1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 27, 2021

സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കു നേരിട്ടുള്ള യാത്രാ വിലക്ക് ജൂൺ 14ന് ശേഷം പിൻവലിച്ചേക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യയിലെ യുഎഇ സ്ഥാനപതി ഡോ.അഹമദ് അൽ ബന്ന. എങ്കിലും, ഇന്ത്യയിലെ കോവി‍ഡ് വ്യാപന സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമേ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകൂ. കോവിഡ് വ്യാപനം തടയുന്നതിന് ഇന്ത്യൻ ഗവൺമെന്റ് കൈക്കൊള്ളുന്ന നടപടികൾ അനുസരിച്ചായിരിക്കും തീരുമാനം നടപ്പിലാക്കുക.

ഏപ്രിൽ 24ന് അർധരാത്രിയായിരുന്നു ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള യാത്രാ വിലക്ക് യുഎഇ ഏർപ്പെടുത്തിയത്. ഇത് പിന്നീട് അനിശ്ചിതമായി നീട്ടുകയായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം എമിറേറ്റ്സ് വിമാന കമ്പനി സർവീസ് നിരോധനം ജൂൺ 14 വരെ നീട്ടിയതായി അറിയിച്ചിരുന്നു. കോവിഡിന് മുൻപ് ഇന്ത്യയും യുഎഇയും തമ്മിൽ പ്രതിവാരം 1,068 വിമാന സർവീസുകൾ നടത്തിയിരുന്നു.

മറ്റു വിദേശ രാജ്യങ്ങളിലേക്കു പോകുന്ന 50% ഇന്ത്യക്കാരും യുഎഇ വിമാനത്താവളങ്ങളായിരുന്നു ഉപയോഗിച്ചിരുന്നത്. കോവിഡ് കാലത്തും ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമായി തുടരുന്നതായും ഡോ.അൽ ബന്ന പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിൽ ആരോഗ്യ വിദഗ്ധരെയും മെഡിക്കൽ ഉപകരണങ്ങളും മരുന്നും കൈമാറി. യുഎഇയിലെ പ്രധാന ഇടങ്ങൾ ഇന്ത്യയുടെ ത്രിവർണങ്ങളാൽ അലങ്കരിച്ചു.‌

ഇന്ത്യയും യുഎഇയും തമ്മിൽ പ്രതിവർഷം 60 ബില്യൻ യുഎസ് ഡോളറിന്റെ വ്യാപാരമാണ് നടക്കുന്നത്. യുഎഇയുടെ രണ്ടാമത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. യുഎഇ ഇന്ത്യയുടെ ഏറ്റവും വലിയ മൂന്നാമത്തെ വ്യാപാര പങ്കാളിയാണ്. യാത്രാ വിമാന സർവീസ് നിലച്ചപ്പോഴും കാർഗോ വിമാന സർവീസ് തുടർന്നിരുന്നു.

കോവിഡ് വിലക്കുകൾ മാറുന്നതോടെ കൂടുതൽ യാത്രക്കാരെ സ്വീകരിക്കാൻ ഒരുങ്ങുകയാണ് ദുബായ് വിമാനത്താവളം. വിമാനത്താവളത്തിലെ ഫാസ്റ്റ് ട്രാക്ക് ബയോമെട്രിക് പാസ്‌പോർട്ട് നിയന്ത്രണ സംവിധാനത്തിലുടെ യാത്രകാർക്ക് ഒൻപത് സെക്കൻഡിനുള്ളിൽ നടപടികൾ പൂർത്തിയാക്കാൻ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി.

എയർപോർട്ടിലെ ഡിപാർചർ, അറൈവൽ ഭാഗത്തുള്ള 122 സ്മാർട് ഗേറ്റുകളിൽ പുതിയ ബയോമെട്രിക് സംവിധാനം ലഭ്യമാക്കിയിട്ടുണ്ടെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സ് തലവൻ മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തിൽ എവിടെയും സ്പർശിക്കാതെ നടപടികൾ പൂർത്തിയാകാൻ സഹായിക്കുന്ന ഇത്തരത്തിലുള്ള സംവിധാനത്തിലൂടെയുള്ള യാത്ര സഞ്ചാരികളുടെ ആത്മവിശ്വാസം വർധിപ്പിക്കുമെന്നും അൽ മർറി കൂട്ടിച്ചേർത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.