1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 12, 2022

സ്വന്തം ലേഖകൻ: ഗ്രാമീണ മേഖലകൾ വിനോദസഞ്ചാര കേന്ദ്രങ്ങളായി വികസിപ്പിക്കാനുള്ള വൻ പദ്ധതിയുമായി ദുബായ്. ഓരോ പ്രദേശത്തിന്റെയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുടെ അടിസ്ഥാനത്തിൽ ഹരിത, സാംസ്കാരിക, വിനോദസഞ്ചാര പദ്ധതികൾക്കു രൂപം നൽകും. അൽ ഫഖ, അൽ ലുസൈലി, അൽ ഹബാബ്, അൽ മർമൂം, അൽ അവീർ, മർഗ്ഹം തുടങ്ങിയ മേഖലകൾ ഇതിൽ ഉൾപ്പെടുന്നു.

ഇതോടനുബന്ധിച്ചുള്ള സംരംഭങ്ങളിൽ ഒട്ടേറെ തൊഴിവസരങ്ങളുണ്ടാകും. ഡിജിറ്റൽ മുന്നേറ്റത്തിനൊപ്പം സാമ്പത്തിക വളർച്ച ലക്ഷ്യമിട്ടുള്ള വൈവിധ്യവൽക്കരണ പദ്ധതികൾക്കും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന ദുബായ് കൗൺസിൽ യോഗം അംഗീകാരം നൽകി.

എമിറേറ്റിന്റെ വിവിധ മേഖലകളിൽ താമസകേന്ദ്രങ്ങൾ നിർമിക്കാനും തീരുമാനിച്ചു. ആദ്യ ഘട്ടത്തിൽ അൽ ഖവനീജ്, ബർഷ, അൽ മിസ്ഹർ, ഹത്ത എന്നിവിടങ്ങളിലാണ് പദ്ധതികൾ. കൂടുതൽ പദ്ധതികൾ ഒരുമാസത്തിനകം പ്രഖ്യാപിക്കും. കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള സംരംഭങ്ങൾക്ക് കൂടുതൽ വിപണികൾ കണ്ടെത്താൻ സഹായം നൽകും. ഭാവി പദ്ധതികൾക്ക് രൂപം നൽകാനും സംരംഭകർക്ക് വഴികാട്ടാനും വിദേശ സർവകലാശാലകളുടെ സഹകരണത്തോടെ സാമ്പത്തിക ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് നേരത്തേ സ്ഥാപിച്ചിരുന്നു.

പദ്ധതികളുടെ മേൽനോട്ടത്തിനും വിവിധ വകുപ്പുകളുടെ ഏകോപനത്തിനും ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അധ്യക്ഷനായുള്ള ഉന്നത സമിതിക്കു രൂപം നൽകി. പ്രവർത്തന മേഖലകൾ വിപുലമാക്കി ദുബായ് മുനിസിപ്പാലിറ്റി, ദുബായ് ലാൻഡ് ഡിപ്പാർട്മെന്റ് എന്നിവ പുനഃസംഘടിപ്പിച്ചു. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, യുഎഇ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയും ദുബായ് ഉപഭരണാധികാരിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടങ്ങിയവരും പങ്കെടുത്തു.

ജോലി ചെയ്യാനും താമസിക്കാനും നിക്ഷേപ പദ്ധതികൾ തുടങ്ങാനും ലോകത്തെ ഏറ്റവും മികച്ച നഗരമാക്കി ദുബായിയെ മാറ്റുകയും താമസക്കാരുടെയും സന്ദർശകരുടെയും ഉൾപ്പെടെ ക്ഷേമം ഉറപ്പാക്കുകയും ചെയ്യുമെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, സമ്പദ്ഘടനയുടെ വളർച്ച ത്വരിതപ്പെടുത്തുക, വരുമാനം വർധിപ്പിക്കുക, ജീവിതനിലവാരം ഉയർത്തുക, ഭാവിയിലെ വെല്ലുവിളികൾ നേരിടാൻ പൂർണ സജ്ജമാകുക തുടങ്ങിയ ലക്ഷ്യങ്ങൾക്ക് വിവിധ വകുപ്പുകളുടെ പ്രവർത്തനഘടന സമഗ്രമായി നവീകരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.