1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 7, 2021

സ്വന്തം ലേഖകൻ: പ്രവാസി കുടുംബങ്ങളുടെ വരവ് കൂടിയതോടെ യുഎഇയിൽ ഫാമിലി ഫ്ലാറ്റുകൾക്കു ഡിമാൻഡ്. കോവിഡ് നിയന്ത്രണങ്ങൾ മൂലം നാട്ടിലേക്കു പോകാൻ സാധിക്കാത്തവർ കുടുംബത്തെ യുഎഇയിലെത്തിക്കുന്ന പ്രവണത വർധിച്ചതാണ് ഡിമാൻഡും വിലയും കൂടാൻ കാരണം. ജോലി നഷ്ടപ്പെട്ടും മറ്റും പല കുടുംബങ്ങളും നാട്ടിലേക്കു മടങ്ങിയതോടെ താമസിക്കാൻ ആളില്ലാതെ വിവിധ എമിറേറ്റുകളിൽ കെട്ടിട വാടക കുറഞ്ഞിരുന്നു.

എന്നാൽ കുടുംബമായി താമസിക്കുന്ന പ്രദേശങ്ങളിൽ വാടക കുറയ്ക്കാത്ത കെട്ടിട ഉടമകളുമുണ്ട്. ഇതിനിടെ വർഷങ്ങളായി യുഎഇയിൽ തനിച്ചു താമസിക്കുന്നവർ കോവിഡ് യാത്രാ നിയന്ത്രണം മൂലം നാട്ടിലേക്കു പോകാൻ സാധിക്കാത്തതിനാൽ കുടുംബത്തെ യുഎഇയിലേക്കു കൊണ്ടുവരികയായിരുന്നു. ഭൂരിഭാഗം പേരും ഹ്രസ്വകാല സന്ദർശക വീസയ്ക്കാണു കൊണ്ടു വരുന്നത്.

ഇത് ഷെയറിങ് അക്കോമഡേഷനു ഡിമാൻഡ് കൂട്ടി. ഷെയറിങ് കിട്ടാതായതോടെ രണ്ടും മൂന്നും കുടുംബങ്ങൾ ചേർന്നു ഫ്ലാറ്റുകൾ എടുത്തും താമസിച്ചുവരുന്നു. സ്ഥിര താമസത്തിനു വരുന്നവർ ഫ്ലാറ്റെടുക്കുകയാണ് ചെയ്യുന്നത്. സ്റ്റുഡിയോ, വൺബെഡ്റൂം ഫ്ലാറ്റുകൾക്കാണ് ആവശ്യക്കാർ കൂടിയത്. അബുദാബിയിൽ കുടുംബങ്ങൾ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളായ മുസഫ ഷാബിയ, ഖലീഫ സിറ്റി, മുഹമ്മദ് ബിൻ സായിദ് സിറ്റി, ബനിയാസ് എന്നിവിടങ്ങളിലാണ് ഹ്രസ്വകാല താമസത്തിന് ആവശ്യക്കാർ കൂടിയത്.

കുട്ടികൾക്ക് ഓൺലൈൻ ക്ലാസായതും യാത്രാ തടസ്സം നീക്കി. എവിടെയിരുന്നും ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാമെന്നത് വിദേശത്തേക്കുള്ള പ്രവാസി കുടുംബങ്ങളുടെ വരവ് നേരത്തെയാക്കി. ഡിസംബർ 15 മുതൽ കുടുംബങ്ങളോടൊപ്പം എത്തുന്ന 18 വയസ്സിനു താഴെയുള്ള കുട്ടികൾക്കു സൗജന്യ വീസ ലഭിക്കുന്നതും കുടുംബത്തെ കൊണ്ടു വരാൻ പ്രേരണയായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.