1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 14, 2021

സ്വന്തം ലേഖകൻ: ശാസ്ത്ര-സാങ്കേതിക മേഖലയുടെ രാജ്യാന്തര ആസ്ഥാനമായി യുഎഇയെ മാറ്റാനുള്ള സമഗ്ര പദ്ധതികൾ തയാറാക്കിയതായി വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഇതിന്റെ ചുമതലകൾക്ക് വിദേശകാര്യ-രാജ്യാന്തര സഹകരണമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിച്ചു.

രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക മുന്നേറ്റം ലക്ഷ്യമിട്ട് വിവിധ തലങ്ങളിൽ പദ്ധതികൾക്കു തുടക്കം കുറിക്കുകയും സമയബന്ധിതമായി പൂർത്തിയാക്കുകയും ചെയ്യുമെന്ന് മന്ത്രിസഭായോഗത്തിൽ വ്യക്തമാക്കി. രാജ്യത്തിന്റെ സുവർണജൂബിലി ആഘോഷത്തോടനുബന്ധിച്ചു പ്രഖ്യാപിച്ചു തുടങ്ങിയ 50 പദ്ധതികൾക്കു മന്ത്രിമാരുടെ മേൽനോട്ടമുണ്ടാകണമെന്നും നിർദേശിച്ചു.

സ്വകാര്യ മേഖലയിൽ 75,000 സ്വദേശികൾക്കു നിയമനം നൽകുന്നതിന്റെ ഭാഗമായുള്ള 2,400 കോടി ദിർഹത്തിന്റെ പദ്ധതികൾ വിലയിരുത്തി.ശാസ്ത്ര-സാങ്കേതിക മേഖലകളിലടക്കം ആകർഷക വ്യവസ്ഥകളോടെ പ്രതിഭകൾക്ക് അവസരമൊരുക്കും. 50 വർഷത്തെ മുന്നേറ്റങ്ങളുടെ തുടർച്ചയായാണ് അടുത്ത 50 വർഷത്തേക്കുള്ള കർമപരിപാടികൾക്കു രൂപം നൽകിയത്.

കള്ളപ്പണം വെളുപ്പിക്കൽ, നിയമവിരുദ്ധ സംഘടനകൾക്കു സഹായം തുടങ്ങിയവ തടയാൻ ലക്ഷ്യമിട്ടുള്ള നിയമഭേദഗതിക്ക് അംഗീകാരം നൽകി. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയവരും മറ്റു മന്ത്രിമാരും പങ്കെടുത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.