1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 13, 2018

സ്വന്തം ലേഖകന്‍: സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ തിരോധാനം; ഖഷോഗി കൊല്ലപ്പെട്ടതിന്റെ തെളിവുമായി തുര്‍ക്കി; തര്‍ക്കത്തില്‍ ഇടപെട്ട് ട്രംപ്. ഒരാഴ്ച മുന്പു കാണാതായ മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി ഈസ്റ്റാംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ടതിന്റെ ഓഡിയോ, വീഡിയോ തെളിവുകള്‍ തുര്‍ക്കിയുടെ പക്കലുണ്ടെന്നു സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സൗദി കിരീടാവകാശി സല്‍മാന്‍ രാജകുമാരന്റെ കടുത്ത വിമര്‍ശകനായിരുന്ന സൗദി പൗരന്‍ ഖഷോഗി അറസ്റ്റ് പേടിച്ച് യുഎസിലായിരുന്നു താമസം. അവിടെ വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ലേഖകനായിരുന്നു. മുന്‍ ഭാര്യയില്‍നിന്നുള്ള വിവാഹമോചന സര്‍ട്ടിഫിക്കറ്റ് വാങ്ങാനാണു കാമുകിയുമൊത്ത് ഖഷോഗി കോണ്‍സുലേറ്റിലെത്തിയത്. ഈ മാസം രണ്ടിന് കാമുകിയെ പുറത്തുനിര്‍ത്തി കോണ്‍സുലേറ്റിനുള്ളില്‍ കടന്ന ഖഷോഗിയെ പിന്നീടാരും ജീവനോടെ കണ്ടിട്ടില്ല.

ഖഷോഗിയെ കോണ്‍സുലേറ്റില്‍ പീഡിപ്പിക്കുകയും തുടര്‍ ന്നു കൊലപ്പെടുത്തിയശേഷം ശരീരം കഷണങ്ങളായി മുറിക്കുകയും ചെയ്‌തെന്നാണ് ആരോപണം. ഖഷോഗിയുടെയും അദ്ദേഹത്തെ ചോദ്യംചെയ്യുന്ന ഉദ്യോഗസ്ഥരുടെയും സ്വരം ഓഡിയോയില്‍ കേള്‍ക്കാം. ഖഷോഗിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ അഴുക്കുചാലിലൂടെ ഒഴുക്കിക്കളഞ്ഞിരിക്കാനുള്ള സാധ്യതയേക്കുറിച്ച് പോലീസ് അന്വേഷിക്കുന്നതായി തുര്‍ക്കി സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന എനി സഫാക് പത്രം റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ഖഷോഗി കൊല്ലപ്പെട്ടെന്ന ആരോപണം സൗദി നിഷേധിച്ചു. സര്‍ട്ടിഫിക്കറ്റ് വാങ്ങി ഖഷോഗി പുറത്തുപോയെന്ന സൗദിയുടെ വാദത്തിന് തെളിവായി സിടിവി ദൃശ്യങ്ങളുണ്ടെങ്കില്‍ അതു പുറത്തുവിടണമെന്നു തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ ആവശ്യപ്പെട്ടു. പ്രശ്‌നം ചര്‍ച്ച ചെയ്യാനായി സൗദിപ്രതിനിധി സംഘം ഇന്നലെ തുര്‍ക്കിയിലെത്തി. കോണ്‍സുലേറ്റില്‍ പരിശോധന നടത്താന്‍ തുര്‍ക്കിയെ അനുവദിക്കാമെന്നു സൗദി ഉറപ്പുനല്‍കിയെങ്കിലും ഇതുവരെ പരിശോധന നടത്തിയിട്ടില്ല.

ഖഷോഗി പ്രശ്‌നം തുര്‍ക്കിസൗദി ബന്ധം കൂടുതല്‍ മോശമാക്കുമെന്നും ഖഷോഗി കൊല്ലപ്പെട്ടെങ്കില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാവുമെന്നും ബ്രിട്ടന്‍ സൗദിക്കു മുന്നറിയിപ്പു നല്‍കി. ഖഷോഗി പ്രശ്‌നം അന്വേഷിക്കുന്നുണ്ടെന്നും യുഎഎസ് ഉദ്യോഗസ്ഥര്‍ തുര്‍ക്കിയിലെത്തിയെന്നും പ്രസിഡന്റ് ട്രംപ് പറഞ്ഞു. പ്രശ്‌നവുമായി ബന്ധപ്പെട്ടു സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി ടെലിഫോണില്‍ സംസാരിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.