1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 7, 2016

സ്വന്തം ലേഖകന്‍: ഇറാഖില്‍ തുര്‍ക്കി സൈനിക സാന്നിധ്യം, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നു. തുര്‍ക്കിയുടെ സൈനിക വിന്യാസം ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തിന് വഴിവെക്കുമെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി മുന്നറിയിപ്പ് നല്‍കി. തുര്‍ക്കി സൈനികരെ രാജ്യത്തേക്ക് ക്ഷണിച്ചിട്ടില്ലെന്നും അവരുടെ സാന്നിധ്യം അധിനിവേശമായി കണക്കാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒന്നിലേറെ തവണ അതിര്‍ത്തിയില്‍ വിന്യസിച്ച സൈന്യത്തെ പിന്‍വലിക്കണം എന്നാവശ്യപ്പെട്ടിട്ടും തുര്‍ക്കിയുടെ ഭാഗത്തുനിന്ന് പ്രതികരണമില്ലെന്നും തുര്‍ക്കിയുടെ ആധിപത്യം പ്രാദേശിക യുദ്ധമായി പരിണമിക്കുമെന്ന് ഭയക്കുന്നതായും അബാദി പറഞ്ഞു. സിറിയയിലെ ആഭ്യന്തര യുദ്ധവും ഐഎസിനെ തുരത്താനെന്ന പേരില്‍ തുര്‍ക്കി സിറിയയില്‍ സൈന്യത്തെ ഇറക്കിയതും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു.

തീവ്രവാദ സംഘങ്ങള്‍ക്കെതിരായ പോരാട്ടത്തിന് ഒരു വര്‍ഷത്തേക്കുകൂടി ഇറാഖില്‍ സൈനികരെ വിന്യസിക്കാന്‍ തുര്‍ക്കി പാര്‍ലമെന്റ് കഴിഞ്ഞയാഴ്ച വോട്ടെടുപ്പിലൂടെ തീരുമാനിച്ചിരുന്നു. ഇതിനുള്ള മറുപടിയായിരുന്നു അബാദിയുടെ മുന്നറിയിപ്പ്. വടക്കന്‍ ഇറാഖിലെ മസൂദിനടുത്ത് 2000 ത്തോളം സൈനികരെയാണ് തുര്‍ക്കി വിന്യസിച്ചത്. കുര്‍ദ് വിമതര്‍ക്കും ഐ.എസിനുമെതിരെയാണ് തുര്‍ക്കിയുടെ ആക്രമണം.

എന്നാല്‍ മസൂദിലെ സൈനിക വിന്യാസം ഇറാഖി സൈനികരെ സഹായിക്കാനാണെന്നാണ് തുര്‍ക്കിയുടെ വാദം. 2014 ല്‍ ഐ.എസ് ഇറാഖി നഗരം പിടിച്ചെടുത്തതോടെ സൈനിക സഹായം അനിവാര്യമായെന്നും തുര്‍ക്കി ഉപപ്രധാനമന്ത്രി നുഅ്മാന്‍ കുര്‍തുല്‍മസ് പറഞ്ഞു. നീക്കം പ്രകോപനപരമാണെന്ന് തുര്‍ക്കി അംബാഡസറെ വിളിച്ചുവരുത്തി ഇറാഖി വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.