
സ്വന്തം ലേഖകൻ: ദുബൈ, ഷാർജ വിമാനത്താവളങ്ങൾക്ക് പിന്നാലെ അബൂദബിയിലേക്കും ഇന്ത്യൻ യാത്രികർ എത്തി തുടങ്ങി. ആദ്യ ദിനം ആറു വിമാനങ്ങളാണ് ഇന്ത്യയിൽ നിന്നെത്തിയത്. ഇതിൽ കേരളത്തിൽ നിന്നുള്ള വിമാനങ്ങളും ഉൾപ്പെടുന്നു. ആഗസ്റ്റ് അഞ്ച് മുതൽ ദുബൈയിലേക്കും ഷാർജയിലേക്കും വിമാനങ്ങൾ എത്തിയിരുന്നെങ്കിലും അബൂദബിയിലേക്ക് സർവിസ് തുടങ്ങിയിരുന്നില്ല. നിലവിൽ കേരളത്തിൽ നിന്ന് കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്ന് മാത്രമാണ് അബൂദബിയിലേക്ക് സർവിസുള്ളത്. ശനിയാഴ്ച കൊച്ചിയിൽ നിന്നെത്തിയ വിമാനത്തിൽ യാത്രക്കാരുടെ എണ്ണം താരതമ്യേന വളരെ കുറവായിരുന്നു.
ചെന്നൈയിൽ നിന്ന് 4:18ന് എത്തിയ ഇത്തിഹാദ് വിമാനത്തിൽ 95 യാത്രക്കാരാണുണ്ടായിരുന്നത്. 90 യാത്രക്കാർക്ക് ഗൃഹ സമ്പർക്കവിലക്ക് അനുവദിച്ചു. ഈ വിമാനത്തിലെ അഞ്ചു യാത്രക്കാരെ മാത്രമാണ് സ്ഥാപന സമ്പർക്കവിലക്കിലേക്ക് അയച്ചത്. എന്നാൽ 5.14ന് കൊച്ചിയിൽ നിന്നെത്തിയ ഇ.വൈ. 281 വിമാനത്തിലെത്തിയ എല്ലാ യാത്രക്കാരെയും അബൂദബിയിലെ റസീൻ ക്വാറൻറീൻ കോംപ്ലക്സിലേക്ക് മാറ്റി.
മുനിസിപ്പാലിറ്റിയിൽ വാടക കരാർ രജിസ്റ്റർ ചെയ്തവരും തൗതീഖ് താമസ രേഖയിൽ പേരുള്ളവരും പകർപ്പ് ഹാജരാക്കിയെങ്കിലും ക്വാറൻറീനിലേക്ക് മാറ്റുകയായിരുന്നു. പത്തു ദിവസം ഇവർ സ്ഥാപനസമ്പർക്കവിലക്കിൽ കഴിയണം. മുംെബെ, അഹമ്മദാബാദ്, ഡെൽഹി, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് മറ്റു വിമാനങ്ങളിൽ യാത്രക്കാർ എത്തിയത്. ഇന്ത്യയിൽ നിന്നെത്തിയ എല്ലാ യാത്രക്കാർക്കും വിമാനത്താവളത്തിൽ ഹാൻഡ് ബാൻഡ് നൽകി.
രണ്ടര മണിക്കൂറോളം വിമാനത്താവളത്തിനുള്ളിൽ ചെലവഴിച്ച ശേഷമാണ് യാത്രക്കാർ പുറത്തിറങ്ങിയത്.കുടുംബസമേതം എത്തിയ യാത്രക്കാർ ഒഴികെയുള്ളവരെ ബസിലാണ് സ്ഥാപന സമ്പർക്ക വിലക്ക് സെൻററുകളിലേക്ക് കൊണ്ടുപോയത്.
അതിനിടെ മൂന്നര മാസത്തിന് ശേഷം യു.എ.ഇയിലേക്ക് മടങ്ങി വരുന്ന പ്രവാസികളെ പിഴിഞ്ഞ് റാപിഡ് പി.സി.ആർ പരിശോധന. വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നതിന് പിന്നാലെയാണ് റാപിഡ് പി.സി.ആറിനും ഉയർന്ന നിരക്ക് ഈടാക്കുന്നത്. വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാൻ ഇടപെടേണ്ട കേന്ദ്ര സർക്കാറും റാപിഡ് പി.സി.ആർ പരിശോധന നിരക്കിൽ സംസ്ഥാന സർക്കാറും ഇടപെടാത്തതിനാൽ പ്രവാസ ലോകത്ത് പ്രതിഷേധം ശക്തമാണ്.
തിരുവനന്തപുരത്ത് 3400 രൂപയും മറ്റു വിമാനത്താവളങ്ങളിൽ 2490 രൂപയുമാണ് റാപിഡ് പി.സി.ആർ പരിശോധനക്ക് ഈടാക്കുന്നത്. ഇതിനുപുറമെ 48 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ പരിശോധനക്ക് 500 രൂപയും നൽകണം. ഇന്ത്യൻ യാത്രക്കാർക്ക് യു.എ.ഇ വിമാനത്താവളത്തിൽ സൗജന്യ പി.സി.ആർ പരിശോധന നൽകുേമ്പാഴാണ് സ്വന്തം നാട്ടിലെ സർക്കാർ കൊള്ളനിരക്ക് ഈടാക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല