1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 5, 2023

സ്വന്തം ലേഖകൻ: വികസനത്തിന്റെ പുത്തൻ ചക്രവാളത്തിലേക്കു കൈ കോർത്ത് പറക്കാൻ ഇത്തിഹാദ് എയർവേയ്സും എമിറേറ്റ് എയർലൈനും. ഒരേ ടിക്കറ്റിൽ ഇത്തിഹാദിലോ എമിറേറ്റ്സിലോ യാത്ര ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയത്. എമിറേറ്റ്സിന്റെ ടിക്കറ്റിൽ ഇത്തിഹാദിലും ഇത്തിഹാദിന്റെ ടിക്കറ്റിൽ എമിറേറ്റ്സിലും വ്യത്യസ്ത സെക്ടറിലേക്കു യാത്ര ചെയ്യാമെന്നതാണ് ആകർഷണം.

വിനോദസഞ്ചാരം ശക്തിപ്പെടുത്തുന്നതോടൊപ്പം ആഗോളമത്സരം നേരിടാനും ഇതു വഴിയൊരുക്കും. പരീക്ഷണാർഥം തുടക്കത്തിൽ‍ ചൈന, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കാണ് സേവനം. ഭാവിയിൽ 2 എയർലൈനുകളുടെ എല്ലാ സെക്ടറുകളിലേക്കും ലഭ്യമാക്കും.

ചൈനയിൽനിന്ന് എമിറേറ്റ്സ് എയർലൈനിൽ ദുബായിൽ എത്തുന്ന സഞ്ചാരിക്ക് അബുദാബിയിൽ നിന്ന് ഇത്തിഹാദ് എയർവേയ്സിൽ ചൈനയിലേക്കോ യൂറോപ്പിലേക്കോ പറക്കാം. ഒറ്റ ടിക്കറ്റ് ബുക്കിങിൽ യാത്ര ക്രമീകരിക്കുന്നതിനാൽ നിരക്കു വർധനയിൽ നിന്നും രക്ഷപ്പെടാം. ഭാവിയിൽ യുകെയിൽ നിന്ന് ദുബായിൽ എത്തുന്ന ഇന്ത്യക്കാരന് യുഎഇയിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ട ശേഷം ഇത്തിഹാദിൽ അബുദാബിയിൽ നിന്ന് ഇന്ത്യയിലേക്കു പറക്കാനുള്ള സൗകര്യമുണ്ടാകും.

വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്ക് അനുഗ്രഹമാകുന്നതാണ് പുതിയ സേവനം. എമിറേറ്റ്സ് എയർലൈൻ വഴി ഇത്തിഹാദിന്റെ ടിക്കറ്റ് എടുക്കാനും ബുക്ക് ചെയ്ത ടിക്കറ്റിലെ യാത്രാ തീയതി മാറ്റാനും സാധിക്കും. ഇത്തിഹാദ് എയർവേയ്സിൽ നിന്ന് എമിറേറ്റ്സിന്റെ ടിക്കറ്റെടുക്കാനും യാത്രാ തീയതി മാറ്റാനും അവസരമുണ്ട്. എയർലൈനുകളുടെ വെബ്സൈറ്റുകളിലും 2 വിമാന കമ്പനികളുടെ സർവീസുകൾ സംബന്ധിച്ച വിശദാംശങ്ങൾ കാണാം.

മികച്ചതും കൃത്യതയാർന്നതുമായ സേവനവും ടിക്കറ്റ് നിരക്കിലെ കുറവുമായിരിക്കും യാത്രക്കാരെ ആകർഷിക്കുക. വിനോദസഞ്ചാരികൾക്ക് ഒറ്റ ടിക്കറ്റിൽ വ്യത്യസ്ത നഗരങ്ങളിലൂടെ വിവിധ എയർലൈനുകൾ വഴിയുള്ള യാത്രയ്ക്കും അവസരമൊരുങ്ങും. നേരത്തെ ബുക്ക് ചെയ്ത സ്ഥലം മാറ്റി മറ്റൊരു നഗരത്തിൽ നിന്നും യാത്ര തുടരാം. ഈ സേവനം ഉപയോഗപ്പെടുത്താൻ വെബ്സൈറ്റ് വഴി ബുക്ക് ചെയ്യുന്നവർ മൾട്ടി സിറ്റി ഫ്ലൈറ്റ് ഓപ്ഷൻ ആണ് തിരഞ്ഞെടുക്കേണ്ടത്.

അറേബ്യൻ ട്രാവൽ മാർക്കറ്റിൽ നടന്ന ചടങ്ങിൽ എമിറേറ്റ്സ് എയർലൈൻ പ്രസിഡന്റ് ടിം ക്ലാർക്കും ഇത്തിഹാദ് സിഇഒ അന്റൊണാൾഡോ നെവെസ് എന്നിവരുടെ സാന്നിധ്യത്തിൽ എമിറേറ്റ്സ് ചീഫ് കൊമേഴ്സ്യൽ ഓഫിസർ അദ്നാൻ കാസിമും ഇത്തിഹാദ് എയർവെയ്സ് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ മുഹമ്മദ് അൽ ബുലൂകിയും ഒപ്പുവച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.