1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 22, 2021

സ്വന്തം ലേഖകൻ: കോവിഡ് നിയന്ത്രണം ശക്തമാക്കുന്നതിന്റെ ഭാഗമായി നിയമലംഘനങ്ങള്‍ക്കുള്ള പിഴകള്‍ കുത്തനെ വര്‍ധിപ്പിച്ച് യുഎഇ. അറ്റോര്‍ണി ജനറല്‍ ഹമദ് അല്‍ ശംസിയാണ് പുതുക്കിയ ഫൈന്‍ നിരക്കുകള്‍ പ്രഖ്യാപിച്ചത്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പുറപ്പെടുവിച്ച ഉത്തരവ് പുതുക്കിയാണ് പിഴകളുടെയും ശിക്ഷകളുടെയും പുതിയ പട്ടിക പബ്ലിക് പ്രൊസിക്യൂഷന്‍ പുറത്തിറക്കിയത്.

പുതുക്കിയ ഫൈന്‍ പട്ടികയില്‍ ഏറ്റവും വലിയ തുക 50,000 ദിര്‍ഹമാണ്. ഏകദേശം 10 ലക്ഷത്തിലേറെ രൂപ വരും ഇത്. കോവിഡ് പോസിറ്റീവായ വ്യക്തി ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം ആശുപത്രിയിലേക്ക് പോകാന്‍ വിസമ്മതിക്കുകയോ അവിടെയുള്ള നിയന്ത്രണങ്ങള്‍ പാലിക്കാതിരിക്കുകയോ ചെയ്താലാണ് 50,000 ദിര്‍ഹം പിഴ ലഭിക്കുക. അതോടൊപ്പം ആരോഗ്യ മന്ത്രാലയത്തിന്റെ ക്വാറന്റൈന്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കും ക്വാറന്റൈനിലിരിക്കെ കോവിഡ് പരിശോധനകള്‍ നടത്താതിരിക്കുന്നവര്‍ക്കും ഈ ഫൈന്‍ ബാധകമാണ്.

ക്വാറന്റൈന്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നതിന് കളവ് പറയുകയോ വിവരങ്ങള്‍ മറച്ചുവയ്ക്കുകയോ ചെയ്താല്‍ 20,000 ദിര്‍ഹമാണ് (നാലു ലക്ഷത്തിലേറെ രൂപ) പുതിയ പിഴ. വിദേശത്തു നിന്ന് രാജ്യത്ത് എത്തുന്നവരുടെ വിവരങ്ങള്‍ മറച്ചുവച്ചാലും കോവിഡ് പോസിറ്റീവായ ജീവനക്കാരുടെ വിവരം മറച്ചു വച്ചാല്‍ 20,000 ദിര്‍ഹം തന്നെയാണ് പിഴ.

വിദേശത്ത് നിന്നെത്തിച്ച ഗാര്‍ഹിക തൊഴിലാളികളുടെ വിവരം ആരോഗ്യ അധികൃതരെ അറിയിക്കാതിരിക്കുന്നതും അവര്‍ക്ക് ക്വാറന്റൈന്‍ സംവിധാനം ഒരുക്കാതിരിക്കുന്നതും ഇതേശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. നിയമം ലംഘിച്ച് വിവാഹങ്ങള്‍, സംസ്‌ക്കാരച്ചടങ്ങുകള്‍, സെമിനാറുകള്‍ തുടങ്ങിയവ സംഘടിപ്പിക്കുക, സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുക തുടങ്ങിയവയ്ക്കും അര ലക്ഷം ദിര്‍ഹമാണ് പിഴ.

കോവിഡുമായി ബന്ധപ്പെട്ട തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയോ വ്യാജ പ്രചാരണങ്ങള്‍ നടത്തുകയോ ചെയ്താലും പിഴ ഇതു തന്നെ. വാക്‌സിനേഷനെ കുറിച്ച് തെറ്റിദ്ധാരണകള്‍ പരത്തുന്നതും ജനങ്ങളില്‍ അതിനോട് വിമുഖത ഉണ്ടാക്കുന്നതുമായ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതും സാമൂഹിക മാധ്യമങ്ങളിലൂടെ അവ പ്രചരിപ്പിക്കുന്നതും 20,000 ദിര്‍ഹം പിഴ ചുമത്താവുന്ന കുറ്റങ്ങളുടെ കൂട്ടത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കോവിഡ് രോഗികള്‍, അവരുടെ ചികില്‍സ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരസ്യപ്പെടുത്തല്‍, ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് അനുവാദം വാങ്ങാതെ കോവിഡ് ടെസ്റ്റ് നടത്തുന്നവര്‍ക്കും 20,000 ദിര്‍ഹം തന്നെയാണ് പിഴ. ഇത്തരം നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുന്ന പക്ഷം പിഴത്തുക ഇരട്ടിയായി വര്‍ധിക്കുമെന്നും യുഎഇ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

തൊഴിലാളികളുടെ താമസ സ്ഥലങ്ങളുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ക്കും 20,000 ദിര്‍ഹം പിഴ ഈടാക്കാനാണ് തീരുമാനം. ഫ്‌ളാറ്റില്‍ അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ ആളുകളെ താമസിപ്പിക്കുക, ലൈസന്‍സില്ലാത്ത ഇടങ്ങളില്‍ പ്രവാസികള്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തുക തുടങ്ങിയവയും ഈ പരിധിയില്‍ വരും.

കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് യുഎഇ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ അല്‍ഹുസ്ന്‍ ആപ്പ് പോലുള്ളവയില്‍ രജിസ്റ്റര്‍ ചെയ്യാതിരുന്നാലും ക്വാറന്റൈനിലുള്ളവരെ ട്രാക്ക് ചെയ്യുന്നതിനുള്ള ഇട്രാക്കിംഗ് ഉപകരണം കൊണ്ടുനടക്കാതിരുന്നാലും 10,000 ദിര്‍ഹമാണ് പിഴ ചുമത്തുക. ഇതിനായി നല്‍കിയ വള പോലുള്ള ഉപകരണങ്ങള്‍ നഷ്ടപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്താലും ഇതേ ശിക്ഷ നല്‍കും.

ജീവനക്കാര്‍ക്ക് നിശ്ചിത സമയങ്ങളില്‍ പിസിആര്‍ ടെസ്റ്റ് നടത്താതിരിക്കുന്നതും സ്ഥാപനങ്ങളില്‍ ആവശ്യമായ കോവിഡ് പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കാതിരുന്നാലും 10,000 ദിര്‍ഹം പിഴ നല്‍കേണ്ടിവരും. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ 500 ദിര്‍ഹം മുതല്‍ 50,000 ദിര്‍ഹം വരെയുള്ള പിഴയാണ് ഈടാക്കുകയെന്നും പബ്ലിക് പ്രൊസിക്യൂഷന്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.