1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 13, 2023

സ്വന്തം ലേഖകൻ: കര്‍ഷക സമരത്തെ പിന്തുണയ്ക്കുന്നവരുടെയും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരുടെയും അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നെന്ന് ട്വിറ്റര്‍ സഹസ്ഥാപകനും മുന്‍ സി.ഇ.ഒയുമായ ജാക്ക് ഡോര്‍സി. ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ജാക്ക് ഡോര്‍സിയുടെ വിവാദ വെളിപ്പെടുത്തല്‍.

വിദേശ രാജ്യങ്ങളില്‍ നിന്നോ ഭരണകൂടങ്ങളില്‍ നിന്നോ ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടോയെന്ന ചോദ്യത്തിനുള്ള മറുപടിയായാണ് ഡോര്‍സി ഇക്കാര്യം വ്യക്തമാക്കിയത്. ‘കര്‍ഷകരുടെ സമരത്തെ പിന്തുണയ്ക്കുന്നവരുടെയും സര്‍ക്കാരിനെ വിമര്‍ശിച്ച ചില മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരുടേയും അക്കൗണ്ടുകള്‍ ബ്ലോക്കു ചെയ്യണമെന്ന് നിരന്തര സമ്മദർദം ട്വിറ്ററിനുണ്ടായിരുന്നു.

പലതും ഭീഷണിയുടെ സ്വരമുള്ളതായിരുന്നു. ഇന്ത്യയില്‍ ട്വിറ്റര്‍ നിരോധിക്കുമെന്നും ജീവനക്കാരുടെ വീടുകള്‍ റെയ്ഡ് ചെയ്യുമെന്നുള്‍പ്പടെ ഭീഷണിയുയര്‍ന്നു. ഇത് ഇന്ത്യയെന്ന ജനാധിപത്യരാജ്യമാണ് നിയമങ്ങള്‍ അനുസരിച്ചില്ലെങ്കില്‍ ഞങ്ങളുടെ ഓഫീസ് അടച്ചു പൂട്ടുമെന്നും ഒരു കൂട്ടര്‍ മുന്നറിയിപ്പു നല്‍കി’, ഡോര്‍സി പറഞ്ഞു.

ഡോര്‍സിയുടെ ആരോപണം കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഏറ്റുപിടിച്ചതോടെ പ്രതികരണവുമായി സര്‍ക്കാര്‍ രംഗത്തെത്തി. ഡോര്‍സിയുടെ ആരോപണം പച്ചക്കള്ളമാണെന്നായിരുന്നു കേന്ദ്ര ഐ.ടി. സഹമന്ത്രി രാജീവ് ചന്ദ്രശേഖറുടെ പ്രതികരണം. ട്വിറ്ററിന്റെ ചരിത്രത്തിലെ സംശയാസ്പദമായ ചിലതൊക്കെ മായ്ച്ചു കളയാനുള്ള ശ്രമമാണിതെന്നും മന്ത്രി പറഞ്ഞു.

ഡോര്‍സിയുടെ കാലത്ത് ട്വിറ്ററിന് ഇന്ത്യന്‍ നിയമത്തിന്റെ പരമാധികാരത്തെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. ഇന്ത്യയിലെ നിയമവ്യവസ്ഥ തങ്ങൾക്ക് ബാധകമല്ലെന്ന മട്ടിലാണ് ഡോർസി പ്രവർത്തിച്ചിരുന്നത്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കമ്പനികളും ഇവിടത്തെ നിയമം അനുസരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രം എന്നനിലയില്‍ ഇന്ത്യയ്ക്ക് അവകാശമുണ്ട്.

2021 ജനുവരിയില്‍ നടന്ന കര്‍ഷക സമരത്തിനിടെ വംശഹത്യകള്‍ നടന്നു എന്നുള്‍പ്പടെ നിരവധി വ്യാജപ്രചരണങ്ങളാണ് നടന്നതെന്നും അത് നീക്കം ചെയ്യേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വം ആയിരുന്നെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.