1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 1, 2022

സ്വന്തം ലേഖകൻ: യുഎഇയിലുള്ള ബിസിനസുകള്‍ നേടുന്ന ലാഭത്തിന് കോര്‍പറേറ്റ് നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനവുമായി യുഎഇ ലാഭത്തിന്റെ ഒന്‍പത് ശതമാനം ഫെഡറല്‍ കോര്‍പറേറ്റ് നികുതിയായി ഈടാക്കാനാണ് ധനകാര്യ മന്ത്രാലയത്തിന്റെ തീരുമാനം. അടുത്ത വര്‍ഷം ജൂണ്‍ ഒന്നു മുതല്‍ നിലവില്‍ പുതിയ നികുതി നിലവില്‍ വരും.

എന്നാല്‍ ചെറുകിട-ഇടത്തരം ബിസിനസുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 3,75,000 ദിര്‍ഹം വരെയുള്ള ലാഭത്തിന് നികുതിയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. തൊഴില്‍, റിയല്‍ എസ്റ്റേറ്റ്, മറ്റ് നിക്ഷേപങ്ങള്‍ എന്നിവയില്‍ നിന്നുള്ള വ്യക്തിഗത വരുമാനത്തിന് കോര്‍പറേറ്റ് നികുതി ബാധകമല്ല. ലൈസന്‍സുള്ളതോ അല്ലാത്തതോ ആയ ബിസിനസില്‍ നിന്നോ മറ്റ് വാണിജ്യ പ്രവര്‍ത്തനങ്ങളില്‍ നിന്നോ അല്ലാതെ വ്യക്തികള്‍ സമ്പാദിക്കുന്ന മറ്റേതെങ്കിലും വരുമാനത്തിനോ പുതിയ നികുതി ബാധകമാവില്ലെന്നും മന്ത്രാലയം അറിയിച്ചു.

ആഗോളതലത്തിലെ മികച്ച രീതികള്‍ രാജ്യത്ത് അനുവര്‍ത്തിക്കുന്നതിന്റെ ഭാഗമായാണ് കോര്‍പറേറ്റ് നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു. അന്താരാഷ്ട്ര തലത്തില്‍ സ്വീകാര്യമായ അക്കൗണ്ടിംഗ് മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി തയാറാക്കിയ സാമ്പത്തിക സ്റ്റേറ്റ്‌മെന്റുകള്‍ പ്രകാരമുള്ള ലാഭത്തിനാണ് കോര്‍പറേറ്റ് നികുതി നല്‍കേണ്ടി വരിക. പ്രകൃതി വിഭവങ്ങള്‍ വേര്‍തിരിച്ചെടുക്കുന്ന ബിസിനസുകള്‍ക്ക് എമിറേറ്റ് തലത്തിലുള്ള കോര്‍പറേറ്റ് നികുതിയായിരിക്കും ബാധകമെന്നും അത് ഒഴികെയുള്ള എല്ലാ ബിസിനസുകള്‍ക്കും വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കും പുതിയ നികുതി ബാധകമായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

സാമ്പത്തിക വര്‍ഷത്തില്‍ ഒരു തവണ മാത്രമാണ് കോര്‍പറേറ്റ് നികുതി ഫയല്‍ ചെയ്യേണ്ടതുള്ളൂ. അല്ലാതെ അഡ്വാന്‍സായി നികുതി നല്‍കുകയോ ഇടക്കാല നികുതി റിട്ടേണുകള്‍ തയ്യാറാക്കുകയോ ചെയ്യേണ്ടതില്ല. നികുതിയില്ലാത്ത സമ്പദ് വ്യവസ്ഥയില്‍ നിന്ന് നികുതി അധിഷ്ഠിത സമ്പദ് വ്യവസ്ഥയിലേക്ക് യുഎഇ മാറുന്നതിന്റെ സൂചനയായാണ് പുതിയ കോര്‍പറേറ്റ് നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനം വിലയിരുത്തപ്പെടുന്നത്. തുടക്കത്തില്‍ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ഇത് വലിയ ഭാരമായി തോന്നിയേക്കാമെങ്കിലും ലോകത്തിന്റെ മറ്റു ഭാഗത്തെന്ന പോലെ യുഎഇയിലും ക്രമേണ ഇത് സാധാരണമായിത്തീരുമെന്നും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

നിലവില്‍ യുഎഇയിലെ ബാങ്കുകള്‍ക്കും ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങള്‍ക്കും മാത്രമാണ് കോര്‍പറേറ്റ് നികുതി ബാധകം. 20 ശതമാനമാണ് ഇവയില്‍ നിന്ന് നികുതി ഈടാക്കുന്നത്. ഓയില്‍, ഗ്യാസ് കമ്പനികള്‍ക്ക് ഓരോ എമിറേറ്റും കോര്‍പറേറ്റ് നികുതി ഈടാക്കുന്നുണ്ട്. പല ഗള്‍ഫ് നാടുകളിലും ഇതിനകം മൂല്യ വര്‍ധിത നികുതി ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും മറ്റു ഗള്‍ഫ് രാജ്യങ്ങളെ പോലെ യുഎഇയും ഇതുവരെ വ്യക്തിഗത വരുമാന നികുതി ഈടാക്കിത്തുടങ്ങിയിട്ടില്ല. സ്വദേശികളുടെ ബിസിനസ് സ്ഥാപനങ്ങളെന്ന പോലെ പ്രവാസികളുടെ ഉടമസ്ഥതയിലുള്ള ബിസിനസ് സ്ഥാപനങ്ങള്‍ക്കും പുതിയ ഫെഡറല്‍ കോര്‍പറേറ്റ് നികുതി ബാധകമാവും. അതേസമയം, നിബന്ധനകള്‍ക്കു വിധേയമായി മാത്രമേ ഫ്രീസോണ്‍ ബിസിനസ് സ്ഥാപനങ്ങളില്‍ നിന്ന് കോര്‍പറേറ്റ് നികുതി ഈടാക്കുകയുള്ളൂ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.