1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 1, 2023

സ്വന്തം ലേഖകൻ: യുഎഇ തലസ്ഥാന നഗരിയായ അബുദാബായില്‍ നിന്ന് അല്‍ ദഫ്‌റ മേഖലയിലെ അല്‍ ദന്നയിലേക്ക് പുതിയ റെയില്‍ പാത വരുന്നു. ഇതു സംബന്ധിച്ച പങ്കാളിത്ത കരാറില്‍ യുഎഇ നാഷണല്‍ റെയില്‍ നെറ്റ്വര്‍ക് ഡെവലപ്പറും ഓപറേറ്ററുമായ ഇത്തിഹാദ് റെയിലും അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയും (അഡ്നോക് -ADNOC) ഒപ്പുവച്ചു.

അബുദാബിയില്‍ നിന്ന് 250 കിലോമീറ്റര്‍ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന അല്‍ ദന്നയില്‍ 29,000 നിവാസികള്‍ താമസിക്കുന്നുണ്ട്. 1970കളില്‍ അഡ്നോക്കിലെ വ്യാവസായിക ജീവനക്കാരെ പാര്‍പ്പിക്കാനുള്ള സ്ഥലമായി തിരിച്ചറിഞ്ഞതോടെയാണ് ഗ്രാമീണ മരുഭൂമി നഗരത്തിന്റെ പരിവര്‍ത്തനം ആരംഭിച്ചത്. തീവണ്ടിപ്പാത വരുന്നതോടെ അഡ്നോക് ജീവനക്കാര്‍ക്ക് ഭാവിയില്‍ തലസ്ഥാന നഗരത്തിനും അല്‍ ദന്നയ്ക്കും ഇടയില്‍ ട്രെയിനില്‍ യാത്ര ചെയ്യാന്‍ കഴിയും.

പ്രസിഡന്‍ഷ്യല്‍ കോടതി, ഇത്തിഹാദ് റെയില്‍ ചെയര്‍മാന്‍ ഷെയ്ഖ് തിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പുവെച്ചത്. വ്യവസായ, അഡ്വാന്‍സ്ഡ് ടെക്‌നോളജി മന്ത്രിയും അഡ്നോക് മാനേജിങ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ ഡോ. സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ ജാബിറും അഡ്നോക് ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങില്‍ സംബന്ധിച്ചു. രണ്ട് കമ്പനികളും അറിവും വൈദഗ്ധ്യവും പങ്കിടും.

ലോകമെമ്പാടുമുള്ള പ്രധാന നഗരങ്ങളിലും രാജ്യങ്ങളിലും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ റെയില്‍വേ വഹിക്കുന്ന പങ്ക് സുപ്രധാനമാണെന്ന് കാണാനാവുമെന്നും യുഎഇയുടെ സുസ്ഥിര വികസനത്തില്‍ ഇത്തിഹാദ് റെയില്‍ ഈ ദൗത്യമാണ് നിര്‍വഹിക്കുന്നതെന്നും ഷെയ്ഖ് തിയാബ് പറഞ്ഞു. ലോകോത്തര യാത്രാനുഭവങ്ങള്‍ നല്‍കാനുള്ള ഇത്തിഹാദ് റെയിലിന്റെ കാഴ്ചപ്പാടും റെയില്‍ വ്യവസായത്തോടുള്ള പ്രതിബദ്ധതയുമാണ് ഈ പങ്കാളിത്ത കരാര്‍ തെളിയിക്കുന്നതെന്ന് ഷെയ്ഖ് തിയാബ് ചൂണ്ടിക്കാട്ടി.

ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണത്തിലൂടെ സാമ്പത്തിക വികസനം ത്വരിതപ്പെടുത്താനുള്ള യുഎഇ നേതൃത്വത്തിന്റെ കാഴ്ചപ്പാടിന് അനുസൃതമായാണ് പദ്ധതി. രാജ്യത്തെ ഗതാഗത, ലോജിസ്റ്റിക്‌സ് മേഖല ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കരാര്‍ ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത്തിഹാദ് റെയിലിന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കാന്‍ അഡ്‌നോക് പോലുള്ള കമ്പനികള്‍ എത്തുന്നത് ഈ രംഗത്തേക്ക് കൂടുതല്‍ കമ്പനികളെ ആകര്‍ഷിക്കും. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഇത്തിഹാദ് റെയില്‍ സാമ്പത്തിക സഹായത്തിനായി ഫസ്റ്റ് അബുദാബി ബാങ്കുമായി (എഫ്എബി) 1.99 ബില്യണ്‍ ദിര്‍ഹമിന്റെ ഗ്രീന്‍ ലോണ്‍ കരാര്‍ ഒപ്പുവച്ചിരുന്നു.

ഇത്തിഹാദ് റെയില്‍ പദ്ധതിക്കായി പാസഞ്ചര്‍ ട്രെയിനുകള്‍ രൂപകല്‍പന ചെയ്യുന്നതിനും നിര്‍മിക്കുന്നതിനും വിതരണം ചെയ്യുന്നതിനും പരിപാലിക്കുന്നതിനും സ്‌പെയിനിലെ സിഎഎഫ് കമ്പനിയുമായി 2022 ജൂണില്‍ 1.2 ബില്യണ്‍ ദിര്‍ഹമിന്റെ മറ്റൊരു കരാറും ഒപ്പിട്ടു. 2030 ഓടെ രാജ്യത്തെ ട്രെയിന്‍ യാത്രക്കാരുടെ എണ്ണം പ്രതിവര്‍ഷം 3.65 കോടിയിലധികമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത്തിഹാദ് റെയിലിന്റെ ചരക്ക് ശൃംഖല പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാവുന്നതോടെ പ്രതിവര്‍ഷം 60 ദശലക്ഷം ടണ്‍ ചരക്ക് കൊണ്ടുപോകാന്‍ കഴിയും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.