1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 30, 2023

സ്വന്തം ലേഖകൻ: സ്വദേശിവത്കരണം നടപ്പാക്കിയതോടെ രാജ്യത്തെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന യുഎഇക്കാരുടെ എണ്ണം 84,000 ആയി ഉയര്‍ന്നു. രാജ്യത്തെ 95 ശതമാനത്തിലധികം സ്വകാര്യ കമ്പനികളും എമിറേറ്റൈസേഷന്‍ നിയമങ്ങള്‍ വിജയകരമായി നടപ്പിലാക്കിയെന്നും ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം (MoHRE) വെളിപ്പെടുത്തി.

2022 മധ്യത്തില്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം എമിറേറ്റൈസേഷന്‍ നിയമങ്ങള്‍ ലംഘിച്ചതിന് 894 കമ്പനികള്‍ക്ക് പിഴ ചുമത്തി. സ്വദേശി ജോലിക്കാരെ നിയമിക്കണമെന്ന നിയമം മറികടക്കുന്നതിന് വ്യാജമായി 1,267 പേരെ ജീവനക്കാരുടെ പട്ടികയില്‍ ചേര്‍ത്തതായും കണ്ടെത്തി. വ്യാജ എമിറേറ്റൈസേഷന്‍ കേസുകളില്‍ ഉള്‍പ്പെട്ട എമിറാത്തികളുടെ സാമ്പത്തിക ആനുകൂല്യങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. അവര്‍ക്ക് മുമ്പ് നല്‍കിയ ആനുകൂല്യങ്ങള്‍ തിരിച്ചുപിടിക്കുമെന്നും മന്ത്രാലയം എക്സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു.

സ്വദേശിവത്കരണ നിയമം ലംഘിച്ച കമ്പനികള്‍ക്ക് 20,000 ദിര്‍ഹം മുതല്‍ 100,000 ദിര്‍ഹം വരെയാണ് പിഴ ചുമത്തിയത്. നിയമലംഘനത്തിന്റെ തീവ്രത കണക്കിലെടുത്ത് കമ്പനികളെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തു. കമ്പനികളെ തരംതാഴ്ത്തുകയും ചെയ്തു. എമിറേറ്റൈസേഷന്റെ പേരില്‍ അനുവദിച്ച സാമ്പത്തിക സഹായങ്ങള്‍ തിരികെ നല്‍കുകയും മുമ്പ് കൈവരിക്കാത്ത സ്വദേശിവത്കരണ തോത് നികത്തുകയും വേണം.

സ്വകാര്യമേഖലയില്‍ യുഎഇ പൗരന്മാരുടെ തൊഴില്‍ വര്‍ധിപ്പിക്കുന്നതിനായി യുഎഇ സര്‍ക്കാര്‍ ആരംഭിച്ച എമിറേറ്റൈസേഷന്‍ പദ്ധതിയില്‍ ഫ്രീ സോണ്‍ കമ്പനികളെ മാത്രമാണ് ഒഴിവാക്കിയിട്ടുള്ളത്. സ്വദേശിവത്കരണത്തിന്റെ പുതിയ അനുപാതം പാലിക്കാന്‍ ഈ വര്‍ഷം അവസാനം വരെ സമയംനല്‍കിയിട്ടുണ്ട്. വരുന്ന ഡിസംബര്‍ 31നകം ലക്ഷ്യങ്ങള്‍ കൈവരിക്കണമെന്ന് മന്ത്രാലയം ഓര്‍മിപ്പിച്ചു.

നിശ്ചിത പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ നാല് ശതമാനവും 2024 ഓടെ ആറ് ശതമാനവും സ്വദേശികളെ നിയമിക്കണം. 2025ല്‍ എട്ട് ശതമാനവും 2026ഓടെ ആകെ ജീവനക്കാരില്‍ 10 ശതമാനവും സ്വദേശികള്‍ ആയിരിക്കണമെന്നാണ് നിബന്ധന.

20 മുതല്‍ 49 വരെ ജീവനക്കാരുള്ള കമ്പനികള്‍ 2024 ഓടെ ഒരു യുഎഇ പൗരനെയെങ്കിലും ജോലിക്കെടുക്കണം. 2025 ഓടെ രണ്ടാമതൊരു പൗരനെയും നിയമിക്കേണ്ടതുണ്ട്. റിയല്‍ എസ്റ്റേറ്റ്, വിദ്യാഭ്യാസം, നിര്‍മാണം, ആരോഗ്യ സംരക്ഷണം എന്നിവയുള്‍പ്പെടെ 14 മേഖലകളിലെ സ്വകാര്യ ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്കാണ് ഇത് ബാധകം. 18,000ലധികം സ്വകാര്യ സംരംഭങ്ങള്‍ ഇപ്പോള്‍ ഇമാറാത്തികളെ നിയമിച്ചതായി എമിറേറ്റ്‌സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.