
സ്വന്തം ലേഖകൻ: യുഎഇയിലെ ജനസംഖ്യയുടെ 80 ശതമാനത്തിലേറെ പേർ കോവിഡ് പ്രതിരോധ കുത്തിവെപ്പെടുത്തതായി ആരോഗ്യമേഖലാ വക്താവ് ഡോ.ഫരീദ അൽ ഹൊസാനി പറഞ്ഞു. വാക്സിൻ സ്വീകരിക്കാൻ അർഹരായ 16 വയസ്സിന് മുകളിലുള്ളവരിൽ 81.93 ശതമാനം പേരാണ് കുത്തിവെപ്പെടുത്തത്. 60 വയസ്സും അതിന് മുകളിലുമുള്ള 93 ശതമാനം പേർക്കും വാക്സിൻ ലഭിച്ചു.
അവസാനവർഷ പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്കുവേണ്ട കർശന സുരക്ഷാ മാർഗനിർദേശങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. വിദ്യാർഥികൾ കോവിഡ് നെഗറ്റീവ് പരിശോധനാഫലം ഹാജരാക്കണം. 12 മുതൽ 15 വരെ പ്രായമുള്ളവർക്ക് പ്രതിരോധ കുത്തിവെപ്പെടുക്കുന്ന ആദ്യരാജ്യങ്ങളിൽ യുഎഇയും ഉൾപ്പെട്ടിട്ടുണ്ട്. കുട്ടികൾക്കിടയിൽ വാക്സിൻ കാമ്പയിൻ ഊർജിതമാക്കുമെന്നും അൽ ഹൊസാനി സൂചിപ്പിച്ചു.
അബുദാബിയിൽ ജൂലൈ 1 മുതൽ ക്വാറന്റീൻ ഒഴിവാക്കും. ഇതിനുള്ള തയാറെടുപ്പുകൾ പൂർത്തിയായി വരികയാണെന്ന് സാംസ്കാരിക, ടൂറിസം വിഭാഗം അറിയിച്ചു. രാജ്യാന്തര യാത്രക്കാർക്ക് ജൂലൈ 1 മുതൽ യാത്രാ നടപടികളിൽ ഇളവുണ്ടാകുമെന്നു അബുദാബി മേയ് 16നു പ്രഖ്യാപിച്ചിരുന്നു.
എന്നാൽ ഇന്ത്യ–യുഎഇ യാത്രാ വിലക്കു പിൻവലിക്കുന്ന കാര്യം പിന്നീട് പ്രഖ്യാപിക്കും. നിലവിൽ ഗ്രീൻ പട്ടികയിൽ ഇടംപിടിച്ച 29 രാജ്യക്കാർക്ക് അബുദാബിയിൽ ക്വാറന്റീൻ വേണ്ട. റെഡ് രാജ്യക്കാർക്ക് 10 ദിവസം നിർബന്ധിത ക്വാറന്റീനുണ്ട്. ഇവർ രാജ്യത്തെത്തി 4, 8 ദിവസങ്ങളിൽ പിസിആർ ടെസ്റ്റ് എടുക്കുകയും വേണം.
ദുബായിൽ വാക്സിൻ ഇനി വാട്സാപ്പിലൂടെയും ബുക്ക് ചെയ്യാം. കോവിഡ് വാക്സീൻ എടുക്കാൻ ഇനി വാട്സാപ് വഴിയും ബുക് ചെയ്യാം. 24 മണിക്കൂറും ബുക് ചെയ്യാനാകും. കോൺടാക്ട് ലിസ്റ്റിൽ 800 342 എന്ന നമ്പർ സേവ് ചെയ്തശേഷം ‘Hi’ എന്ന സന്ദേശമയയ്ക്കുക. വാക്സീൻ ബുക്കിങ്ങിനുള്ള ഓപ്ഷൻ ലഭ്യമാകും. തുടർന്ന് മെഡിക്കൽ റെക്കോർഡ് നമ്പർ (എംആർഎൻ) നൽകുക. ഇത് വാട്സാപ് അക്കൗണ്ട് നമ്പരുമായി ലിങ്ക് ചെയ്യുന്നതാണ് അടുത്തഘട്ടം. വേരിഫിക്കേഷൻ കോഡ് ആവശ്യപ്പെട്ടുള്ള സന്ദേശം ലഭിക്കും. ഈ ഘട്ടം കഴിഞ്ഞാൽ ഫൈസർ വാക്സീൻ ലഭ്യമായ കേന്ദ്രങ്ങളുടെ പട്ടികയിൽ നിന്ന് ഏറ്റവും അടുത്തുള്ളത് തിരഞ്ഞെടുക്കുക.
വാക്സിനേഷനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വാട്സാപ്പിലൂടെ അറിയാനാകുമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല