
സ്വന്തം ലേഖകൻ: ഭൂകമ്പം വൻനാശം വിതച്ച തുർക്കിയിലെ തീരനഗരമായ ഇസ്മിറിൽ മരിച്ചവരുടെ എണ്ണം 28 ആയി. ഗ്രീക്ക് ദ്വീപായ സാമോസിൽ 2 പേരാണു മരിച്ചത്. ഇസ്മിറിൽ 885 പേർക്കു പരുക്കേറ്റതായി തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗൻ വ്യക്തമാക്കി. 15 പേരുടെ നില ഗുരുതരമാണ്. 180ൽ അധികം പേർ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ അകപ്പെട്ടതായി കരുതുന്നു. നൂറു കണക്കിനു തുടർചലനങ്ങൾ രക്ഷാപ്രവർത്തനങ്ങളെ ബാധിച്ചു.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് തുർക്കിയുടെ എയ്ജിയൻ തീരത്തിനും ഗ്രീക്ക് ദ്വീപായ സാമോസിനുമിടയിൽ ശക്തമായ ഭൂകമ്പമുണ്ടായത്. തുർക്കിയിലെ മൂന്നാമത്തെ വലിയ നഗരമായ ഇസ്മിറിലേക്ക് സൂനാമിക്കു സമാനമായി കടൽ ഇരച്ചുകയറുകയായിരുന്നു. 20ലേറെ ബഹുനില കെട്ടിടങ്ങൾ നിലംപൊത്തി.
5000ൽ പരം സേനാംഗങ്ങളാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. നൂറോളം പേരെ രക്ഷപ്പെടുത്തി. 18 മണിക്കൂറിനു ശേഷവും സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെ ജീവനോടെ പുറത്തെടുക്കാനായത് പ്രതീക്ഷ പകരുന്നു. തുടർചലനങ്ങൾ ഭയന്നു രാത്രി മുഴുവൻ ജനങ്ങൾ തെരുവിലും ടെന്റുകളിലുമാണ് കഴിച്ചുകൂട്ടിയത്. സാമോസിലെ തുറമുഖ നഗരമായ വതി കടൽവെള്ളത്തിൽ മുങ്ങി. ഇവിടെ 19 പേർക്കു പരുക്കേറ്റു.
ഇസ്താംബുളിലും ഏതന്‍സിലും അലകളുണ്ടാക്കിയ ഭൂചലനം രണ്ട് ബദ്ധവൈരികള്‍ തമ്മിലുള്ള അപൂര്‍വ ഫോണ്‍ സംഭാഷണത്തിന് അവസരമൊരുക്കി. ഗ്രീക്ക് പ്രധാനമന്ത്രി കൈറിയകോസ് മിറ്റ്‌സോടാക്കിസ് തുര്‍ക്കി പ്രസിഡന്റ് റിസപ് തയ്യിപ്പ് എര്‍ഡോഗനുമായി നടത്തിയ സംഭാഷണത്തില്‍ ദുരന്തത്തില്‍ അനുശോചനമറിയിക്കുകയും എല്ലാവിധ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു.
കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുന്നതിന്റെയും വെള്ളപ്പൊക്കത്തിന്റെയും ദൃശ്യങ്ങള്‍ ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. ജനങ്ങളോട് സംയമനം പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 1999 ല്‍ തുര്‍ക്കിയിലുണ്ടായ ഭൂചലനത്തില്‍ 17,000ലധികം പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. 2017 ജൂലായിലുണ്ടായ വന്‍ ഭൂചലനത്തില്‍ കോസ് ദ്വീപില്‍ രണ്ട് പേര്‍ മരിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല