1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 15, 2021

സ്വന്തം ലേഖകൻ: യുഎഇയിൽ സിനോഫാം വാക്സീൻ 2 ഡോസ് എടുത്തവർക്കും വാക്സീൻ പരീക്ഷണത്തിൽ പങ്കാളികളായവർക്കും വിദേശത്തുപോയി മടങ്ങിവന്നാൽ ക്വാറന്റീൻ വേണ്ടെന്ന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം. ഇവർ രാജ്യത്തെത്തിയാൽ പിസിആർ ടെസ്റ്റിനു വിധേയമാകണമെന്നു മാത്രം. ഇവരോടൊപ്പമുള്ള 12–17 വയസ്സുള്ള കുഞ്ഞുങ്ങൾക്ക് 10 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണ്.

ഗ്രീൻ പട്ടികയിലെ രാജ്യങ്ങളിൽനിന്നുള്ള 18 വയസ്സിനു താഴെയുള്ളവർക്ക് പിസിആർ ടെസ്റ്റ്, ക്വാറന്റീൻ നിയമങ്ങൾ പരിഷ്കരിച്ചു. 12 വയസ്സിനു താഴെയുള്ളവർക്കു വിമാനത്താവളത്തിലെ പിസിആർ പരിശോധനയും 10 ദിവസത്തെ ക്വാറന്റീനും സ്മാർട് വാച്ചും വേണ്ട. 12–17 വയസ്സുവരെയുള്ള കുട്ടികൾക്ക് ക്വാറന്റീൻ വേണ്ടെങ്കിലും മുതിർന്നവരെ പോലെ രാജ്യത്ത് എത്തി 6, 12 ദിവസങ്ങളിൽ പിസിആർ ടെസ്റ്റ് നിർബന്ധം.

ചൈന, ഹോങ്കോങ്, ഐൽ ഓഫ് മാൻ, മക്കാകൊ, മൊറീഷ്യസ്, മംഗോളിയ, ന്യൂ കലഡോണിയ, ന്യൂസീലൻഡ്, സാ ന്തോം ആൻഡ് പ്രിൻസിപ്പി, സെന്റ് കിറ്റ്സ് ആൻഡ് നൊവിസ്, തയ്പെയ്, തായ്‌ലൻഡ്, കുവൈത്ത്, ഒമാൻ, സൌദി അറേബ്യ, ഖത്തർ എന്നീ രാജ്യക്കാരാണ് ഗ്രീൻ പട്ടികയിൽ ഇടംപിടിച്ചത്. ഈ രാജ്യക്കാർക്കു യുഎഇയിലെത്തിയാൽ ക്വാറന്റീൻ വേണ്ട. എന്നാൽ യാത്രയ്ക്ക് 96 മണിക്കൂറിനകം എടുത്ത പിസിആർ ടെസ്റ്റ് നിർബന്ധം. പ്രവേശന കവാടത്തിൽ പിസിആർ പരിശോധനയുണ്ടാകും.

വാക്സീൻ എടുക്കാത്തവർക്ക് യാത്രയ്ക്കു 96 മണിക്കൂറിനകം എടുത്ത കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. വിമാനത്താവളത്തിൽ എത്തിയാൽ വീണ്ടും പിസിആർ പരിശോധനയുണ്ടാകും. നെഗറ്റീവ് ഫലം ലഭിക്കുന്നതുവരെ സ്വയം നിരീക്ഷണത്തിൽ കഴിയണം.

ഗ്രീൻപട്ടികയിൽ ഇല്ലാത്ത ഇന്ത്യ ഉൾപ്പെടെ മറ്റു രാജ്യക്കാർക്ക് അബുദാബിയിലേക്കു വരാൻ ഐസിഎ ഗ്രീൻ സിഗ്നൽ നിർബന്ധം. അബുദാബിയിൽ 10 ദിവസം ക്വാറന്റീനുണ്ടാകും. കൂടാതെ തുടർച്ചയായി അബുദാബിയിൽ തങ്ങുന്നവർ 6, 12 ദിവസങ്ങളിൽ പിസിആർ ടെസ്റ്റ് എടുക്കണം. 12–17 വയസ്സിനിടയിലുള്ള കുട്ടികൾക്കും ഇതു ബാധകം. 12നു താഴെയുള്ളവർക്കു പിസിആർ ടെസ്റ്റ് വേണ്ട. 10 ദിവസത്തെ ക്വാറന്റീൻ വേണം. 17 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് സ്മാർട് വാച്ച് വേണ്ട.

കൊവിഡ് വാക്സീൻ വിതരണം ശക്തമാക്കുന്നതിന്റെ ഭാഗമായി അബുദാബിയിലെ ഷോപ്പിങ് മാളുകളിലും കുത്തിവയ്പ്പിന് സൗകര്യമൊരുക്കി. സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെ ആരോഗ്യ സേവന വിഭാഗമായ സേഹയുടെ നേതൃത്വത്തിലാണ് മാളുകളിൽ വാക്സീൻ വിതരണം നടത്തുന്നത്.

മാർച്ചിനകം 50% പേർക്കും വാക്സീൻ സുരക്ഷ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. കഴിഞ്ഞ ദിവസം നഗരത്തിലെയും ഉൾപ്രദേശങ്ങളിലെയും വിവിധ മാളുകളിലായി നടന്ന വാക്സീൻ ക്യാംപെയിനിൽ മലയാളികൾ അടക്കം നൂറുകണക്കിന് പേർ പങ്കെടുത്തു. അൽവഹ്ദ മാൾ, മുഷ്റിഫ് മാൾ, ക്യാപിറ്റൽ മാൾ, മെസ്‌യദ് മാൾ തുടങ്ങിയ മാളുകളിലാണ് വാക്സീൻ വിതരണം നടക്കുന്നത്.

രാവിലെ 10 മുതൽ രാത്രി 9 വരെയാണ് കുത്തിവയ്പ്. മുൻകൂട്ടി ബുക്ക് ചെയ്യാതെ എമിറേറ്റ്സ് ഐഡിയുമായി നേരിട്ടെത്തിയാൽ വാക്സീൻ എടുക്കാം. മരുന്നിനോ ഭക്ഷണത്തിനോ അലർജി ഇല്ലെന്നു ഉറപ്പു വരുത്തിയ ശേഷമേ കുത്തിവയ്ക്കൂ.വാക്സീൻ കാലയളവിൽ ഗർഭധാരണവും പാടില്ല.

യുഎഇയിലെ തടവുകാർക്കും കൊവിഡ് വാക്സീൻ നൽകിത്തുടങ്ങി. ഇതുവരെ 179 പേർ സൗജന്യ കുത്തിവയ്പ് എടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.