
സ്വന്തം ലേഖകൻ: അബുദാബിയിൽ നടക്കുന്ന കൊവിഡ് 19 വാക്സിൻ പരീക്ഷണത്തിൽ പങ്കെടുക്കാൻ മലയാളി നഴ്സുമാരടക്കം കൂടുതൽ പേർ മുന്നോട്ടുവന്നു. വിപിഎസ് ഹെൽത്ത്കെയറിന് കീഴിലുള്ള ഡോക്ടർമാരും നഴ്സുമാരും ആശുപത്രി ജീവനക്കാരും അടക്കമുള്ളവരാണ് യുഎഇയിൽ പുരോഗമിക്കുന്ന സുപ്രധാന പരീക്ഷണത്തിന്റെ ഭാഗമാകാൻ സ്വമേധയാ രംഗത്തെത്തിയത്.
യുഎഇയിലെ പ്രമുഖ ആരോഗ്യ ഗ്രൂപ്പായ വി.പി.എസ് ഹെൽത്ത്കെയറിനു കീഴിലുള്ള ആരോഗ്യ പ്രവർത്തകരാണ് വാക്സിൻ പരീക്ഷണത്തിൽ വളൻറിയർമാരായി പങ്കുചേർന്നത്. ഈദ് അവധിക്കിടെ ആദ്യബാച്ചിൽ 109 ആരോഗ്യപ്രവർത്തകർ പരീക്ഷണത്തിന്റെ ഭാഗമായി വാക്സിൻ സ്വീകരിച്ചു. നിരവധി മലയാളികളും ഇതിൽ ഉൾപ്പെടും.
അബൂദബി നാഷനൽ എക്സിബിഷൻ സെൻററിലൊരുക്കിയ പ്രത്യേക കേന്ദ്രത്തിൽ പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് വാക്സിൻ നൽകിയത്. സിനോഫാം ചൈന നാഷനൽ ബയോടെക് ഗ്രൂപ് വികസിപ്പിച്ചെടുത്ത വാക്സിൻ കൊവിഡിനെതിരെ ഫലപ്രദമാകുമെന്നാണ് ആദ്യ രണ്ടുഘട്ട പരീക്ഷങ്ങൾക്കു ശേഷം പ്രതീക്ഷിക്കപ്പെടുന്നത്. അബൂദബിയിൽ പുരോഗമിക്കുന്ന മൂന്നാംഘട്ട പരീക്ഷണം അബൂദബി ഹെൽത്ത് സർവിസസ് കമ്പനിയും ജി42 കമ്പനിയും സംയുക്തമായാണ് ഏകൊപിപ്പിക്കുന്നത്.
‘4ഹ്യൂമാനിറ്റി’ എന്ന പേരിൽ നടക്കുന്ന വാക്സിൻ പരീക്ഷണത്തിൽ അബൂദബി, മുസഫ, അൽഐൻ മേഖലകളിലെ ലൈഫ്കെയർ, ബുർജീൽ, മെഡിയോർ, ആശുപത്രികളിൽ നിന്നും വി.പി.എസ് മെഡിക്കൽ സെൻററുകളിൽ നിന്നുമുള്ള ആരോഗ്യപ്രവർത്തകരാണ് ഭാഗമായത്. കൊവിഡിനെതിരായ വാക്സിൻ എത്രയും വേഗത്തിൽ ലഭ്യമാകേണ്ടത് അനിവാര്യമാണെന്ന തിരിച്ചറിവിനെ തുടർന്നാണ് ഇവർ വാക്സിൻ പരീക്ഷണത്തിന്റെ ഭാഗമാത്.
ജൂലൈ 16 മുതൽ അബുദാബി ഹെൽത്ത് സർവീസസ് കമ്പനിയുടെ സഹകരണത്തോടെ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടമാണിപ്പോള്‍ നടക്കുന്നത്. പൊതുജനങ്ങളിൽ നിന്ന് ഇപ്പോൾ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പരീക്ഷണത്തിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്ക് അബുദാബി അഡ്നെക്കിലെ കേന്ദ്രത്തിൽ എൻറോൾ ചെയ്യാം. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 8 മുതൽ രാത്രി 8 വരെയാണ് പ്രവൃത്തി സമയം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല