1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 4, 2018

സ്വന്തം ലേഖകന്‍: ഇറാനെതിരായ അമേരിക്കന്‍ ഉപരോധം നാളെ മുതല്‍ പൂര്‍ണരൂപത്തില്‍; ഇന്ത്യ ഉള്‍പ്പെടെ എട്ട് രാജ്യങ്ങള്‍ക്ക് എണ്ണ ഇറക്കുമതിക്ക് ഇളവ്. ഇറാനെതിരേ 2015ലെ ആണവകരാറിന്റെ അടിസ്ഥാനത്തില്‍ നിര്‍ത്തിവച്ച എല്ലാ ഉപരോധങ്ങളും യുഎസ് പുനസ്ഥാപിച്ചു. തിങ്കളാഴ്ച പ്രാബല്യത്തില്‍ വരും. ഇറാന്റെ പ്രധാനവരുമാന മാര്‍ഗമായ എണ്ണവ്യാപാരത്തെ കടുത്ത രീതിയില്‍ ഇതു ബാധിക്കും.

അതേസമയം, ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ അടക്കം ഏറ്റവും അടുത്ത എട്ടു സഖ്യരാജ്യങ്ങള്‍ക്ക് യുഎസ് താത്കാലിക ഒഴികഴിവ് നല്കിയിട്ടുണ്ട്. ഉപരോധം വന്നാലും ഇറാനുമായി ഇടപാടുകള്‍ തുടരുമെന്നു യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു.

മുന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ 2015ല്‍ മുന്‍കൈ യെടുത്താണ് ഇറാനുമായി ആണവകരാര്‍ ഒപ്പിട്ടത്. ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, റഷ്യ, ചൈന എന്നീ രാജ്യങ്ങളും കരാറില്‍ പങ്കാളികളാണ്. കരാര്‍പ്രകാരം ഇറാന്‍ ആണവപദ്ധതികള്‍ ചുരുക്കി, വന്‍ശക്തികള്‍ ഇറാനെതിരായ ഉപരോധങ്ങള്‍ നീക്കി. എന്നാല്‍, ഇറാന്റെ മിസൈല്‍ പദ്ധതികള്‍ നിയന്ത്രിക്കാന്‍ കരാറില്‍ വ്യവസ്ഥയില്ലെന്നു പറഞ്ഞ് യുഎസ് പ്രസിഡന്റ് ട്രംപ് മേയില്‍ കരാറില്‍നിന്ന് ഏകപക്ഷീയമായി പിന്മാറി. മറ്റു കക്ഷികള്‍ ഇപ്പോഴും കരാറില്‍ തുടരുന്നുണ്ട്.

നാളെ പ്രാബല്യത്തില്‍ വരുന്ന ഉപരോധങ്ങള്‍ സാമ്പത്തികം, ഊര്‍ജം, ചരക്കുകടത്ത് എന്നീ മേഖലകളില്‍ ഇറാനെ ഞെരുക്കും. കപ്പലുകള്‍, വിമാനങ്ങള്‍, ബാങ്കുകള്‍, എണ്ണക്കയറ്റുമതിക്കാര്‍, എണ്ണ കടത്തുന്നവര്‍ എന്നിവരുടേത് അടക്കം 700 പേരുകളാണ് ഉപരോധ പട്ടികയില്‍ ഉള്ളത്.

അന്താരാഷ്ട്ര പണമിടപാടു സേവനങ്ങള്‍ നല്കുന്ന ബ്രസല്‍സ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സ്വിഫ്റ്റ് നെറ്റ്‌വര്‍ക്ക്, ഉപരോധപട്ടികയിലുള്ളവരുമായി ഇടപാടുകള്‍ നിര്‍ത്തുമെന്നാണ് യുഎസിന്റെ പ്രതീക്ഷ. ഇതു സംഭവിച്ചാല്‍ അന്താരാഷ്ട്രതലത്തില്‍ ഇറാന്‍ പൂര്‍ണമായും ഒറ്റപ്പെടും. ബാലിസ്റ്റിക് മിസൈല്‍ വികസന പദ്ധതികള്‍ ഉപേക്ഷിക്കുക, തീവ്രവാദികളെ പിന്തുണയ്ക്കുന്നതു നിര്‍ത്തുക തുടങ്ങിയവയ്ക്കു തയാറായാല്‍ ഉപരോധം നീക്കാമെന്നാണ് യുഎസ് നിലപാട്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.