സ്വന്തം ലേഖകൻ: യുഎഇ റസിഡൻസ് വീസ, എമിറേറ്റ്സ് ഐഡി എന്നിവയുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്സ് സെക്യൂരിറ്റി (ഐസിപി). നിയമലംഘനത്തിന്റെ തോത് അനുസരിച്ച് 20 ദിർഹം (451 രൂപ) മുതൽ 20,000 ദിർഹം (4.51 ലക്ഷം രൂപ) പിഴ ചുമത്തുമെന്നും വ്യക്തമാക്കി. 2023 ജനുവരിക്കും ഒക്‌ടോബറിനും ഇടയിൽ 51.21 ലക്ഷം റസിഡൻസ് പെർമിറ്റ് നൽകുകയോ പുതുക്കുകയോ ചെയ്തിട്ടുണ്ട്.
2022 ഇതേ കാലയളവിൽ 16.07 ലക്ഷം പുതിയ വീസ നൽകിയപ്പോൾ 35.13 ലക്ഷം വീസകൾ പുതുക്കി. പ്രവർത്തിക്കാത്ത കമ്പനിയുടെ പേരിൽ വീസ എടുക്കുന്നവർക്ക് 20,000 ദിർഹമാണ് പിഴ. ഐസിപി ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തുക, ഇടപാടുകൾ പൂർത്തിയാക്കാൻ ജീവനക്കാരുമായി സഹകരിക്കാതിരിക്കുക, സേവനത്തിനുള്ള പണം അടയ്ക്കാതിരിക്കുക എന്നീ കുറ്റങ്ങൾക്ക് 5000 ദിർഹം വീതം പിഴ ചുമത്തും.
കമ്പനി പ്രതിനിധി (പിആർഒ) അല്ലാതെ സ്ഥാപനത്തിന്റെ സേവനത്തിനായി മറ്റൊരാൾ ഐസിപിയെ സമീപിക്കുക, കമ്പനി ഇ–ദിർഹം കാർഡുവഴി കമ്പനിയുടേതല്ലാത്ത മറ്റൊരു ഇടപാടിന്റെ പണം അടയ്ക്കുക, ഇടപാടുകൾക്കായി ഐസിപിയിലെത്തുമ്പോൾ പിആർഒ കാർഡ് കാണിക്കാതിരിക്കുക, പിആർഒ കാർഡിന്റെ കാലാവധി തീരുക, സേവന കേന്ദ്രങ്ങളുടെ നിയമം ലംഘിക്കുക, വ്യക്തിഗത ഉറപ്പ് പാലിക്കാതിരിക്കുക എന്നീ കുറ്റകൃത്യങ്ങൾക്ക് 500 ദിർഹം പിഴയുണ്ട്.
തെറ്റായ വിവരം നൽകുന്ന വ്യക്തിക്ക് 3,000 ദിർഹമാണ് പിഴ. എമിറേറ്റ്‌സ് ഐഡി കാർഡ് കാലാവധി തീർന്ന ദിവസം മുതൽ 30 ദിവസത്തിനകം പുതുക്കാത്തവർക്ക് ദിവസേന 20 ദിർഹം പിഴ ചുമത്തും. ഈയിനത്തിൽ പരമാവധി 1,000 ദിർഹം പിഴ ഈടാക്കും. രാജ്യംവിട്ട ശേഷം എമിറേറ്റ്സ് ഐഡി കാലാവധി തീരുകയും 3 മാസത്തിലധികം രാജ്യത്തിനു പുറത്തുനിൽക്കുകയും ചെയ്തവർക്ക് പിഴയിൽ ഇളവുണ്ട്. നാടുകടത്തപ്പെട്ടയാളുടെയും നിയമപരമായ കാരണങ്ങളാൽ പാസ്പോർട്ട് പിടിച്ചുവയ്ക്കപ്പെട്ടവരുടെയും കേസിലും യുഎഇ പൗരത്വ നടപടികൾക്കിടെയും എമിറേറ്റ്സ് ഐഡി കാലഹരണപ്പെട്ടാൽ ഇളവ് ലഭിക്കും. ഇതിനു മതിയായ രേഖകൾ സമർപ്പിക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല