1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 4, 2022

സ്വന്തം ലേഖകൻ: ഞായറാഴ്ച രാത്രി അന്തരിച്ച പ്രമുഖ വ്യവസായിയും അറ്റ്ലസ് ഗ്രൂപ്പ് ചെയർമാനുമായ അറ്റ്ലസ് രാമചന്ദ്രനു വിടചൊല്ലി ദുബായ്. വൈകിട്ട് 5.30നു (പ്രാദേശിക സമയം) ജബൽ അലി ഹിന്ദു ക്രിമീഷൻ സെന്ററിൽ (ന്യൂ സോനാപ്പൂർ) ആണു സംസ്കാര ചടങ്ങുകൾ നടന്നത്.

ഭാര്യയും മക്കളും അടുത്ത ബന്ധുക്കളും സാമൂഹ്യപ്രവർത്തകരും മാത്രമാണ് ചടങ്ങുകളിൽ സംബന്ധിച്ചത്. മരണശേഷം കോവിഡ് സ്ഥിരീകരിച്ചതിനാൽ ദുബായ് സർക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചാണ് സംസ്കാര ചടങ്ങുകൾ നടന്നത്.

ഹൃദയാഘാതത്തെ തുടർന്നു ഞായർ രാത്രി 10.59 ന് ദുബായ് മൻഖൂൽ ആസ്റ്റർ ആശുപത്രിയിലായിരുന്നു അറ്റ്ലസ് രാമചന്ദ്രന്റെ അന്ത്യം. കരൾ സംബന്ധമായ അസുഖത്തെ തുടർന്നു രണ്ടു ദിവസമായി ദുബായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മരണശേഷം നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു.

2015 ഓഗസ്റ്റ് 23 രാത്രിയില്‍ കലശലായ പുറംവേദനമൂലം വിശ്രമിക്കുമ്പോഴാണ് അറബി വേഷധാരികളായ രണ്ടുപേര്‍ രാമചന്ദ്രനെ തിരക്കി വീട്ടിലെത്തുന്നത്. തുടർന്ന് രണ്ടുമാസത്തെ കസ്റ്റഡി. 2015 നവംബര്‍ 12 ന് ആദ്യ കോടതിവിധി. പിന്നീട് അവീറിലെ ജയിലിലേക്ക്. പിന്നീടങ്ങോട്ട് ജീവിതം കീഴ്‌മേല്‍ മറിയുകയായിരുന്നു.

ജയിലിനകത്ത് അറ്റ്ലസ് രാമചന്ദ്രനെ അടുത്തുകണ്ട മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആദ്യം ഞെട്ടലായിരുന്നു. പിന്നീട് ശാരീരികമായ അസ്വസ്ഥതകള്‍ക്കിടയിലും അവരുടെ സ്‌നേഹവും ഈ മനുഷ്യസ്‌നേഹിയെ പൊതിഞ്ഞു. ജയിലില്‍ ആയിരുന്ന കാലത്തും അതിനുമുന്‍പും ഷുഗറും പ്രഷറുമെല്ലാം രാമചന്ദ്രനെ അലട്ടിയിരുന്നു.

പക്ഷേ അതിനെല്ലാം ജയിലില്‍ കൃത്യമായി മരുന്ന് കിട്ടിയിരുന്നു. സസ്യാഹാരത്തിനോടായിരുന്നു എന്നും പ്രിയം. അവിടെ ചോറ് ലഭിച്ചിരുന്നു എന്നത് വലിയ ആശ്വാസമായിരുന്നു. പിന്നെ വൈകീട്ടത്തെ ചായയും. മനസ്സൊരിക്കലും തളര്‍ന്നിട്ടില്ല. അതിനൊരുകാരണം തന്നെ സ്‌നേഹിക്കുന്ന ജനങ്ങളുടെ പിന്തുണയും പ്രാര്‍ഥനയുമാണെന്ന് അദ്ദേഹം ഇടക്കിടെ പറയുമായിരുന്നു.

അക്കാലത്ത് ആത്മകഥ പകുതിയോളം പൂര്‍ത്തിയാക്കി. ഓര്‍മക്കുറിപ്പുകള്‍ 300 പേജോളം എഴുതിത്തീര്‍ത്തതാണ്. ജനനം മുതലുള്ളവ, അച്ഛനും അമ്മയും പറഞ്ഞുതന്ന സംഭവങ്ങള്‍. അച്ഛന് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു ജോലി. അറ്റ്ലസ് രാമചന്ദ്രനെന്ന വ്യക്തിയുടെ ജാതകത്തില്‍ ജയില്‍വാസമുണ്ടെന്ന് അച്ഛനൊരിക്കല്‍ പറഞ്ഞതായി അദ്ദേഹം ഓര്‍ത്തിരുന്നു.

ജയില്‍മോചിതനാകുന്ന കാലത്ത് എഴുത്ത് എത്തിനിന്നത് കല്യാണം കഴിഞ്ഞുള്ള എസ്.ബി.ടി. യിലെ ജീവിതത്തിലാണ്. ഓര്‍മക്കുറിപ്പുകള്‍ അന്താരാഷ്ട്രതലത്തില്‍ പ്രസിദ്ധീകരിച്ച് ഓഡിയോ ബുക്കാക്കി മാറ്റണം. പല ഭാഷകളില്‍ പ്രസിദ്ധീകരിക്കണം. അതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.