1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 3, 2021

സ്വന്തം ലേഖകൻ: 3 ആഴ്ചത്തെ ശീതകാല അവധിക്കു ശേഷം യുഎഇയിലെ സ്കൂളുകൾ ഇന്നു തുറക്കും. അബുദാബി എമിറേറ്റിലെ എല്ലാ വിദ്യാർഥികൾക്കും 2 ആഴ്ച കൂടി ഇ–ലേണിങ് തുടരാനാണ് നിർദേശം. എന്നാൽ മറ്റു എമിറേറ്റുകളിലെ വിദ്യാർഥികളിൽ നേരിട്ട് പഠിക്കാൻ (ഫെയ്സ് ടു ഫെയ്സ് –എഫ്ടിഎഫ്) റജിസ്റ്റർ ചെയ്തവർക്ക് സ്കൂളിൽ എത്താം.

അല്ലാത്തവർ ഇ–ലേണിങിൽ തുടരും. റാസൽഖൈമയിലെ സ്കൂൾ വിദ്യാർഥികൾ നാളെ മുതലാണു നേരിട്ടെത്തുക. 50% അധ്യാപകരും സ്കൂളിൽ എത്തും. ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, ഫുജൈറ എമിറേറ്റുകളിലെ സ്കൂളിലും രണ്ടാം ടേമിലെ രീതി തുടരാനാണ് തീരുമാനം.

ഇന്ത്യൻ സിലബസിലെ സ്കൂളുകൾ മൂന്നാം പാദത്തിലേക്കും പ്രാദേശിക, വിദേശ സിലബസ് പിന്തുടരുന്ന സ്കൂളുകൾ രണ്ടാം പാദ പഠനച്ചൂടിലേക്കും കടക്കും. ബോർഡ് പരീക്ഷയ്ക്കു തയാറെടുക്കുന്ന എസ്എസ്എൽസി, പ്ലസ് ടു, സിബിഎസ്ഇ 10, 11, 12 വിദ്യാർഥികളിൽ ഭൂരിഭാഗവും നേരിട്ടെത്തി പഠിക്കാനാണ് താൽപര്യം പ്രകടിപ്പിച്ചത്.

5000 വിദ്യാർഥികൾ പഠിക്കുന്ന അബുദാബി ദ് മോഡൽ സ്കൂളിൽ കഴിഞ്ഞ ടേമിൽ വിവിധ ക്ലാസുകളിലായി 70 വിദ്യാർഥികളാണ് നേരിട്ട് പഠിക്കാനെത്തിയത്. ഈ ടേമിൽ കൂടുതൽ പേർ മുന്നോട്ടുവന്നിട്ടുണ്ട്. ബോർഡ് പരീക്ഷയ്ക്കു തയാറെടുക്കുന്ന 10, 12 ഗ്രേഡുകളിൽ പഠിക്കുന്ന 300 കുട്ടികൾ സ്കൂളിൽ നേരിട്ട് എത്തുമെന്നാണ് പ്രതീക്ഷ.

12 വയസ്സിനു മുകളിലുള്ള വിദ്യാർഥികൾക്ക് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. 12നു താഴെയുള്ള വിദ്യാർഥികൾക്ക് സലൈവ (ഉമിനീർ) ടെസ്റ്റ് മതി. സ്കൂളിലും ബസിലും മാസ്ക് ധരിക്കുകയും അകലം പാലിക്കുകയും വേണം. കൈകൾ ഇടയ്ക്കിടെ ശുചിയാക്കണം. കൂട്ടം കൂടരുത്.

ശുചിമുറിയിൽ കൂട്ടത്തോടെ പോകരുത്. ക്ലാസിലെ സീറ്റുകളിൽ മാറി ഇരിക്കരുത്. അനാവശ്യമായി പ്രതലങ്ങളിൽ സ്പർശിക്കരുത്. പഠനോപകരണങ്ങളും ഭക്ഷണപാനീയങ്ങളും പങ്കുവയ്ക്കരുത്. ശരീരോഷ്മാവ് പരിശോധിക്കും. കൂടുതലുള്ളവരെ ഐസലേഷനിലാക്കും. മതിയായ കുട്ടികൾ ഇല്ലാത്ത ദൂരദിക്കുകളിൽ നിന്നുള്ളവർ സ്വന്തം നിലയിൽ സ്കൂളിൽ എത്തണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.