1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 17, 2019

സ്വന്തം ലേഖകൻ: ആളിപ്പടരുന്ന കാട്ടുതീയില്‍നിന്ന് സ്വന്തംജീവനും വളര്‍ത്തുനായയെയും രക്ഷിച്ച് പന്ത്രണ്ടുവയസ്സുകാരന്‍. തന്റെ ഫാംഹൗസിലേക്ക്‌ കാട്ടുതീ വ്യാപിക്കുന്നതു കണ്ടതോടെ മൂത്തസഹോദരന്റെ പിക്ക് അപ്പ് ട്രക്കെടുത്താണ്‌ ഓസ്‌ട്രേലിയക്കാരന്‍ ലൂക്കാസ് സ്റ്ററോക്ക് രക്ഷപ്പെട്ടത്. വളര്‍ത്തുനായയെ ഒപ്പം കൂട്ടാനും ലൂക്കാസ് മറന്നില്ല.

ഞായറാഴ്ചയാണ് സംഭവം. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ പെര്‍ത്തിലെ മൊഗുംബറിലാണ് ലൂക്കാസും കുടുംബവും താമസിക്കുന്നത്. മൊഗുംബര്‍ മേഖലയില്‍ പടര്‍ന്ന കാട്ടു തീയണയ്ക്കാന്‍ പോയതായിരുന്നു ലൂക്കാസിന്റെ മൂത്തസഹോദരനും അച്ഛന്‍ ഇവാന്‍ സ്റ്ററോക്കും. അതോടെ ഫാം ഹൗസില്‍ ലൂക്കാസ് ഒറ്റയ്ക്കാകുകയും ചെയ്തു.

അതിനിടെയാണ് ഫാം ഹൗസിനു സമീപത്തേക്ക് കാട്ടുതീ വ്യാപിക്കുന്നത് ലൂക്കാസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. വീടിന് അരികിലേക്ക് തീയെത്തുകയാണെങ്കില്‍ ഓടി രക്ഷപ്പെടണമെന്ന് അച്ഛനും സഹോദരനും ലൂക്കാസിനോടു പറയുകയും ചെയ്തിരുന്നു. ഇതോടെ നായയെയും കൂട്ടി സഹോദരന്റെ ട്രക്ക് ഓടിച്ച് ലൂക്കാസ് രക്ഷപ്പെടുകയായിരുന്നു.

ഏകദേശം ഒരു മണിക്കൂറിനു ശേഷം, പ്രദേശത്തെത്തിയ അഗ്നിശമനസേനാ ഉദ്യോഗസ്ഥരാണ് ലൂക്കാസിനെയും നായയെയും കണ്ടെത്തിയത്. ഇവര്‍ ലൂക്കാസിനെ സുരക്ഷിത സ്ഥാനത്തെത്തിക്കുകയും പിന്നീട് പോലീസിന് കൈമാറുകയും ചെയ്തു. ശേഷം ലൂക്കാസിനെ പോലീസ് കുടുംബാംഗങ്ങളുടെ അരികിലെത്തിച്ചു.

ഏഴാം വയസ്സില്‍ ലൂക്കാസ് വാഹനം ഓടിക്കാന്‍ പഠിച്ചിരുന്നെന്ന് അച്ഛന്‍ ഇവാന്‍ പറഞ്ഞു. ലൂക്കാസിനെ കുറിച്ച് അഭിമാനമുണ്ടെന്നും എന്താണോ പറഞ്ഞത് അങ്ങനെ തന്നെ ലൂക്കാസ് ചെയ്തുവെന്നും ഇവാന്‍ കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.