1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 15, 2021

സ്വന്തം ലേഖകൻ: യുഎഇയില്‍ മലയാളികള്‍ക്ക് ഭീഷണിയായി സ്വദേശിവത്കരണം. ബാങ്കിങ്, ഇന്‍ഷുറന്‍സ് എന്നീ മേഖലകളില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നത് പരിഗണനയിലുണ്ട്. ഈ മേഖലകളില്‍ യോഗ്യരായ സ്വദേശികളെ നിയമിക്കുന്നത് സംബന്ധിച്ച പഠനം നടത്തി അന്തിമ തീരുമാനം എടുക്കാനാണ് ഖസര്‍ അല്‍ വതനില്‍ നടന്ന സെന്‍ട്രല്‍ ബാങ്ക് യോഗത്തിലെ നിര്‍ദേശം.

സ്വദേശിവത്കരണം ശക്തമായാല്‍ ഈ രംഗത്ത് ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെ വിദേശികള്‍ക്ക് ജോലി നഷ്ടപ്പെടും. രാജ്യത്തെ ബാങ്കുകളുടെ സാമ്പത്തിക സ്ഥിരത നിലനിര്‍ത്താന്‍ സെന്‍ട്രല്‍ ബാങ്ക് കൈക്കൊള്ളുന്ന നടപടികളെ ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയും സെന്‍ട്രല്‍ ബാങ്ക് ചെയര്‍മാനുമായ ഷെയ്ഖ് മന്‍സൂര്‍ സായിദ് അല്‍ നഹ്യാന്‍ പ്രശംസിച്ചു.

അതേസമയം, അടുത്ത വര്‍ഷം ഫെബ്രുവരി രണ്ടു മുതല്‍ നിലവില്‍ വരുന്ന യുഎഇയിലെ പുതിയ തൊഴില്‍ നിയമത്തില്‍ രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍ ലഭിക്കും. അവധികള്‍, മറ്റ് ആനുകൂല്യങ്ങള്‍ തുടങ്ങിയവയുടെ കാര്യത്തില്‍ ഫെഡറല്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിള്‍ ജോലി ചെയ്യുന്നവരും തമ്മില്‍ വ്യത്യാസം ഉണ്ടാവാന്‍ പാടില്ലെന്ന് പുതിയ തൊഴില്‍ നിയമം വ്യവസ്ഥ ചെയ്യുന്നു. മൂന്നു രീതിയിലുള്ള തൊഴില്‍ രീതികള്‍ ഇരുവിഭാഗങ്ങള്‍ക്കും ലഭ്യമാണ്.

2021ലെ 47 നമ്പര്‍ നിയമ പ്രകാരം രാജ്യത്ത് നിശ്ചിത കാലയളവിലേക്കുള്ള തൊഴില്‍ കരാറുകള്‍ മാത്രമേ അംഗീകരിക്കപ്പെടുകയുള്ളൂ. തൊഴില്‍ നിയമനങ്ങളില്‍ വംശത്തിന്റെയോ നിറത്തിന്റെയോ ലിംഗത്തിന്റെയോ മതത്തിന്റെയോ ദേശത്തിന്റെയോ മറ്റോ പേരില്‍ യാതൊരു വിധ വിവേചനവും പാടില്ലെന്നും നിയമം അനുശാസിക്കുന്നു. ഭിന്നശേഷിക്കാരായതിന്റെ പേരിലും തൊഴിലവസരങ്ങള്‍ നിഷേധിക്കാന്‍ പാടില്ല.

നിലവിലെ തൊഴില്‍ നിയമത്തില്‍ 40 ഭേദഗതികള്‍ വരുത്തിക്കൊണ്ടാണ് പുതിയ തൊഴില്‍ നിയമം യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യം അടുത്ത അമ്പത് വര്‍ഷത്തേക്കുള്ള കുതിപ്പിന് തയ്യാറെടുക്കുന്ന വേളയിലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നത്.

രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്ക് തുല്യ അവകാശങ്ങള്‍ നല്‍കുന്നതിലൂടെ യുഎഇയിലെ തൊഴില്‍ കമ്പോളം കാര്യക്ഷമമാക്കുകയാണ് പുതിയ തൊഴില്‍ നിയമ ഭേദഗതികളിലൂടെ ലക്ഷ്യമിടുന്നതെന്ന് മനുഷ്യ വിഭവ ശേഷി മന്ത്രി ഡോ. അബ്ദുല്‍ റഹ്മാന്‍ അല്‍ അവാര്‍ അറിയിച്ചു. രാജ്യത്തേക്ക് മികച്ച തൊഴിലന്വേഷകരെ ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഈ രണ്ട് മേഖലകളിലെ ജോലികളും തമ്മിലുള്ള അന്തരം ഏറെക്കുറെ ഇല്ലാതാവുമെന്നും അദ്ദേഹം അറിയിച്ചു.

ഒരാള്‍ക്ക് ഒന്നിലധികം തൊഴില്‍ രീതികളില്‍ ഒരോ സമയത്ത് ഏര്‍പ്പെടാം. എന്നാല്‍, പരമാവധി പ്രവൃത്തി സമയം ആഴ്ചയില്‍ 48 മണിക്കൂറില്‍ കൂടാന്‍ പാടില്ല. പാര്‍ട്ട് ടൈം തൊഴിള്‍ രീതി പ്രകാരം ഒരു ജീവനക്കാരന് ഒന്നിലധികം തൊഴിലുടമകള്‍ക്ക് കീഴില്‍ നിശ്ചിത സമയം ജോലി എടുക്കാം. തൊഴില്‍ സൈറ്റില്‍ നേരിട്ടോ ഓണ്‍ലൈന്‍ ആയോ ജോലി ചെയ്യാവുന്നതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.