1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 9, 2016

സ്വന്തം ലേഖകന്‍: തുര്‍ക്കിയില്‍ ജനാധിപത്യത്തെ മുറുകെ പിടിച്ച് പത്തു ലക്ഷം പേരുടെ റാലി. പട്ടാള അട്ടിമറി ശ്രമം ജനം പരാജയപ്പെടുത്തിയ തുര്‍ക്കിയില്‍ ജനാധിപത്യത്തിന് പിന്തുണ പ്രഖ്യാപിച്ച് ഭരണ പ്രതിപക്ഷ കക്ഷികള്‍ ഉള്‍പ്പെടെ പത്തു ലക്ഷത്തിലേറെ പേര്‍ അണിനിരന്ന റാലി ഇസ്തംബൂള്‍ നഗരത്തെ ദേശീയ പതാകയുടെ വര്‍ണമായ ചുവപ്പണിയിച്ചു. പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും രണ്ട് പ്രധാന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും ഒരു വിഷയത്തില്‍ ഒന്നിച്ചുനില്‍ക്കുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

റാലിയെ അഭിസംബോധന ചെയ്ത ഉര്‍ദുഗാന്‍ ഏത് അട്ടിമറിയെയും പരാജയപ്പെടുത്താന്‍ തുര്‍ക്കി ജനത മതിയെന്ന് തെളിയിച്ചതായി ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ പ്രഖ്യാപിച്ചു. ഇപ്പോള്‍ ലോകം നിങ്ങളെ നോക്കിക്കൊണ്ടിരിക്കുകയാണ്. നിങ്ങള്‍ക്ക് അഭിമാനിക്കാം. നിങ്ങളോരുത്തരും സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി പൊരുതിയവരാണ്. നിങ്ങളോരോരുത്തരും വീരയോദ്ധാക്കളാണ് അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.

അട്ടിമറിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതായി പറയപ്പെടുന്ന ഗുലന്‍ മൂവ്‌മെന്റിനെ തീവ്രവാദ സംഘടനയെന്ന് വിളിച്ച അദ്ദേഹം പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചാല്‍ രാജ്യത്ത് വധശിക്ഷ പുനഃസ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചു. അട്ടിമറി വിജയിച്ചിരുന്നെങ്കില്‍ തുര്‍ക്കിയെ ശത്രുക്കള്‍ക്ക് കൈമാറുമായിരുന്നെന്നും ഉര്‍ദുഗാന്‍ ആരോപിച്ചു.

തുര്‍ക്കിയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ പങ്കെടുത്ത രാഷ്ട്രീയ സമ്മേളനമാണ് കഴിഞ്ഞ ദിവസം നടന്നതെന്നാണ് മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. അട്ടിമറിശ്രമം നടന്നതു മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈകുന്നേരങ്ങളില്‍ റാലികള്‍ നടക്കുന്നുണ്ട്. സര്‍ക്കാര്‍ പിന്തുണയോടെയുള്ള ഇത്തരം റാലികളുടെ സമാപന ഒത്തുചേരലായാണ് ഞായറാഴ്ചത്തെ റാലി സംഘടിപ്പിച്ചത്.

‘ജനാധിപത്യത്തിനും രക്തസാക്ഷികള്‍ക്കും വേണ്ടിയുള്ള റാലി’ എന്ന് പേരിട്ട റാലിയില്‍ പങ്കെടുക്കുന്നവര്‍ ദേശീയ പതാക മാത്രമേ ഉപയോഗിക്കാവൂ എന്ന് പ്രസിഡന്റ് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. പതിമൂന്നായിരത്തോളം വളന്റിയര്‍മാരും പൊലീസുകാരും റാലിയുടെ മേല്‍നോട്ടം വഹിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.