1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 30, 2021

സ്വന്തം ലേഖകൻ: കോവിഡിന്റെ മോശംകാലം കഴിഞ്ഞെന്ന് യുഎ.ഇയുടെ വിലയിരുത്തല്‍. കോവിഡിന്റെ തീവ്ര പ്രതിസന്ധി ഏറെക്കുറെ അവസാനിച്ചതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പറഞ്ഞു. യുഎഇ മന്ത്രിസഭാ യോഗത്തിലാണ് ശൈഖ് മുഹമ്മദ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡിനെതിരെ ഒറ്റക്കെട്ടായി പോരാടിയ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നായി യുഎഇ മാറിയതിന് ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കിയ പിന്തുണ ചെറുതല്ലെന്നും അദ്ദേഹം പറഞ്ഞു..

രാജ്യത്തെ മെഡിക്കല്‍, ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പന്നങ്ങളുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. കുറിപ്പടി വിതരണം, ഫാര്‍മസ്യൂട്ടിക്കല്‍ സൗകര്യങ്ങള്‍ അടച്ചുപൂട്ടല്‍, ലൈസന്‍സ് റദ്ദാക്കല്‍, ഉല്‍പന്നങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍, മെഡിക്കല്‍ വെയര്‍ഹൗസുകളുടെ സുരക്ഷ തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ക്കാണ് അംഗീകാരം നല്‍കിയത്.

ശൈഖ മനാല്‍ ബിന്‍ത് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്റെ നേതൃത്വത്തിലുള്ള ജെന്‍ഡര്‍ ബാലന്‍സ് കൗണ്‍സില്‍ പുനഃസംഘടനക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. അബൂദബി ഖസ്ര്‍ അല്‍ വതാനില്‍ നടന്ന മന്ത്രിസഭ യോഗത്തില്‍ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനന്റ് ജനറല്‍ ശൈഖ സെയ്ഫ് ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍, ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തിങ്കളാഴ്ച മുതൽ ഇന്ത്യയിൽ നിന്നുള്ളവർക്ക് ഉൾപ്പെടെ ടൂറിസ്റ്റ് വിസയിൽ നേരിട്ട് യുഎഇയിലേയ്ക്ക് പ്രവേശിക്കാമെന്നിരിക്കെ, വൻ തോതിൽ സന്ദർശകരുടെ ഒഴുക്കുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇതിൽ ഇന്ത്യയിൽ നിന്ന് തൊഴിൽതേടിയുള്ള യുവതീയുവാക്കളുടെ വരവാണ് കൂടുതലും ഉണ്ടാവുക. കൂടാതെ, കേരളത്തിലടക്കം കോവിഡ്19 വ്യാപനം ഇപ്പോഴും രൂക്ഷമായിരിക്കെ, പ്രായമായ മാതാപിതാക്കളെയും കുടുംബത്തെയും ബന്ധുക്കളെയുമെല്ലാം സുരക്ഷിത സ്ഥലമായ യുഎഇയിലേയ്ക്ക് കൊണ്ടുവരാനും കാത്തിരിക്കുകയായിരുന്നു.

ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സീനേഷനുകളിൽ ഏതെങ്കിലുമൊന്ന് 2 ഡോസും പൂർത്തിയാക്കിയവർക്കാണ് യുഎഇയിലേയ്ക്ക് നാളെ മുതൽ പ്രവേശനം അനുവദിക്കുക. ഇന്ത്യയിൽ കോവിഷീൽഡ് മാത്രമേ ഇത്തരത്തിൽ അംഗീകരിച്ചിട്ടുള്ളൂ. എന്നാൽ, വാക്സീനേഷൻ 2 ഡോസും പൂർത്തിയാക്കാത്തവരും ഒട്ടേറെ പേരുണ്ട്. ഇവരുടെ യാത്ര വൈകിയേക്കും.

അതേസമയം, നേരത്തെ സന്ദർശക വിസയെടുത്ത് യാത്രാ വിലക്ക് മൂലം യുഎഇയിലേയ്ക്ക് പ്രവേശിക്കാനാകാതെ കാത്തിരിക്കുന്നവരും ഒരുപാടുണ്ട്. ഇവർക്ക് വിസാ കാലാവധി നീട്ടി നൽകുന്നത് സംബന്ധിച്ച് യുഎഇ അധികൃതരുടെ ഭാഗത്ത് നിന്ന് ഇതുവരെ ഉത്തരവുകളൊന്നും പുറത്തിറങ്ങിയിട്ടില്ല. എങ്കിലും, നേരത്തെ താമസ വിസാ കാലാവധി നീട്ടി നൽകിയ പോലെ സന്ദർശക വിസാ കാലാവധിയും നീട്ടിനൽകുമെന്ന പ്രതീക്ഷയും ആളുകൾ വച്ചുപുലർത്തുന്നു. ഇല്ലെങ്കിൽ വിസയുടെ ഫീസ്, വിമാന ടിക്കറ്റ് അടക്കം വൻതുക ഇവർക്ക് നഷ്ടമാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.