1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 29, 2022

സ്വന്തം ലേഖകൻ: സെല്‍ഫ് ഡ്രൈവ് ഡോട്ട് എഇ (Selfdriv-e.ae) എന്ന കാര്‍ റെന്റല്‍ മൊബൈല്‍ ആപ്പാണ് നിയോസ് എന്ന പുതിയ സേവനവുമായി രംഗത്തെത്തിയിരിക്കുന്നത്. സ്വന്തമായി കാര്‍ വാങ്ങുന്നതിന് പകരം ഒരു വര്‍ഷത്തേക്ക് ബ്രാന്റ് ന്യൂ കാര്‍ സ്വന്തമാക്കാം. ഒരു വര്‍ഷം കഴിഞ്ഞാല്‍ പഴയ കാര്‍ കമ്പനി തിരിച്ചെടുത്ത് ഏറ്റവും പുതിയ മറ്റൊരു ബ്രാന്റ് കാര്‍ നല്‍കും. അടുത്ത വര്‍ഷം അതും മാറ്റാം. ഇങ്ങനെ ഒരു വര്‍ഷത്തിന് ശേഷം ഉടമകളില്‍ നിന്ന് തിരികെ ലഭിക്കുന്ന കാറുകള്‍ ഡീലര്‍മാര്‍ക്ക് തിരിച്ചയക്കുകയാണ് സ്ഥാപനം ചെയ്യുന്നത്. ഡീലര്‍മാര്‍ അത് തങ്ങളുടെ യൂഡ്‌സ് കാര്‍ വിഭാഗത്തിലേക്ക് മാറ്റി വില്‍പ്പന നടത്തുന്നതാണ് രീതി.

ഓരോ മാസത്തേക്കും നിശ്ചിത ഫീസ് ഈടാക്കിയാണ് നിയോസ് സേവന പ്രകാരം കാര്‍ നല്‍കുക. മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന സമയത്തേക്ക് പുതുപുത്തന്‍ ബ്രാന്റ് കാര്‍ വീട്ടിലെത്തിക്കും. എന്നു മാത്രമല്ല, ഉപഭോക്താവിന്റെ പേരില്‍ കാര്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കുകയും ചെയ്യും. പഴയ കാര്‍ മാറുമ്പോള്‍ ലഭിക്കുന്ന പുതിയ കാറും ഇതേപോലെ രജിസ്റ്റര്‍ ചെയ്യും.

വാഹനത്തിന്റെ ഇന്‍ഷൂറന്‍സ്, സര്‍വീസുകള്‍, മെയിന്റനന്‍സ്, സ്‌പെയര്‍പാര്‍ട്ടുകള്‍ മാറ്റല്‍, റോഡ്‌സൈഡ് അസിസ്റ്റന്‍സ് തുടങ്ങിയ സേവനങ്ങള്‍ക്കൊന്നും അധിക തുക ഈടാക്കുകയില്ലെന്നതാണ് ഈ സേവനത്തിന്റെ സവിശേഷത. മാസ ഫീസില്‍ ഇതിന്റെയെല്ലാം ചെലവുകള്‍ ഉള്‍പ്പെടും. ഇരുപത് ശതമാനം ഡൗണ്‍പെയ്‌മെന്റ് പോലുള്ള യാതൊരു ബാധ്യതയുമില്ലാതെ ഒരു വര്‍ഷത്തേക്ക് ബ്രാന്റ് ന്യൂ കാര്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഇതിലൂടെ കൈവരുന്നത്.

പുതിയ ബിഎംഡബ്ല്യു കാറിന് 3,199 ദിര്‍ഹമാണ് ഫീസ് ഈടാക്കുന്നത്. ഫോക്‌സ് വാഗണിന് 2799 ദിര്‍ഹം, ഷെവര്‍ലേക്ക് 2249 ദിര്‍ഹം എന്നിങ്ങനെയാണ് റേറ്റ്. കാറിന്റെ മോഡലുകള്‍ക്ക് അനുസരിച്ച് ഫീസിലും വലിയ അന്തരമുണ്ട്. പുതിയ കാറുകള്‍ സ്വന്തമാക്കാനും വാഹനങ്ങളിലെ പുതിയ സാങ്കേതികവിദ്യകള്‍ അനുഭവിക്കാനും താല്‍പര്യമുള്ള പുതുതലമുറ ഉപഭോക്താക്കള്‍ക്കിടയില്‍ ഏറെ പ്രിയങ്കരമായി തീര്‍ന്നിരിക്കുകയാണ് നിയോസ് സേവനം. കാര്‍ നിര്‍മാണ മേഖലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പുതിയ മാറ്റങ്ങള്‍ അപ്പപ്പോള്‍ അനുഭവിക്കാന്‍ ഇത് വാഹന പ്രേമികള്‍ക്ക് വലിയ ചെലവോ ബാധ്യതകളോ ഇല്ലാതെ അവസരം നല്‍കുന്നുവെന്നതിനാലാണിത്.

വലിയ തുക നല്‍കി സ്വന്തമായി കാര്‍ വാങ്ങാന്‍ ശേഷിയില്ലാത്തവര്‍ക്ക് മികച്ച ബ്രാന്റ് കാറുകള്‍ ഓടിക്കാനുള്ള നല്ല അവസരമാണ് തങ്ങള്‍ ഒരുക്കിയിരിക്കുന്നതെന്ന് സെല്‍ഫ്‌ഡ്രൈവ് ഡോട്ട് എഇയുടെ സ്ഥാപകനും സിഇഒയുമായ സൊഹാം ഷാ പറയുന്നു. യുഎഇയിലെ ഓട്ടോമൊബൈല്‍ നിര്‍മാതാക്കളുമായും കാര്‍ ഡീലര്‍മാരുമായും സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. എല്ലാ വിഭാഗം ആളുകളെയും ആകര്‍ഷിക്കുന്നതിനായി 50 ബ്രാന്റ് കാറുകള്‍ തന്റെ പുതിയ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ 3500 കാറുകളാണ് കമ്പനിയുടെ കൈവശമുള്ളത്. അടുത്ത വര്‍ഷത്തോടെ 5000 കാറുകള്‍ കൂടി വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.