1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 10, 2021

സ്വന്തം ലേഖകൻ: മൂന്ന് രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാരുടെ പ്രവേശനം കൂടി യു.എ.ഇ. താത്‌കാലികമായി നിർത്തി. സാംബിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, യുഗാൺഡ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് ജൂൺ 11 വെള്ളിയാഴ്ച മുതൽ യു.എ.ഇയിലേക്ക് പ്രവേശിക്കാനാവില്ല. അതേസമയം ട്രാൻസിറ്റ്, കാർഗോ വിമാനങ്ങൾ പ്രവർത്തിക്കും. യു.എ.ഇ. പൗരന്മാർ, നയതന്ത്ര പ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, അവരുടെ കുടുംബാംഗങ്ങൾ, യു.എ.ഇ. എംബസികളിലും ദുരിതബാധിത രാജ്യങ്ങളിലും പ്രവർത്തിക്കുന്ന അഡ്മിനിസ്‌ട്രേറ്റർമാർ എന്നിവരെ വിലക്കിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഇന്ത്യക്കാർക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് യു.എ.ഇ. ജൂലായ് ആറുവരെ നീട്ടിയിട്ടുണ്ട്. എന്നാൽ യു.എ.ഇയിൽ നിന്നും ഇന്ത്യയിലേക്ക് വിമാനസർവീസുകളുണ്ട്. യു.എ.ഇക്ക് പുറമേ ഒമാൻ, കുവൈത്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളും ഇന്ത്യക്കാർക്ക് നേരിട്ട് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. താമസവിസക്കാർക്ക് ഖത്തർ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലേക്ക് പ്രവേശിക്കാം.

അതേസമയം യു.എ.ഇയിൽ പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണം 2000-ത്തിന് മുകളിൽത്തന്നെ തുടരുകയാണ്. ആറ്് പേർകൂടി 24 മണിക്കൂറിനിടെ മരണപ്പെടുകയും ചെയ്തു. ആകെ മരണം 1710 ആണ്. 2179 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 2151 പേർ രോഗമുക്തി നേടിയതായും ആരോഗ്യപ്രതിരോധ മന്ത്രാലയം അറിയിച്ചു. യു.എ.ഇയിലെ ആകെ രോഗികൾ 5,89,423 ആണ്. ഇവരിൽ 5,68,828 പേരും രോഗമുക്തി നേടി. നിലവിൽ 18,885 പേർ ചികിത്സയിലുണ്ട്. 2,54,412 പരിശോധനകളിൽനിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ കോവിഡ് പരിശോധന 5.21 കോടിയായി.

യു.എ.ഇ.യിലുടനീളം കോവിഡ് സുരക്ഷാ നിയമങ്ങളിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. എങ്കിലും ഒത്തുചേരലുകൾക്കും പരിപാടികൾക്കും നിയന്ത്രണങ്ങളോടെയാണ് അനുമതിയുള്ളത്. പ്രതിരോധ കുത്തിവെപ്പ് രണ്ട് ഡോസും സ്വീകരിച്ചവർക്കാണ് പൊതുപരിപാടികളിൽ പങ്കെടുക്കാൻ അനുമതി. മുഖാവരണം നിർബന്ധമായും ഉപയോഗിക്കൽ, മതിയായ ശാരീരിക അകലം പാലിക്കൽ, വിവാഹ ഹാളുകൾ, ഹോട്ടലുകൾ, വീട്ടിലെ പാർട്ടികൾ എന്നിവയ്ക്ക് ശേഷിയിൽ കൂടുതൽ പേരെ അനുവദിക്കാതിരിക്കുക തുടങ്ങി നിയന്ത്രണങ്ങളുമുണ്ട്.

കായിക സൗകര്യങ്ങളായ ഫിറ്റ്‌നെസ് സെന്ററുകൾ, ക്ലബ്ബുകൾ, അക്കാദമികൾ എന്നിവിടങ്ങളിലെല്ലാം കോവിഡ് നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അധികൃതർ കർശന പരിശോധനയാണ് നടത്തിവരുന്നത്. ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ 800555 എന്ന നമ്പറിൽ അറിയിക്കാൻ അധികൃതർ അഭ്യർഥിച്ചു.

അനാവശ്യ ഒത്തുചേരലുകൾ ദുബായ്, ഷാർജ, അജ്മാൻ എന്നിവിടങ്ങളിൽ കൂടിവരുന്നതായി റിപ്പോർട്ടുകൾ ഉള്ളതിനാൽ ഒത്തുചേരലുകൾ പരമാവധി ഒഴിവാക്കണമെന്ന് പോലീസ്. നിർദേശങ്ങൾ നൽകിയിട്ടും അവ ലംഘിക്കുന്നതായി ആരോഗ്യ സുരക്ഷാ അധികൃതർ പറഞ്ഞു. സുരക്ഷാ നിർദേശങ്ങൾ തെറ്റിച്ചുകൊണ്ട് വേണ്ടത്ര ശാരീരിക അകലം പാലിക്കാതെയാണ് ഒത്തുചേരലുകൾ ഏറെയും.

ഓരോ എമിറേറ്റിലെയും ദുരന്തനിവാരണ അതോറിറ്റി നിർദേശിക്കുന്ന പ്രകാരമാണ് നിയമലംഘനങ്ങൾക്ക് പിഴ ചുമത്തുന്നത്. അനുവദനീയമായതിലും കൂടുതൽ ആളുകൾ ഒത്തുചേർന്നാൽ 10,000 ദിർഹമാണ് സംഘാടകർക്ക് ഷാർജയിൽ ചുമത്തുന്ന പിഴ. പങ്കെടുക്കുന്ന ഓരോരുത്തരും 5000 ദിർഹം വീതം പിഴ നൽകേണ്ടിവരും. പോലീസ് വിവിധ ഭാഷകളിൽ ബോധവത്‌കരണ പ്രവർത്തനങ്ങൾ നടത്തുന്നതായി ഷാർജ പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സെരി അൽ ഷംസി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.