ നീക്കങ്ങളെ പാളിച്ചയിലാക്കി തുര്‍ക്കി യുവത്വം. ജൂണ്‍ മാസം അവസാനം ഇതിന്റെ ഒടുവിലത്തെ സൂചനയും തുര്‍ക്കിയില്‍ നിന്നും വന്നു. പ്രസിഡന്റിന്റെ ഓഫീസ് സംഘടിപ്പിച്ച ലൈംവ് സ്ട്രീം പരിപാടിയില്‍ എര്‍ദൊഗാന്‍ രാജ്യത്തെ യുവജനങ്ങള അഭിസംബോധന ചെയ്തു സംസാരിക്കുകയുണ്ടായി.

ഇതിന്റെ യുട്യൂബ് വീഡിയോക്ക് താഴെ എര്‍ദൊഗാനെതിരെ വന്‍ പ്രതിഷേധമാണ് തുര്‍ക്കി യുവജനം പ്രകടിപ്പിച്ചത്. നോ വോട്ട് ഫോര്‍ യു എന്ന് തുര്‍ക്കി ഭാഷയില്‍ എഴുതിയ ഹാഷ്ട് ട്രെന്‍ഡിംഗായി. 422,000 ഡിസ്ലൈക്കുകളാണ് വീഡിയോക്ക് ലഭിച്ചത്. 123,000 ലൈക്ക് മാത്രമാണ് വീഡിയോക്കുള്ളത്. നെഗറ്റീവ് കമന്റുകള്‍ വര്‍ധിച്ചതോടെ എര്‍ദൊഗാന്റെ സോഷ്യല്‍ മീഡിയ ടീം കമന്റ് സെക്ഷന്‍ ഓഫ് ചെയ്യേണ്ടി വന്നു. കഴിഞ്ഞ കുറച്ചു നാളുകളായി തുര്‍ക്കിയിലെ ട്വിറ്ററില്‍ നോ വോട്ട് ഫോര്‍ യു എന്ന ഹാഷ്ടാഗ് ട്രെന്‍ഡിംഗാണ്.

ഈ സംഭവത്തിനു ശേഷം രാജ്യത്തെ സാമൂഹ്യ മാധ്യമങ്ങള്‍ അതിരുകടക്കുന്നെന്നും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും എര്‍ദൊഗാന്‍ പ്രഖ്യാപിക്കുകയും ചെയ്തു.

കുറഞ്ഞ വിദ്യാഭ്യാസ സാധ്യതകളില്‍ തുര്‍ക്കി യുവത്വം നിരാശരാണെന്നാണ് നിരീക്ഷകര്‍ പറയുന്നത്. അതോടൊപ്പം തന്നെ കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് പരീക്ഷ നാലു തവണയോളം മാറ്റി വെച്ചതും രാജ്യത്തെ വിദ്യാര്‍ത്ഥികളെ പ്രകോപിരാക്കുന്നുണ്ട്.

‘എര്‍ദൊഗാന്റെ തീവ്ര ദേശീയതയോടും വികസിത രാജ്യങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുന്ന നയത്തോടും അവര്‍ക്ക് എതിര്‍പ്പുണ്ട്. പുതു തലമുറയിലെ മിക്കവര്‍ക്കും എര്‍ദൊഗാന്‍ ദേശീയതാ വ്യക്തിത്വത്തില്‍ മടുപ്പായിട്ടുണ്ടെന്ന് പറയുന്നത് യുക്തി രഹിതമാവില്ല,’ തുര്‍ക്കിയിലെ പബ്ലിക് ലോ പ്രൊഫസറായ ലെവന്റ് കൊകെര്‍ അല്‍ മോണിറ്ററിനോട് പറഞ്ഞു.

അതേ സമയം തുര്‍ക്കി യുവത്വത്തെ കൈയ്യിലെടുത്താലേ ഭരണത്തുടര്‍ച്ചയുള്ളൂവെന്ന് എര്‍ദൊഗാനറിയാം. ഇത് മനസ്സില്‍ കണ്ട് കൊണ്ട് എര്‍ദൊഗാന്‍ ചില പദ്ധതികളും നടത്തിയിരുന്നു.

2012 മുതല്‍ രാജ്യത്ത് മതവിശ്വാസികളായ തലമുറയെ വളര്‍ത്താന്‍ വേണ്ടി എര്‍ദൊഗാന്‍ നീക്കം നടത്തിയിരുന്നു. രാജ്യത്തെ മതവിദ്യാഭ്യാസത്തിനായി കോടിക്കണക്കിന് രൂപ ചെലവഴിച്ചു. മത പഠനത്തിന്റെ ഭാഗമായി ഇമാം ഹതിപ് സെക്കന്ററി സ്‌കൂളുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിപ്പിച്ചു. ഈ വിദ്യാഭാസം ചെറിയ കുട്ടികള്‍ക്കും നല്‍കി. സാധാരണ പബ്ലിക് സ്‌കൂളുകളില്‍ മതപഠനത്തിനായി നീക്കി വെച്ചിരിക്കുന്ന മണിക്കൂറുകളുടെ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ തുര്‍ക്കി യുവത്വത്തിനിടയില്‍ ഈ മതപഠന കേന്ദ്രങ്ങള്‍ കാര്യമായ സ്വാധീനം ചെലുത്തിയില്ല.അടുത്തിടെ രാജ്യത്ത് നടത്തിയ ഒരു സര്‍വേയില്‍ രാജ്യത്തെ മതവിശ്വസം കുറഞ്ഞു വരുന്നതായി ഫോറിന്‍ പോളിസി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

2018 ല്‍ രാജ്യത്തെ ദേശീയ വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിച്ച വര്‍ക് ഷോപ്പില്‍ ഇമാം സ്‌കൂളിലെ വലിയൊരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ഇസ്ലാമിനെ ചോദ്യം ചെയ്തിരുന്നു.

ഇതോടൊപ്പം തന്നെ വലിയ രീതിയില്‍ മതപഠനം നേടുന്നത് തങ്ങളുടെ കുട്ടികളെ പഠനത്തില്‍ പിന്നാലാക്കുമെന്ന് രക്ഷിതാക്കള്‍ ഭയപ്പെടുന്നുമുണ്ട്.

യൂണിവേഴ്‌സിറ്റി സിസ്റ്റത്തില്‍ എര്‍ദൊഗാന്റെ ഇടപെടല്‍ കൂടി വരുന്നതും ഇവരെ ആശങ്കപ്പെടുത്തുന്നുണ്ട്. എല്ലാ പൊതു, സ്വകാര്യ യൂണിവേഴ്‌സിറ്റികളിലും അധികൃതരെ നിയമിക്കാന്‍ എര്‍ദൊഗാന് അധികാരമുണ്ട്. ഇത് ഉന്നത സ്ഥാനത്ത് വിദ്യാഭ്യാസ യോഗ്യത കുറഞ്ഞ അധികൃതര്‍ എത്തുന്നതിന് കാരണമാവുന്നുണ്ടെന്നും വിമര്‍ശനവുമുണ്ട്.

ഉന്നത വിദ്യാഭ്യാസം വിദേശ രാജ്യങ്ങളില്‍ നിന്നും മാത്രമേ ലഭിക്കൂ എന്നാണ് മിക്ക യുവാക്കളും ചിന്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം തുര്‍ക്കിയിലെ തൊഴിലില്ലായ് നിരക്ക് 27 ശതമാനമായിരുന്നു.

ഇതിനു പുറമെ രാജ്യത്തെ യാഥാസ്ഥിതികരില്‍ നിന്നും വ്യത്യസ്തമായി തുര്‍ക്കി യുവത്വം എല്ലാ വൈവിധ്യങ്ങളെയും ഉള്‍ക്കൊള്ളുന്നവരാണെന്നും പഠനം വ്യക്തമാക്കുന്നു. ഫോറിന്‍ പോളിസിയുടെ റിപ്പോര്‍ട്ട് പ്രകാരം 2018 ല്‍ നടത്തിയ സര്‍വേയില്‍ രാജ്യത്തെ യുവാക്കള്‍ എല്ലാ മത, വംശ വ്യത്യാസങ്ങളെയും ഉള്‍ക്കൊള്ളുന്നവരാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സ്വവര്‍ഗാവനുരാഗ സമൂഹത്തോടും ഇവര്‍ക്ക് അനുകൂല നയമാണ്.് 10 വര്‍ഷം മുമ്പുള്ള തലമുറയിലെ ആളുകളുമായി താരതമ്യം ചെയ്താണ് സര്‍വേ നടത്തിയത്.

അതേ സമയം എര്‍ദൊഗാന്റെ നീക്കങ്ങള്‍ പൂര്‍ണമായും പിഴച്ചു എന്നു പറയാനും പറ്റില്ല. രാജ്യത്തെ ന്യൂന പക്ഷ വംശമായ കുര്‍ദുകള്‍ക്കെതിരെയായ മനോഭാവം അടുത്തിടെ രാജ്യത്ത് കൂടിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.