സ്വന്തം ലേഖകന്‍: തുര്‍ക്കിയിലെ അസ്വസ്ഥകള്‍ക്കിടെ പ്രസിഡന്റ് ഉര്‍ദുഗാന്‍ ഇന്ത്യയില്‍, രണ്ടു ദിവസത്തെ സന്ദര്‍ശനത്തില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവക്കും. വിവിധ മേഖലകളില്‍ ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഞായറാഴ്ച വൈകീട്ട് 7.30ന് ഡല്‍ഹിയിലെത്തിയ ഉര്‍ദുഗാനെ ഭാര്യയും മുതിര്‍ന്ന കാബിനറ്റ് മന്ത്രിമാരും 150 അംഗ വ്യവസായ സംഘവും അനുഗമിക്കുന്നുണ്ട്. തിങ്കളാഴ്ച ഉര്‍ദുഗാന് രാഷ്ട്രപതി ഭവനില്‍ ആചാരപരമായ വരവേല്‍പ് നല്‍കും.
തുടര്‍ന്ന് ന്യൂഡല്‍ഹി ഹൈദരാബാദ് ഹൗസില്‍ ഉച്ചക്ക് 12ന് നരേന്ദ്ര മോദി, ഉര്‍ദുഗാന്‍ കൂടിക്കാഴ്ച നടക്കും. പ്രതിനിധിതല ചര്‍ച്ചക്കുശേഷം വിവിധ മേഖലകളിലെ സഹകരണത്തിന് ഇരു രാജ്യങ്ങളും വിവിധ കരാറുകളില്‍ ഒപ്പുവെക്കും തുടര്‍ന്ന് ഇരു നേതാക്കളും സംയുക്ത പ്രസ്താവന നടത്തും. ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വം, ഭീകരവിരുദ്ധ പോരാട്ടങ്ങളിലെ സഹകരണം, വാണിജ്യം തുടങ്ങിയ മേഖലകളെ കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ശക്തമായ സുരക്ഷയാണ് തുര്‍ക്കി പ്രസിഡന്റിന് ഡല്‍ഹിയില്‍ ഒരുക്കിയിരിക്കുന്നത്. ഉര്‍ദുഗാനെതിരെ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പഴുതടച്ച സുരക്ഷയൊരുക്കണമെന്ന് സുരക്ഷാ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിവിധ നേതാക്കളുമായുള്ള ചര്‍ച്ചയില്‍ ആണവദാതാക്കളുടെ ഗ്രൂപ്പില്‍ അംഗത്വത്തിനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്ന് തുര്‍ക്കി നേരത്തെ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ജൂലൈയില്‍ പരാജയപ്പെട്ട പട്ടാള അട്ടിമറിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഫത്ഹുല്ല ഗുലാനുമായി ബന്ധപ്പെട്ട വിഷയങ്ങളും ഇന്ത്യയുമായുള്ള ചര്‍ച്ചയില്‍ ഉര്‍ദുഗാന്‍ ഉന്നയിച്ചേക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാരകരാറിലും ഒപ്പുവയ്ക്കും. ഇരു രാജ്യങ്ങളിലേയും മന്ത്രിമാര്‍, വ്യവസായികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന ബിസിനസ് ഫോറമാണ് മറ്റൊരു നിര്‍ണായക ചടങ്ങ്.
സൈപ്രസ് പ്രസിഡന്റിന്റെ സന്ദര്‍ശനത്തിന് തൊട്ടുപിറകെയാണ് ഉര്‍ദുഗാന്റെ സന്ദര്‍ശനമെന്നത് ശ്രദ്ധേയമാണ്. ജനഹിത പരിശോധനയ്ക്കു ശേഷമുള്ള എര്‍ദോഗന്റെ ആദ്യ വിദേശ പര്യടനം എന്ന നിലയ്ക്കും സന്ദര്‍ശനം അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധാ കേന്ദ്രമാണ്. ഉര്‍ദുഗാന്റെ രണ്ടാമത്തെ ഔദ്യോഗിക ഇന്ത്യന്‍ സന്ദര്‍ശനമാണിത്. തുര്‍ക്കി പ്രധാനമന്ത്രിയെന്ന നിലയില്‍ 2008 ഉര്‍ദുഗാന്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല