
സ്വന്തം ലേഖകൻ: ബഹുനില കെട്ടിടങ്ങളിൽനിന്നു കുട്ടികൾ വീഴുന്നത് ഇല്ലാതാക്കാൻ നടപടികൾ ശക്തമാക്കി യുഎഇ. അപകടമുണ്ടാകാനുള്ള സാധ്യതകൾ ഇല്ലാതാക്കുന്നതിനൊപ്പം അധിക സുരക്ഷ ഒരുക്കാനും രക്ഷിതാക്കളോട് ആവശ്യപ്പെട്ടു. അനുകൂല കാലാവസ്ഥ ആസ്വദിക്കാൻ ബഹുനില കെട്ടിടങ്ങളുടെ ജനലും ബാൽക്കണിയും തുറന്നിടുന്നതു പതിവാക്കിയ പശ്ചാത്തലത്തിലാണ് അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്.
സുരക്ഷയ്ക്കായി ഇരുമ്പു ദണ്ഡോ കവചമോ സ്ഥാപിക്കാനും അനുമതി നൽകി. എന്നാൽ ഇങ്ങനെ സ്ഥാപിക്കുന്നവ അടിയന്തര ഘട്ടങ്ങളിൽ എളുപ്പത്തിൽ അഴിച്ചുമാറ്റാവുന്ന വിധമായിരിക്കണം. ബാൽക്കണിയിൽ അധികമുള്ള വീട്ടുസാധനങ്ങൾ സൂക്ഷിക്കുന്നത് അപകടത്തിലേക്കു നയിക്കും. 13 വയസ്സുവരെയുള്ള കുട്ടികളുടെ കാര്യത്തിൽ അതീവ ശ്രദ്ധവേണമെന്നും പൊലീസ് പറഞ്ഞു. ബാൽക്കണിയിൽ കുടുംബസമേതം ചെലവഴിച്ച് മുറിയിലേക്കു മടങ്ങുമ്പോൾ കസേരയോ മറ്റോ ഉണ്ടെങ്കിൽ കൊണ്ടുവരാൻ മറക്കരുതെന്നും ഓർമിപ്പിച്ചു.
ജനലിനും ബാൽക്കണിക്കും സമീപം മേശ, കസേര തുടങ്ങിയ ഫർണിച്ചറുകൾ വയ്ക്കാൻ പാടില്ല. ചെറിയ കുട്ടികൾ ഇവയ്ക്കുമുകളിൽ കയറിനിൽക്കാനും അബദ്ധത്തിൽ വീഴാനും സാധ്യതയുണ്ട്. കുട്ടികൾ മാത്രമല്ല മുതിർന്നവർക്കും ഇത്തരം അപകടമുണ്ടാകാം. രക്ഷിതാക്കളുടെ അശ്രദ്ധ മൂലം അപകടമുണ്ടായാൽ ബാല സംരക്ഷണ നിയമപ്രകാരം ഒരു വർഷം തടവോ 5000 ദിർഹം (ഒരു ലക്ഷം രൂപ) പിഴയോ രണ്ടും ചേർത്തോ ആയിരിക്കും ശിക്ഷ. ഇതുസംബന്ധിച്ച് മലയാളം, ഇംഗ്ലിഷ്, ഉർദു, അറബിക് ഭാഷകളിൽ ബോധവൽക്കരണവും ആരംഭിച്ചിട്ടുണ്ട്.
ബാൽക്കണിയിലേക്കു തുറക്കുന്ന കതകിനും ജനലിനും കുട്ടികളുടെ കൈ എത്താത്തവിധം ലോക്ക് ഉണ്ടാക്കണം. കുട്ടികളുടെ കിടക്കയും ക്രിബും ജനാലയ്ക്ക് അടുത്തു സ്ഥാപിക്കരുത്. ബാൽക്കണികളിൽ ഉറപ്പുള്ളതും അടുപ്പം കൂടിയതുമായ ഇരുമ്പുകവചം സ്ഥാപിക്കാം. കുട്ടികളുള്ള വീട്ടിൽ ബാൽക്കണി ഡോർ തുറന്നിടരുത്. വായുവും വെളിച്ചവും കയറാനായുള്ള വലകളുള്ള ഡോർ ഉപയോഗിക്കുമ്പോൾ അവ ഉറപ്പുള്ളതും കുട്ടികൾക്ക് തുറക്കാൻ സാധിക്കാത്തതുമാണെന്ന് ഉറപ്പാക്കണം. ബാൽക്കണിയുടെ ഭിത്തിക്കോ റെയിലിങ്ങിനോ കുറഞ്ഞത് 120 സെന്റീമീറ്റർ ഉയരമുണ്ടാകണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല