
സ്വന്തം ലേഖകൻ: സിനോഫാം കൊവിഡ് വാക്സിൻ വിതരണം ചെയ്യുന്ന ആരോഗ്യകേന്ദ്രങ്ങളുടെ പട്ടിക അധികൃതർ പുറത്തുവിട്ടു. വാക്സിൻ പൊതുജനങ്ങൾക്കായി ഇപ്പോൾ രാജ്യത്തുടനീളം ലഭ്യമാണെന്നും ആരോഗ്യപ്രതിരോധ മന്ത്രാലയം അറിയിച്ചു. വിസ നൽകിയ എമിറേറ്റിലെ കേന്ദ്രങ്ങളിൽ നിന്നാണ് പ്രവാസികൾ കുത്തിവെപ്പെടുക്കേണ്ടത്. സേഹയുടെ 80050 എന്ന നമ്പറിൽ വിളിച്ച് വാക്സിന് അപ്പോയ്ൻമെൻറ് എടുക്കാം. കോവിഡ് നെഗറ്റിവ് ആണെന്ന പരിശോധനഫലവും എമിറേറ്റ്സ് ഐ.ഡിയും ആവശ്യമാണ്.
സിനോഫോം വാക്സിൻ കോവിഡ് പ്രതിരോധത്തിന് 86 ശതമാനം ഫലപ്രദമാണെന്നാണ് യു.എ.ഇ ആരോഗ്യ മന്ത്രാലയത്തിെൻറ വിലയിരുത്തൽ. വാക്സിന് താൽപര്യമുള്ളവർ രജിസ്റ്റർ ചെയ്യണമെന്നറിയിച്ച മന്ത്രാലയം തൊട്ടുപിന്നാലെ കുത്തിവെപ്പിന് സന്നദ്ധരാകുന്നവർക്ക് വാക്സിനെടുക്കാൻ വിവിധ എമിറേറ്റുകളിൽ സൗകര്യവും ഏർപ്പെടുത്തി. അബുദാബി, ദുബൈ, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, ഫുജൈറ എന്നീ എമിറേറ്റുകളിലാണ് വാക്സിനെടുക്കാൻ സൗകര്യമുള്ളത്.
ചൈനീസ് കമ്പനിയായ സിനോഫാം വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിൻ യു.എ.ഇ.യിൽ ഉപയോഗിക്കാൻ കഴിഞ്ഞദിവസമാണ് ഔദ്യോഗിക അംഗീകാരം ലഭിച്ചത്. മാസങ്ങളായി യു.എ.ഇ.യിൽ മൂന്നാംഘട്ട പരീക്ഷണം നടത്തിവന്നിരുന്ന വാക്സിനാണ് സിനോഫാം. വാക്സിന് 86% ഫലപ്രാപ്തിയുണ്ടെന്നാണ് കണ്ടെത്തൽ. വാക്സിൻ, ആന്റിബോഡിയെ നിർവീര്യമാക്കുന്ന സെറോകൺവർഷൻ നിരക്ക് 99 ശതമാനമാണ്. രോഗത്തിന്റെ ഗുരുതരാവസ്ഥ പ്രതിരോധിക്കുന്നതിൽ 100 ശതമാനം ഫലപ്രാപ്തിയും വാക്സിനുണ്ട്. മറ്റ് സുരക്ഷാ പ്രശ്നങ്ങളില്ല. 31,000 സന്നദ്ധപ്രവർത്തകരിലായിരുന്നു പരീക്ഷണം നടത്തിയത്.
കഴിഞ്ഞ ജൂലായിലാണ് മൂന്നാംഘട്ട പരീക്ഷണം തുടങ്ങിയത്. അബുദാബി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനി സിനോഫാം, അബുദാബി ആസ്ഥാനമായ നിർമിതബുദ്ധി സ്ഥാപനം ഗ്രൂപ്പ് 42 എന്നിവർ ചേർന്നാണ് വാക്സിൻ പരീക്ഷണം നടത്തിയത്. അതേസമയം റഷ്യയുടെ സ്ഫുട്‌നിക് 5 വാക്സിൻ മൂന്നാംഘട്ട പരീക്ഷണം അബുദാബിയിൽ ആരംഭിച്ചു. ആദ്യഘട്ടത്തിൽ 500 പേരിലാണ് പരീക്ഷണം.
വാക്‌സിൻ ലഭിക്കുന്ന സ്ഥലങ്ങൾ
അബുദാബി സേഹയുടെ പ്രൈമറി ഹെൽത്ത് സെന്ററുകളിലും ക്ലിനിക്കുകളിലും വി.പി.എസ്. കമ്പനിയുടെ എല്ലാ ശാഖകളിലും, ദുബായ് പാർക്ക് ആൻഡ് റിസോർട്ട് ഫീൽഡ് ഹോസ്പിറ്റൽ, ഷാർജ വാസിത് മെഡിക്കൽ സെന്റർ വൈകീട്ട് നാല് മുതൽ ഒമ്പതുവരെ, അജ്മാൻ അൽ ഹുമൈദിയ സെന്റർ രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് 12.30 വരെയും വൈകീട്ട് അഞ്ചുമുതൽ രാത്രി 8.30 വരെയും, ഉമ്മുൽഖുവൈൻ അൽ ബെയ്ത് മെത് വാഹിത്, ഫുജൈറ മുറാഷീദ് മെഡിക്കൽ സെന്റർ.
കോവിഡ് വാക്സിൻ വിതരണത്തിന് അനുമതി നൽകിയതിന് പിന്നാലെ അബുദാബിയിൽ 20 ടൺ കോവിഡ് വാക്സിൻ എത്തി. ഇത്തിഹാദിെൻറ കാർഗോ വിമാനത്തിൽ അബുദാബി വിമാനത്താവളത്തിലാണ് വാക്സിൻ എത്തിയത്. ഇത് വെയർഹൗസിലെ സ്റ്റോറേജിലേക്ക് മാറ്റി. ചൈനയുടെ സിനോഫോം വാക്സിനാണ് എത്തിയത്. ഇത് ആരോഗ്യ മേഖലയിലെ പ്രധാന നാഴികക്കല്ലാണെന്ന് അബുദാബി ആരോഗ്യ വിഭാഗം ചെയർമാൻ ശൈഖ് അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഹമദ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല