
സ്വന്തം ലേഖകൻ: യുഎഇയിൽ നിലനിന്നിരുന്ന പ്രവേശന നിയന്ത്രണങ്ങൾ നീക്കം ചെയ്തതായി അധികൃതർ അറിയിച്ചു. വീസകൾ വീണ്ടും അനുവദിച്ചു തുടങ്ങിയതായും എന്നാല്‍, വർക് പെർമിറ്റ് തൽക്കാലം അനുവദിക്കില്ലെന്നും ഫെഡറൽ അതോറിറ്റി ഫോർ െഎഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (എഫ്എ െഎസി) പറഞ്ഞു.
കൊവിഡ്–19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തന്നെ യുഎഇ വിനോദസഞ്ചാര–സാമ്പത്തിക മേഖലകളെ വീണ്ടും ഉണർത്തുക എന്ന ലക്ഷ്യത്തോടെയാണ് വീണ്ടും വീസ അനുവദിച്ചു തുടങ്ങിയതെന്നു ദേശീയ മാധ്യമ ഏജൻസിയായ വാം റിപ്പോർട്ട് ചെയ്തു.
ലോക് ഡൗണിനെ തുടർന്ന് മാര്‍ച്ച് 17നായിരുന്നു എഫ്എെഎസി ഡിപ്ലോമാറ്റിക് പാസ്പോർട്ടുള്ളവർക്ക് ഒഴികെ എല്ലാ വീസകളും നിർത്തലാക്കിയത്. എന്നാൽ, സന്ദർശക വീസ അടുത്തിടെ പുനരാരംഭിച്ചിരുന്നു.
അതേസമയം രാജ്യത്ത് ചൂടു കുറഞ്ഞതോടെ ബീച്ചുകളിലും മറ്റു പൊതുസ്ഥലങ്ങളിലും തിരക്കു കൂടി. വൈകുന്നേരങ്ങളിലും വാരാന്ത്യങ്ങളിലും വൻ തിരക്ക് അനുഭവപ്പെടുന്നതിനാൽ പൊലീസ് നിരീക്ഷണം ശക്തമാക്കി.
നിയമലംഘനങ്ങളും അപകടങ്ങളും കണ്ടെത്താൻ ഡ്രോണുകളുടെ സേവനവും ഉപയോഗിക്കുന്നുണ്ട്. കൊവിഡ് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനു പുറമേ കടലിൽ ഇറങ്ങുന്നവരുടെ സുരക്ഷ ഉറപ്പുവരുത്താനും വിപുല സംവിധാനങ്ങളൊരുക്കി.
ബീച്ചുകളിൽ കൊവിഡ് മാർഗനിർദേശങ്ങൾ പാലിക്കാതിരുന്ന 721 പേർക്കു പൊലീസ് പിഴ ചുമത്തി. മാർച്ച് മുതൽ ഈ മാസം 20വരെയുള്ള കണക്കാണിത്. 3,000 ദിർഹമാണു പിഴ. വഴി യാത്രക്കാരെയടക്കം സൂക്ഷ്മായി പൊലീസ് നിരീക്ഷിക്കുന്നുണ്ട്.
മാസ്ക് ധരിക്കാതിരിക്കുകയോ മൂക്കും വായും മറയ്ക്കാതിരിക്കുകയോ ചെയ്താൽ നടപടിയുണ്ടാകും. ഹത്ത, ഹംറിയ, ദെയ്റ തുറമുഖ മേഖല, ദുബായ് ക്രീക്, ഫ്ലോട്ടിങ് ബ്രിഡ്ജ്, ജുമൈറ, ഐൻ ദുബായ്, ജുമൈറ ബീച്ച് റസിഡൻസ് എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല