
സ്വന്തം ലേഖകൻ: ആർടിഫിഷ്യൽ ഇന്റലിജൻസ് സാധ്യതകൾ ഉപയോഗപ്പെടുത്തി യുഎഇയിൽ വലിയ ഗവേഷണ ലാബുകൾ ഒരുങ്ങുന്നു. ഗവേഷണത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർക്കും പങ്കെടുക്കാം. അതിന് ആവശ്യമായ പദ്ധതികൾ ആണ് യുഎഇയിൽ ഒരുങ്ങുന്നത്. ഉന്നത സാങ്കേതിക വിദ്യകളുടെ രാജ്യാന്തര ആസ്ഥാനമായി യുഎഇയെ മാറ്റുകയാണ് ലക്ഷ്യം.
എഐ ബിരുദപഠനം പൂർത്തിയാക്കുന്ന 260ൽ ഏറെ വിദ്യാർഥികൾക്ക് ഓക്സ്ഫഡ് സർവകലാശാലയുമായി സഹകരിച്ച് ഗവേഷണ-പരിശീലന സൗകര്യമൊരുക്കും. ആർടിഫിഷ്യൽ ഇന്റലിജൻസ് വൈദഗ്ധ്യമുള്ള യുവനിരയെ ഒരുക്കാൻ ആവശ്യമായ നടപടികൾ ആരംഭിച്ചു. രാജ്യത്തെ സർക്കാർ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് പഠനാവസരങ്ങൾ ഉണ്ടാക്കും. രാജ്യം വികസനത്തിൻരെ പാതയിൽ ആണെന്ന് ഡിജിറ്റൽ ഇക്കോണമി സഹമന്ത്രി ഉമർ ബിൻ സുൽത്താൻ അൽ ഉലാമ അറിയിച്ചു.
ആർടിഫിഷ്യൽ ഇന്റലിജൻസ് ഉപേയോഗിച്ചുള്ള സാധ്യതകൾ വർധിപ്പിക്കുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനം വർധിപ്പിക്കാൻ കഴിയും. 2030 ആകുമ്പോഴേക്കും ഈ മേഖലയിൽ നിന്നുള്ള സംഭാവന 14% (9,790 കോടി ഡോളർ) ആകുമെന്നാണ് ഇപ്പോൾ അധികൃതർ വിലയിരുത്തുന്നത്. യുഎഇ കൗൺസിൽ ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡിജിറ്റൽ ട്രാൻസാക്‌ഷൻസിന്റെ കീഴിലാണു ലാബുകൾ നിലവിൽ വരുന്നത്. രാജ്യത്ത് ഓൺലൈൻ ഇടപാടുകൾ വ്യാപകമാണ്. ഈ സമയത്ത് നിർമിതബുദ്ധിയുടെ സാധ്യതകൾ കൂടിവരുകയാണ്. വിവരങ്ങൾ അതിവേഗം ശേഖരിക്കാനും, തയ്യാറാക്കാനും സാധിക്കുന്ന തരത്തിൽ വലിയ സാധ്യതകൾ ആണ് ഉള്ളത്.
ഉൽപാദനം, ഭരണനിർവഹണം ഉൾപ്പെടെ ഒട്ടേറെ മേഖലകളിൽ മാറ്റമുണ്ടാക്കാൻ പുതിയ സാങ്കേതിക വിദ്യ രാജ്യത്ത് വരുന്നതിലൂടെ സാധിക്കും. യുഎഇയെ കോഡിങ് വിദഗ്ധരുടെ രാജ്യാന്തര ആസ്ഥാനമാക്കാനും ഡിജിറ്റൽ രംഗത്തെ വെല്ലുവിളികൾ മറികടന്നു സാങ്കേതിക മുന്നേറ്റത്തിനു വഴിയൊരുക്കാനുമുള്ള ‘കോഡേഴ്സ് എച്ച്ക്യു’ പദ്ധതിക്ക് തുടക്കമിട്ടിരുന്നു. കംപ്യൂട്ടർ പ്രോഗ്രാമിങ്ങിൽ ഒരു ലക്ഷം വിദഗ്ധരെ സജ്ജമാക്കി 5 വർഷത്തിനകം 1,000 ഡിജിറ്റൽ കമ്പനികൾ തുടങ്ങാനുള്ള നാഷനൽ പ്രോഗ്രാം ഫോർ കോഡേഴ്സ് സംരംഭങ്ങളുടെ തുടർച്ചയായാണ് ‘കോഡേഴ്സ് എച്ച്ക്യു’ പദ്ധതി.
ഭാവി വെല്ലുവിളികൾ നേരിടാൻ രാജ്യത്തെ എല്ലാ രീതിയിലും സജീകരിക്കുക എന്നതാണ് ലക്ഷ്യം വെക്കുന്നത്. പുതിയ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുക, രാജ്യത്തെ എല്ലാ സേവനം അതിവേഗത്തിലാക്കുക എന്നിവയാണ് യുഎഇ ലക്ഷ്യം വെക്കുന്നത്. ഗതാഗത-സുരക്ഷാ മേഖലയിലടക്കം ‘സ്മാർട്’ മാറ്റങ്ങൾക്കു തുടക്കമിട്ട ആദ്യ ഗൾഫ് രാജ്യമാണ് യുഎഇ. സർക്കാർ തലങ്ങളിൽ നിർമിതബുദ്ധിയടക്കമുള്ള നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്താൻ 14 ഇന കർമപരിപാടികൾ നടപ്പാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല