1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 16, 2017

സ്വന്തം ലേഖകന്‍: പ്രസിഡന്റിന് പാര്‍ലമെന്റിനു മേല്‍ അധികാരം നല്‍കുന്നത് സംബന്ധിച്ച് തുര്‍ക്കിയില്‍ ഇന്ന് ഹിതപരിശോധന, അങ്കം ജയിച്ച് സര്‍വ ശക്തനാകാന്‍ പ്രസിഡന്റ് എര്‍ദോഗാന്‍. പാര്‍ലമെന്ററി സമ്പ്രദായത്തിനു പകരം പ്രസിഡന്‍ഷ്യല്‍ ഭരണരീതി കൊണ്ടുവരുന്നതിനു ലക്ഷ്യമിട്ടുള്ള ഭരണഘടനാ ഭേദഗതി വേണമോ വേണ്ടയോയെന്ന് ഇന്ന് തുര്‍ക്കിക്കാര്‍ തീരുമാനിക്കും.

ഹിതപരിശോധനയെ അനുകൂലിച്ച് തുര്‍ക്കി ജനത വോട്ടുചെയ്താല്‍ രാജ്യം പാര്‍ലമെന്ററി ജനാധിപത്യത്തില്‍നിന്ന് പ്രസിഡന്‍ഷ്യല്‍ സമ്പ്രദായത്തിലേക്ക് വഴിമാറും. അതോടെ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന് 2029 വരെ അധികാരത്തില്‍ തുടരാനും വഴിയൊരുങ്ങും. ഹിതപരിശോധനയെ ജനം എതിര്‍ത്താല്‍ ഉര്‍ദുഗാനു വന്‍തിരിച്ചടിയാകും.

രാജ്യത്തെ രണ്ടായി പകുക്കുന്ന തെരഞ്ഞെടുപ്പിന്റെ അന്തിമ ഫലമറിയാന്‍ തുര്‍ക്കിക്കൊപ്പം ലോകവും ഉറ്റുനോക്കുകയാണ്. ഉര്‍ദുഗാന്റെ അധികാരം വിപുലീകരിക്കുന്ന ഹിതപരിശോധനക്ക് ജര്‍മനി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ എതിരാണ്. അധികാരം ഉര്‍ദുഗാനില്‍ കേന്ദ്രീകരിക്കുന്നത് രാജ്യത്തെ ഏകാധിപത്യത്തിലേക്ക് നയിക്കുമെന്നാണ് പ്രധാന ആരോപണം. 2016 ല്‍ നടന്ന പട്ടാള അട്ടിമറിശ്രമത്തിനുശേഷം ഉര്‍ദുഗാന്‍ ഏകാധിപതിയെ പോലെയാണ് പെരുമാറുന്നതെന്ന ആരോപണവും നിലനില്‍ക്കുന്നു.

പട്ടാള അട്ടിമറിക്കുശേഷം 47,155 പേരെ അറസ്റ്റ് ചെയ്യുകയും സംശയത്തിന്റെ നിഴലിലുള്ളവര്‍ രാജ്യത്തുടനീളം ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാകുകയും ചെയ്തിരുന്നു. അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ പ്രസിഡന്‍ഷ്യല്‍ ഭരണസമ്പ്രദായം ഫലപ്രദമായി നടപ്പാകുന്നുണ്ടെന്നാണ് ഭരണ കക്ഷിയായ ജസ്റ്റിസ് ആന്‍ഡ് ഡെവലപ്‌മെന്റ് പാര്‍ട്ടി (അക്)യുടെ വാദം. അതേസമയം, പ്രസിഡന്‍ഷ്യല്‍ ഭരണം രാജ്യത്തെ അസ്ഥിരപ്പെടുത്തുമെന്ന് കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി അനുകൂലികള്‍ ആരോപിച്ചു. കുര്‍ദിഷ് അനുകൂല പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയും ഇതേ നിലപാടിലാണ്.

തുര്‍ക്കിയിലെ വോട്ടര്‍മാരെ കൂടാതെ, യൂറോപ്യന്‍ രാജ്യങ്ങളില്‍ കുടിയേറിയ തുര്‍ക്കി പൗരന്മാരും വോട്ടെടുപ്പില്‍ പങ്കാളികളാണ്. അവരുടെ നിലപാടും തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്. അതേസമയം തുര്‍ക്കിയില്‍ ഫെഡറല്‍ ഭരണ സംവിധാനം കൊണ്ടു വരുന്നതിനുള്ള യാതൊരുവിധ ഉദ്ദേശ്യവുമില്ലെന്ന് പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്‍ വ്യക്തമാക്കി. കേന്ദ്രീകൃത ഭരണസംവിധാനത്തിന് വേണ്ടി ശക്തമായി നിലകൊണ്ടിട്ടുള്ളവരാണ് നമ്മുടെ ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടി. ഭാവിയിലും അത് അങ്ങനെ തന്നെയായിരിക്കും.

പ്രവിശ്യാ സംവിധാനത്തെയോ ഫെഡറല്‍ സംവിധാനത്തെയോ അത്തരത്തിലുള്ള മറ്റേതെങ്കിലും സംവിധാനത്തെയോ ഉള്‍ക്കൊള്ളാന്‍ അതിന് സാധ്യമല്ല. അങ്ങനെ ചെയ്യുകയുമില്ല. എന്നും അദ്ദേഹം വ്യക്തമാക്കി. തുര്‍ക്കി അകത്തു നിന്നും പുറത്തു നിന്നും ആക്രമണങ്ങള്‍ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ എര്‍ദോഗാന്‍ ഹിതപരിശോധനയില്‍ തനിക്ക് അനുകൂലമായി വോട്ടു രേഖപ്പെടുത്താനും ജനങ്ങളോട് ആഹ്വാനം ചെയ്തു. തുര്‍ക്കിക്കെതിരെയുള്ള പാശ്ചാത്യ നിലപാടിന് തുര്‍ക്കി ജനത ഹിതപരിശോധനയില്‍ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.