1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 1, 2023

സ്വന്തം ലേഖകൻ: യുഎഇയിൽ സൗജന്യ വൈഫൈ (ഇന്റർനെറ്റ്) ഉപയോഗിച്ച് ഇടപാടുകൾ നടത്തുന്നത് സുരക്ഷിതമല്ലെന്ന് ബാങ്കുകളുടെ മുന്നറിയിപ്പ്. വിമാനത്താവളങ്ങൾ, ഹോട്ടലുകൾ, റസ്റ്ററന്റുകൾ തുടങ്ങി പൊതുസ്ഥലങ്ങളിൽ സൗജന്യ വൈഫൈ ഉപയോഗിക്കുമ്പോൾ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലാണ്.

സൈബർ തട്ടിപ്പുകാർ ഫോണിലും ലാപ്ടോപ്പിലും സൂക്ഷിച്ച വ്യക്തിഗത രഹസ്യവിവരങ്ങൾ ചോർത്തിയേക്കാം. ബാങ്ക് പോലെ അതീവ സുരക്ഷാ ഇടപാടുകൾക്ക് യോജിച്ചതല്ല പൊതു വൈഫൈ. അക്കൗണ്ട് വിവരങ്ങളും രഹസ്യ കോഡും (പാസ് വേഡ്) ചോരാനിടയുണ്ടെന്നും അതുവഴി പണം നഷ്ടപ്പെട്ടേക്കാമെന്നും ബാങ്കുകൾ ഓർമിപ്പിച്ചു.

സൗജന്യ വൈഫൈ സേവനത്തിന്റെ ഉപയോഗം കരുതലോടെയാകണമെന്ന് അബുദാബി ഡിജിറ്റൽ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിരുന്നു. സൈബർ തട്ടിപ്പുകാരുടെ വലയിൽപെട്ട് വിലപ്പെട്ട വിവരങ്ങളും ഉപകരണത്തിന്റെ നിയന്ത്രണവും നഷ്ടപ്പെട്ടേക്കാം. പൊതുസ്ഥലങ്ങളിൽ സ്വന്തം ഡേറ്റാ ഉപയോഗിച്ച് മാത്രം ഓൺലൈൻ ഇടപാടുകൾ നടത്തുന്നതാകും സുരക്ഷിതം.

ഷോപ്പിങ് മാൾ, ജിംനേഷ്യം, കോഫിഷോപ്പ്, ലൈബ്രറി, പബ്ലിക് ട്രാൻസ്പോർട്ട് തുടങ്ങി പൊതുസ്ഥലങ്ങളിൽ ലഭ്യമാകുന്ന വൈഫൈ ഒരേസമയം ആയിരങ്ങളാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ അപകട സാധ്യതയും കൂടുതലാണ്. യൂസർനെയിമും പാസ് വേഡും ഉള്ള പൊതു വൈഫൈ സേവനവും പൂർണ സുരക്ഷിതമാണെന്നു കരുതരുതെന്ന് സൈബർ സുരക്ഷാ വിദഗ്ധനും സൈബർ ഷെൽട്ടർ ഗ്രൂപ്പ് സിഇഒ ഇല്യാസ് കൂളിയങ്കൽ പറ‍ഞ്ഞു.

രഹസ്യ കോഡുകൾ ഇല്ലാത്ത വൈഫൈ ശൃംഖലകളിൽ എത്തുന്ന ഉപഭോക്താക്കളുടെ വിവരങ്ങൾ ഉപയോഗിച്ച് അവർ അറിയാതെ ഇടപാട് നടത്താൻ സൈബർ തട്ടിപ്പുകാർക്ക് സാധിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.