1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 8, 2018

സ്വന്തം ലേഖകന്‍: ഈജിപ്തിലെ ടുട്ടന്‍ഖാമുന്‍ ശവകുടീരത്തിന്റെ ദുരൂഹതയ്ക്ക് അന്ത്യം; രഹസ്യ അറ ഇല്ലെന്ന് ഗവേഷകര്‍; അന്വേഷണം അവസാനിപ്പിച്ചു. ശവകുടീരത്തില്‍ ഉള്ളതായി കരുതപ്പെട്ടിരുന്ന രഹസ്യ അറ സംബന്ധിച്ച അന്വേഷണം അവസാനിപ്പിച്ചുകൊണ്ട് ഇത്തരമൊരു അറ ഇല്ലെന്ന് സ്ഥിരീകരിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ടൂറിന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ ഗവേഷണങ്ങളെ തുടര്‍ന്നാണ് സ്ഥിരീകരണം.

ഈജിപ്ഷ്യന്‍ ഫറവോ ആയിരുന്ന ടുട്ടന്‍ഖാമുന്റെ 3000 വര്‍ഷം പഴക്കമുള്ള ശവകുടീരത്തില്‍ ഒരു രഹസ്യ അറ ഒളിഞ്ഞിരിപ്പുള്ളതായി ഏറെക്കാലമായി വിശ്വസിക്കപ്പെട്ടിരുന്നു. ഇത്തരമൊരു അറ ഉണ്ടാകാന്‍ 90 ശതമാനം സാധ്യതയുള്ളതായി ഇതു സംബന്ധിച്ച് ഗവേഷണം നടത്തിവന്ന സംഘം മുന്‍പ് വ്യക്തമാക്കിയിരുന്നു. ഈ അറ ടുട്ടന്‍ഖാമുന്റെ മാതാവ് നെഫര്‍ടിറ്റിയുടേതാണെന്നായിരുന്നു കരുതപ്പെട്ടിരുന്നത്.

ഇംഗ്ലീഷുകാരനായ പുരാവസ്തു ഗവേഷകന്‍ നിക്കോളസ് റീവ്‌സ് ആണ് രഹസ്യ അറ കണ്ടെത്തുന്നതിനുള്ള ഗവേഷണത്തിന് മുന്‍പന്തിയിലുണ്ടായിരുന്നത്. ടുട്ടന്‍ഖാമുന്‍ ശവകുടീരത്തിന്റെ ഭിത്തികള്‍ക്കു പിന്നില്‍ രഹസ്യ അറ ഉണ്ടെന്നും ഇതിന്റെ സൂചനകള്‍ ഭിത്തികളില്‍ കാണാനുണ്ടെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ നിലപാട്. ടുട്ടന്‍ഖാമുന്റെ മാതാവ് നെഫര്‍ട്ടിറ്റിയുടെ ശരീരാവശിഷ്ടങ്ങള്‍ ഈ അറയില്‍ ഉണ്ടെന്നും നിക്കോളസ് റീവ്‌സ് അവകാശപ്പെട്ടിരുന്നു.

എന്നാല്‍ ഈ വാദത്തെ ഉറപ്പിക്കുന്ന തെളിവുകളൊന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഗവേഷകര്‍ കണ്ടെത്തിയിരുന്ന 3000 വര്‍ഷം പഴക്കമുള്ള നെഫര്‍ട്ടിറ്റിയുടെ പ്രതിമ ഇതു സംബന്ധിച്ച ഊഹങ്ങള്‍ക്ക് പിന്‍ബലമേകുകയും നിരവധി ഊഹാപോഹങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തിരുന്നു. റഡാര്‍ ഉപകരണങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള നിരവധി പരിശോധനകള്‍ നിക്കോളസ് റീവ്‌സ് നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവിടെ നെഫര്‍ട്ടിറ്റിയുടെ രഹസ്യ ശവകുടീരമുള്ളതായി സ്ഥാപിച്ചുകൊണ്ടുള്ള നിക്കോളസ് റീവ്‌സിന്റെ ഗവേഷണ പ്രബന്ധം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു.

അടുത്തിടെ ടൂറിന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ ഗവേഷണങ്ങളാണ് രഹസ്യ അറ സംബന്ധിച്ച നിഗമനങ്ങള്‍ തെറ്റാണെന്ന് വ്യക്തമാക്കുന്നത്. നിരവധി തവണ നടത്തിയ റഡാര്‍ പരിശോധനകള്‍ക്കു ശേഷമാണ് ടുട്ടന്‍ഖാമുന്‍ ശവകുടീരത്തിനുള്ളില്‍ രഹസ്യ അറകളൊന്നും ഇല്ലെന്ന കാര്യം സ്ഥിരീകരിച്ചതെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. ഫ്രാന്‍സിസ്‌കോ പോര്‍സെല്ലി പറഞ്ഞു. ഗവേഷക സംഘത്തിന്റെ കണ്ടെത്തല്‍ അംഗീകരിക്കുന്നതായും ഇതു സംബന്ധിച്ച അന്വേഷണങ്ങള്‍ അവസാനിപ്പിക്കുന്നതായും ഈജിപ്ത് പുരാവസ്തു വകുപ്പ് മന്ത്രി ഖാലെദ് അല്‍ അനാനി വ്യക്തമാക്കി.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.