
സ്വന്തം ലേഖകൻ: ഫൈസർ വാക്സിൻ 12 മുതൽ 15 വരെ വയസ്സുള്ളവർക്ക് നൽകുമെന്ന് യുഎഇ ആരോഗ്യ – രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. പ്രതിരോധ ശേഷി കൂടുതൽ വർധിപ്പിക്കുന്നതിനുള്ള സിനോഫാം ബൂസ്റ്റർ ഡോസും ഉടൻ ലഭ്യമാക്കും. 12 – 15 പ്രായക്കാർക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പ് ക്യാംപെയിനിൽ പങ്കെടുക്കുന്നതിന് റജിസ്ട്രേഷനും ആരംഭിച്ചിട്ടുണ്ട്. മന്ത്രാലയത്തിൻ്റെ കോവിഡ19 ആപ്ലിക്കേഷനിലൂടെയാണ് റജിസ്റ്റർ ചെയ്യേണ്ടത്.
ഈ പ്രായക്കാർക്ക് ഫൈസർ വാക്സിൻ നൽകാൻ മന്ത്രാലയം കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. യുഎസ് ഫൂഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ് ഡിഎ) അനുമതി നൽകിയ ശേഷം ക്ലിനിക്കൽ പരീക്ഷണങ്ങള്‍ നടത്തി കർശന പരിശോധനകൾക്ക് ശേഷമായിരുന്നു അനുമതി. 12–15 വയസുകാർക്ക് വാക്സിനേഷൻ നൽകാനുള്ള അനുമതിയിലൂടെ സമൂഹത്തിൽ പ്രതിരോധ ശേഷി വർധിപ്പിക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യം. വിദ്യാർഥികൾ അടുത്ത അധ്യയന വർഷം സ്കൂളിലേയ്ക്ക് പ്രവേശിക്കാനൊരുങ്ങുമ്പോൾ കോവിഡ് മുക്തരാകാൻ വാക്സിനേഷൻ അനിവാര്യമാണ്.
ആറ് മാസം മുൻപ് സിനോഫാം വാക്സിൻ സ്വീകരിച്ചവർക്ക് ബൂസ്റ്റർ ഷോട്ടുകൾക്ക് അർഹരാണെന്നും അധികൃതർ വ്യക്തമാക്കി. ബൂസ്റ്റർ വാക്സിനേഷനിലൂടെ മഹാവ്യാധിയിൽ നിന്ന് യുഎഇ ജനതയുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ഹെൽത്ത് സെൻ്റർ ആന്‍ഡ് ക്ലിനിക്സ് വിഭാഗം അസി.അണ്ടർ സെക്രട്ടറി ഡോ.ഹുസൈൻ അബ്ദുൽ റഹ്മാൻ അൽ റണ്ട് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല