സ്വന്തം ലേഖകൻ: ”പ്രിയപ്പെട്ട ഉപയോക്താവേ, നിങ്ങളുടെ ബാങ്ക് അക്കൗണ്ട് (എടിഎം, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകള്‍) ചില സുരക്ഷാ പ്രശ്നങ്ങൾ കാരണം മരവിപ്പിച്ചേക്കാം. നിങ്ങൾ അക്കൗണ്ട് സംബന്ധമായ വിവരങ്ങൾ ഉറപ്പാക്കിയില്ലെങ്കില്‍ 24 മണിക്കൂറിനകം നടപടിയുണ്ടാകും. ഇതുസംബന്ധമായ എല്ലാ വിവരങ്ങൾക്കും താഴെ കാണുന്ന നമ്പരിൽ ബന്ധപ്പെടുക. നമ്പർ:056…..”– ഇത്തരത്തിലൊരു വാട്സാപ് സന്ദേശം നിങ്ങൾക്ക് യുഎഇ സെൻട്രൽ ബാങ്കിന്റെ പേരിൽ ലഭിച്ചുവെങ്കില്‍ സൂക്ഷിക്കുക, ഇത് തട്ടിപ്പുകാരാണ്. സെൻട്രൽ ബാങ്ക് എന്നല്ല മറ്റു ബാങ്കുകളും വാട്സാപ്പിൽ നിങ്ങൾക്ക് സന്ദേശമോ അറിയിപ്പോ അയക്കുകയില്ല.
ഓൺലൈൻ തട്ടിപ്പുകാർ സെൻട്രൽ ബാങ്കിന്റെ പേരിലും രംഗത്തെത്തിയെന്നാണ് ഈ വാട്സാപ് സന്ദേശം വ്യക്തമാക്കുന്നത്. സെൻട്രൽ ബാങ്കിന്റെ പേരിൽ കമ്യൂണിറ്റി ഗ്രൂപ്പുണ്ടാക്കിയുള്ള സന്ദേശം പലർക്കും ലഭിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ, ഗ്രൂപ്പ് എന്ന പേരേയുള്ളു, അംഗങ്ങളായി മറ്റാരുമുണ്ടായിരിക്കില്ല. സെൻട്രൽ ബാങ്ക് മുൻ ഗവർണറുടെയും ബാങ്ക് മാനേജരാണെന്ന് പറഞ്ഞ് മറ്റൊരു പേരും പി.ഒ ബോക്സും വരെ നൽകി ലെറ്റർ ഹെഡ് ഉണ്ടാക്കിയാണ് സന്ദേശം. ഇത്തരം തട്ടിപ്പുകളെക്കുറിച്ച് അജ്ഞരായവർ ഇതിൽപ്പെ ട്ടുപോകുന്നുണ്ടെന്നാണ് വിവരം.
നേരത്തെ ധനകാര്യ മന്ത്രാലയത്തിന്റെ പേരിൽ വന്ന വാട്സാപ് സന്ദേശം ഇപ്പോൾ പേരു മാറ്റി സെൻട്രൽ ബാങ്ക് ഓഫ് യുഎഇ ഗ്രൂപ്പിന്റെ പേരിലാണ് പ്രചരിക്കുന്നത്. ബാങ്കിന്റെ പേരിലോ സി െഎഡി, സെൻട്രൽ ബാങ്ക് തുടങ്ങിയവയുടെ പേരിലോ സംശയാസ്പദമായ ഫോൺ വിളികളെത്തിയാൽ ജാഗ്രത പുലർത്തുക. എന്തെങ്കിലും സംശയമുണ്ടെങ്കിൽ ബാങ്കുമായി ടോൾ ഫ്രീ നമ്പരിൽ ബന്ധപ്പെടുക എന്നിങ്ങനെ എല്ലാ ബാങ്കുകളും തുടർച്ചയായി തങ്ങളുടെ ഇടപാടുകാർക്ക് മുന്നറിയിപ്പുകൾ അയച്ചുകൊണ്ടിരിക്കുന്നു.
എന്നിട്ടും തട്ടിപ്പിന് ആളുകൾ ഇരയാകുന്നുണ്ട്. സാധാരണഗതിയിൽ ബാങ്കുകൾ ഇ–മെയിൽ ആയി മാത്രമേ സന്ദേശങ്ങൾ അയക്കാറുള്ളൂ. ഒരിക്കലും അവർ ബാങ്ക് വിവരങ്ങൾ ഫോണിലൂടെ ചോദിക്കുകയില്ല. ഇത് ചോദിച്ച് ആരെങ്കിലും ഫോൺ വിളിച്ചാൽ പ്രതികരിക്കരുത്. ഉടൻ ബാങ്കിന്റെ ടോൾ ഫ്രീ നമ്പരിൽ വിളിച്ച് ഉറപ്പാക്കണം.
യുഎഇ ദേശീയ ദിനത്തിന് ആശംസാ പരസ്യം നൽകണമെന്ന് ആവശ്യപ്പെട്ട് ദുബായ് പൊലീസിന്റെ പേരിൽ ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തി മലയാളി വനിതാ സംരംഭകരിൽ നിന്ന് പണം തട്ടിയെടുക്കാന്‍ ശ്രമം നടന്നത് അടുത്തിടെയാണ്. അടുത്തിടെ ദുബായിലെ മലയാളികളടക്കമുള്ള ഡോക്ടർമാരും മറ്റു ആരോഗ്യ പ്രവർത്തകരും കൂട്ടത്തോടെ തട്ടിപ്പിനിരയായിരുന്നു. ഇവരില്‍ പലർക്കും വൻ തുകകളാണ് നഷ്ടമായത്.
യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള നമ്പരുകളിൽ നിന്നാണ് തട്ടിപ്പുകാർ മിക്കപ്പോഴും ഫോൺ വിളിക്കുന്നത്. ഇത് അവിടെ ചെല്ലാതെ തന്നെ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് സാധ്യമാക്കുന്നതാണ്. ഇത്തരം ബാങ്ക് തട്ടിപ്പുകളെക്കുറിച്ച് അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ടിരിക്കുന്നു. പണം കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകത പൊലീസ് ആവർത്തിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല