1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 8, 2021

സ്വന്തം ലേഖകൻ: ജിസിസി രാജ്യങ്ങള്‍ക്കിടയിലെ യാത്രകള്‍ കൂടുതല്‍ എളുപ്പമാക്കാന്‍ വേണ്ടി പുതിയ നിയമവുമായി യുഎഇ. അതത് രാജ്യങ്ങളുടെ ഔദ്യോഗിക കോവിഡ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ യുഎഇയില്‍ ഉപയോഗിക്കാം എന്നതാണ് പുതിയ നിയമം. യുഎഇ നാഷണല്‍ ക്രൈസിസ് ആന്റ് എമര്‍ജന്‍സി മാനേജ്‍മെന്റ് അതോരിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. പ്രവാസികള്‍ക്ക് വലിയ രീതിയില്‍ ഉപകാരമാകുന്ന ഒരു തീരുമാനം ആണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

യുഎഇയിലേക്ക് വരുന്നവര്‍ ഇനി മുതല്‍ അല്‍ ഹുസ്‍ന്‍‌ ആപ്പ് ഡൗണ്‍ലേഡ് ചെയ്യേണ്ടതില്ല. കോവിഡ് വാക്സിനേഷന്‍ വിവരങ്ങളും പിസിആര്‍ പരിശോധനയുടെ വിവരങ്ങളും അതാത് ജിസിസി രാജ്യങ്ങളുടെ ആപ്പില്‍ ഉണ്ടായാല്‍ മതിയാകും. ഇത് പരിശോധനയുടെ സമയത്ത് യുഎഇ അധികൃതരെ കാണിച്ചാല്‍ മതി. ജിസിസി രാജ്യങ്ങള്‍ക്കിടയിലെ യാത്രകള്‍ എളുപ്പമാക്കാന്‍ വേണ്ടിയാണ് ഇത്തരത്തിലൊരു പുതിയ നീക്കവുമായി യുഎഇ രംഗത്തെത്തിയിരിക്കുന്നത്.

യുഎഇയുടെ ഗ്രീന്‍ പാസ് സംവിധാനം ഉപയോഗിക്കുന്ന ഏത് സ്ഥലത്തും മറ്റ് ജിസിസി രാജ്യങ്ങളിലെ ആപ്പ് ഉപയോഗിക്കാന്‍ സാധിക്കും. അബുദാബിയില്‍ വാക്സിന്‍ എടുത്തവരെ മാത്രമേ പൊതു സ്ഥലങ്ങളില്‍ പ്രവേശിപ്പിക്കുകയുള്ളു. ഇവിടേയും ജിസിസി രാജ്യങ്ങളിലെ ആപ്പ് ഉപയോഗിക്കാന്‍ സാധിക്കും. വിദേശികള്‍ക്കും, ടൂറിസ്റ്റുകള്‍ക്കും മാത്രമല്ല സ്വദേശികള്‍ക്കും ഈ നിയമം ബാധകമാണ്.

വാക്സിന്‍ സ്വീകരിച്ചവര്‍ ഒരു തവണ പിസിആര്‍ പരിശോധന നടത്തിയാല്‍ ആപ്പില്‍ 30 ദിവസത്തേക്കാണ് ഗ്രീന്‍ സ്റ്റാറ്റ്സ് ആണ് കാണിക്കുക. ബിസിനസ് ആവശ്യങ്ങള്‍ക്കായി മറ്റു ജിസിസി രാജ്യങ്ങളിലേക്ക് ഇടക്കിടെ സഞ്ചരിക്കേണ്ടി വരുന്നവര്‍ക്ക് വളരെ സഹായകരമാകുന്നതാണ് പുതിയ തീരുമാനം.

അതേസമയം, യുഎഇ സുവർണ ജൂബിലിയുടെ ഭാഗമായി പ്രഖ്യാപിച്ച പുതിയ പദ്ധതികളിൽ വിസ മേഖലയില്‍ നിന്ന് കൂടുതല്‍ ഇളവുകള്‍. ഗ്രീൻ വിസക്കും ഫ്രീലാൻസ് വിസക്കും പുറമെ കൂടുതല്‍ പേര്‍ക്ക് ഗോൾഡൻ വിസ നല്‍കാന്‍ ആണ് യുഎഇ ലക്ഷ്യം വെക്കുന്നത്. ആരോഗ്യം, വിദ്യഭ്യാസം, ടെക്നോളജി, എൻജിനീയറിങ്, ബിസിനസ്, സയൻസ്, തുടങ്ങിയ മേഖലയിലെ വിദഗ്തര്‍, സിഇ ഒമാർ എന്നിവര്‍ക്കും ഗോള്‍ഡന്‍ വിസ നല്‍കാന്‍ ആണ് യുഎഇ തീരുമാനിച്ചിരിക്കുന്നത്.

ഗോൾഡൻ വിസ കെെവശമുള്ളവര്‍ക്ക് യുഎഇയിൽ താമസിക്കാനും പഠിക്കാനും ജോലി ചെയ്യാനും സ്പോൺസറുടെ ആവശ്യമില്ല. ഗോൾഡൻ വിസയെ കൂടാതെ സിൽവർ വിസയും യുഎഇ അനുവദിക്കുന്നുണ്ട്. സില്‍വര്‍ വിസയുടെ കാലാവധി അഞ്ച് വർഷമാണ്. സില്‍വര്‍ വിസയുടെ കാലാവധി കഴിഞ്ഞാന്‍ സ്വയം പുതുക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. മലയാളികളടക്കം നിരവധി പേർക്ക് അടുത്തിടെ യുഎഇ ഗോള്‍ഡന്‍ വിസ യുഎഇ നല്‍കിയിരുന്നു.

ബിസിനസ് ആവശ്യങ്ങള്‍ക്കായി ആറു മാസം വരെ യുഎഇയില്‍ കഴിയാനുള്ള അനുമതി, മാതാപിതാക്കളെ സ്പോൺസർ ചെയ്യാനുള്ള അനുമതി എന്നിവ റെസിഡൻസി വിസയില്‍ വരുത്തിയിട്ടുള്ള പുതിയ മാറ്റങ്ങള്‍ ആണ്. മാനുഷിക പരിഗണന അര്‍ഹിക്കുന്നവര്‍ക്ക് ഒരു വർഷം വിസ നീട്ടി നല്‍കും. മാതാപിതാക്കള്‍ക്ക് കുട്ടികളെ 25 വയസുവരെ സ്പോണ്‍സര്‍ ചെയ്യാന്‍ സാധിക്കും എന്നിവയാണ് മറ്റു പ്രത്യേകതകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.