
സ്വന്തം ലേഖകൻ: ദുബായ്, അബുദാബി, ഷാർജ, റാസൽഖൈമ തുടങ്ങി യുഎഇയുടെ കീഴിലുള്ള ഏഴ് എമിറേറ്റുകളുടെയും ഡ്രൈവിംങ് ലൈസൻസിന് യുകെയിൽ അംഗീകാരം, തിയറി പ്രാക്ടിക്കൽ ടെസ്റ്റുകൾ നടത്താതെ തന്നെ ഇനി മുതൽ യുഎഇ ലൈസൻസ് യുകെ ലൈസൻസാക്കി മാറ്റാം. 43 പൗണ്ടാണ് ഇതിനായി യുകെയിലെ ഡ്രൈവർ ആൻഡ് വെഹിക്കിൾ ലൈസൻസിംങ് ഏജൻസി അഥവാ ഡിവിഎൽഎയ്ക്ക് നൽകേണ്ടത്.
ഈ മാസം ഇരുപതു മുതലാണ് പുതിയ തീരുമാനം പ്രാബല്യത്തിലായത്. കോമൺവെൽത്ത് രാജ്യങ്ങളിൽനിന്നും യൂറോപ്യൻ രാജ്യങ്ങളിൽനിന്നും എത്തുന്നവരെപ്പോലെ യുഎഇയിൽനിന്നും എത്തുന്നവർക്കും ഇതുവരെ പരമാവധി ഒരു വർഷം വരെയാണ് അവിടുത്തെ ലൈസൻസ് ഉപയോഗിച്ച് ബ്രിട്ടനിൽ വാഹനമോടിക്കാൻ അനുമതിയുണ്ടായിരുന്നത്. അതിനുള്ളിൽ തിയറി, പ്രക്ടിക്കൽ ടെസ്റ്റുകൾ പാസായി ബ്രിട്ടീഷ് ലൈസൻസ് നേടണമായിരുന്നു.
ടെസ്റ്റുകൾക്കും പ്രാക്ടീസ് ക്ലാസുകൾക്കുമായി ശരാശരി ആയിരം പൗണ്ടിനു മുകളിൽ ഒരാൾക്ക് ചെലവ് വരും. പുതിയ തീരുമാനത്തോടെ 43 പൗണ്ടു മുടക്കി അപേക്ഷ നൽകി യുഎഇ ലൈസൻസ് യുകെ ലൈസൻസ് ആക്കി മാറ്റാനുള്ള അവസരമാണ് പ്രവാസികൾക്ക് ലഭിക്കുന്നത്. യുഎഇയിൽ ഡ്രൈവിംങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ടെസ്റ്റിംങ്ങ് സ്റ്റാന്റേർഡ് ബ്രിട്ടണിലേതിന് തുല്യമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
യുഎഇയ്ക്കു പുറമെ തായ്വാൻ, ഉക്രെയിൻ, റിപ്പബ്ലിക്ക് ഓഫ് നോർത്ത് മാസിഡോണിയ എന്നീ രാജ്യങ്ങളിലെ ലൈസൻസും സമാനമായി രീതിയിൽ ചെറിയ തുക ഫീസടച്ച് ഇനി ബ്രിട്ടീഷ് ലൈസൻസാക്കി മാറ്റാം. ഓസ്ട്രേലിയ, സൗത്ത് ആഫ്രിക്ക, സിംഗപ്പൂർ, ജപ്പാൻ തുടങ്ങി 18 രാജ്യങ്ങളിലെ ലൈസൻസ് നിലവിൽ ഇത്തരത്തിൽ മാറ്റിയെടുക്കാൻ അനുമതിയുണ്ടായിരുന്നു. അതിനൊപ്പമാണ് ഇപ്പോൾ യുഎഇ ഉൾപ്പെടെ നാലു രാജ്യങ്ങളെക്കൂടി കൂട്ടിച്ചേർത്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല