
സ്വന്തം ലേഖകൻ: യുഎഇ ദേശീയ ദിനം, ക്രിസ്മസ്, പുതുവർഷം എന്നിവയുടെ ഭാഗമായി സ്വകാര്യ പരിപാടികൾ അനുവദിക്കില്ലെന്നു ദേശീയ അത്യാഹിത, ദുരന്ത നിവാരണ സമിതി. അവധി ദിവസങ്ങളിലും ഉത്സവ സമയത്തും കൂട്ടം കൂടുന്നത് ഒഴിവാക്കാനും രോഗപ്പകർച്ച തടയാനുമാണു നിബന്ധനകൾ കടുപ്പിച്ചത്. ആഘോഷങ്ങളിൽ ഹസ്തദാനവും ആലിംഗനവും വേണ്ട. അകലം പാലിച്ചു കൈ വീശി സന്തോഷം പങ്കിടാം.
രോഗപ്പകർച്ച തടയാനും സ്വയം സുരക്ഷിതരാകാനും കൂട്ടംകൂടുന്നതു ഒഴിവാക്കി ആഘോഷം വെർച്വലാക്കാം. സമ്മാനവും ഭക്ഷണവും കൈമാറരുത്. മുൻകൂട്ടി അനുമതി എടുക്കാത്ത പരിപാടികൾ അനുവദിക്കില്ല. ജോലി സ്ഥലത്തെ പാർട്ടികളും റദ്ദാക്കണം. സംഗീതം ഉൾപ്പെടെ ലൈവ് പരിപാടികൾക്കു അനുമതി നിർബന്ധം. 3–4 മണിക്കൂറിൽ കൂടാൻ പാടില്ല. വായുസഞ്ചാരമുള്ള സ്ഥലമാകണം. റജിസ്ട്രേഷൻ നിർബന്ധം.
ഉപയോഗിച്ച ശേഷം നശിപ്പിക്കാവുന്ന പാത്രങ്ങളിൽ മാത്രമേ ഭക്ഷണം വിളമ്പാവൂ. ബുഫെ വേണ്ട. പകർച്ചവ്യാധി രോഗമുള്ളവർ, വയോധികർ, കുട്ടികൾ എന്നിവർ പുറത്തു പോകരുത്. രോഗപ്പകർച്ചയ്ക്കു സാധ്യതയുള്ളതിനാൽ വീട്ടിൽ കഴിയുന്നതാണ് ഉത്തമം.ദേശീയ ദിനത്തിനു അലങ്കാരമാകാം, ആഘോഷം വേണ്ട. പൊതുജന പങ്കാളിത്തം ഇല്ലാതെയാകും ഇത്തവണത്തെ ആഘോഷം. എന്നാൽ ഏഴു എമിറേറ്റുകളിലെയും പരിപാടികൾ തത്സമയം കാണിക്കും. വെടിക്കെട്ടു കാണാനും കൂട്ടം കൂടരുത്.
പരിപാടികൾ ഹോട്ടലിലെ ബാൾ റൂമിലാണെങ്കിൽ 200ഉം വീട്ടിലോ ടെന്റിലോ ആണെങ്കിൽ 30 പേരിലും കൂടാൻ പാടില്ല. ഓരോ മണിക്കൂർ ഇടവിട്ട് സ്ഥലം അണു വിമുക്തമാക്കണം. ഒരു മേശയ്ക്കു ചുറ്റും നാലു പേരിൽ കൂടുതൽ ഇരിക്കരുത്. പൊതുപരിപാടി നടക്കുന്ന സ്ഥലങ്ങളിൽ തെർമൽ സ്കാനർ നിർബന്ധം. പ്രവേശനത്തിനും തിരിച്ചുപോകാനും പ്രത്യേക കവാടങ്ങൾ. ഐസലേഷൻ മുറികളും സജ്ജമാക്കണം. ആരോഗ്യ, സുരക്ഷാ കാര്യങ്ങളിൽ പരിശീലനം നൽകിയ ജീവനക്കാരെ നിയമിക്കണം. മാസ്ക് നിർബന്ധം. 2 മീറ്റർ അകലം പാലിക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല